
തേഡ് പാര്‍ട്ടി ഇൻഷ്വറന്‍സ് പ്രീമിയം 25% കൂടും
Freepik.com
കൊച്ചി: വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇൻഷ്വറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചേക്കും. ഇൻഷ്വറന്‍സ് കമ്പനികളുടെ നഷ്ടാനുപാതവും ചെലവുകളും പരിഗണിച്ച് പ്രീമിയത്തില്‍ 18 മുതല്‍ 25 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നാണ് സൂചന.
ഇൻഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അഥോറിറ്റി ഒഫ് ഇന്ത്യ (ഐആര്‍ഡിഎഐ) നല്‍കിയ ശുപാര്‍ശകളോടപ്പം പ്രീമിയം വര്‍ധനവും കേന്ദ്ര ഗതാഗത മന്ത്രാലയം പരിശോധിക്കുകയാണ്. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം മന്ത്രാലയം തീരുമാനമെടുത്തേക്കും. പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിന് കരട് വിജ്ഞാപനം പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.
തേഡ് പാര്‍ട്ടി ഇൻഷ്വറന്‍സ് പ്രീമിയം അവസാനമായി വർധിപ്പിക്കുന്നത് നാലു വർഷം മുൻപാണ്. ചികിത്സാ ചെലവിലെ വര്‍ധന, കോടതി നിര്‍ദേശിക്കുന്ന നഷ്ടപരിഹാരം, വാഹനപ്പെരുപ്പം എന്നിവ മൂലം സമ്മര്‍ദത്തിലാണെന്ന് ഇൻഷ്വറന്‍സ് കമ്പനികള്‍ അറിയിച്ചിരുന്നു.
പൊതുമേഖലയിലെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ 2025 വര്‍ഷത്തെ നഷ്ടാനുപാതം 108 ശതമാനമാണ്. അതായത് ഈ വിഭാഗത്തില്‍ ലഭിച്ച പ്രീമിയത്തെക്കാള്‍ എട്ട് ശതമാനം അധികം നഷ്ടപരിഹാരമായി കമ്പനിക്ക് നല്‍കേണ്ടിവന്നു.
മോട്ടോര്‍ വാഹന ഇൻഷ്വറന്‍സില്‍ 2025 സാമ്പത്തിക വര്‍ഷം തേഡ് പാര്‍ട്ടി പ്രീമിയത്തിന്‍റെ വിഹിതം 60 ശതമാനമാണ്. മൊത്തം പ്രീമിയം വരുമാനക്കണക്കെടുത്താല്‍ 19 ശതമാനവും വരും.