
കൊച്ചി: ചെലവു ചുരുക്കൽ നടപടികളും നവീന വിപണന തന്ത്രങ്ങളും പയറ്റി രാജ്യത്തെ വാഹന വിപണി മികച്ച വളർച്ച നേടുന്നു. നടപ്പു സാമ്പത്തിക വർഷത്തെ മൂന്നാം ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര വാഹന നിർമാണ കമ്പനികളെല്ലാം ലാഭത്തിലും വിൽപ്പനയിലും ചരിത്രത്തിലെയും ഏറ്റവും മികച്ച വർധനയാണ് രേഖപ്പെടുത്തിയത്.
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതിനു പിന്നാലെ സാമ്പത്തിക മേഖല മികച്ച ഉണർവിലേക്ക് നീങ്ങിയതും സാങ്കേതിക മികവോടെയും രാജ്യാന്തര നിലവാരത്തിലും പുതിയ മോഡലുകൾ പുറത്തിറക്കിയതും വാഹന വിപണിക്ക് ഊർജം പകർന്നു. രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, അശോക് ലൈലാൻഡ്, ടിവിഎസ് മോട്ടോഴ്സ്, ഐഷർ, എസ്കോർട്ട്സ് തുടങ്ങിയവയെല്ലാം മികച്ച വിൽപ്പനയാണ് കഴിഞ്ഞ 3 മാസങ്ങളിൽ നേടിയത്. സെമി കണ്ടക്റ്റർ ചിപ്പുകളുടെ ക്ഷാമം മൂലം കഴിഞ്ഞ വർഷം തുടക്കം മുതൽ ഉത്പാദനത്തിലും വിപണനത്തിലും വൻ വെല്ലുവിളി നേരിട്ട വാഹന നിർമാതാക്കൾ പ്രതിസന്ധി അതിവേഗം തരണം ചെയ്തുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ ലാഭം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള 3 മാസക്കാലയളവിൽ ഇരട്ടിയിലേറെ വർധിച്ച് 2,351 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രവർത്തന വരുമാനം 25 ശതമാനം ഉയർന്ന് 29,044 കോടി രൂപയായി. മാരുതി സുസുക്കിയുടെ ലാഭത്തിലെ മാർജിൻ 2 വർഷത്തിനു ശേഷം വീണ്ടും 9.5 ശതമാനത്തിലെത്തിയതാണ് ലാഭം ഗണ്യമായി കൂടാൻ സഹായിച്ചത്.
അമെരിക്കയും യൂറോപ്പും കടുത്ത മാന്ദ്യത്തിലേക്ക് വഴുതി വീണതോടെ ലോഹങ്ങളുടെയും മറ്റ് അസംസ്കൃത സാധനങ്ങളുടെയും വില കുത്തനെ കുറഞ്ഞതാണ് കമ്പനിയുടെ ലാഭം ഉയർത്തിയത്. അവലോകന കാലയളവിൽ മാരുതി സുസുക്കിയുടെ വാഹന വിൽപ്പന 8 ശതമാനം ഉയർന്ന് 4.65 ലക്ഷം യൂണിറ്റുകളായി. വിദേശ നാണയ വിപണിയിലെ ചലനങ്ങളും അനുകൂല ഘടകമായി. രാജ്യത്തെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് സുസുക്കിയുടെ അറ്റാദായം 22.5 ശതമാനം ഉയർന്ന് 352.75 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം വരുമാനം കഴിഞ്ഞ 3 മാസത്തിനിടെ 14.75 ശതമാനം ഉയർന്ന് 6,545.72 കോടി രൂപയായി.