
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ തങ്ങളുടെ മുന്‍നിര മോട്ടോര്‍സൈക്കിളായ ഗോള്‍ഡ് വിങ് ടൂറിന്‍റെ ബുക്കിങ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക് കളര്‍ ഷേഡില്‍ ഡിസിടി വേരിയന്‍റില്‍ ലഭ്യമാകുന്ന 2023 ഹോണ്ട ഗോള്‍ഡ് വിങ് ടൂറിന് 39,20,000 രൂപയാണ് ഗുരുഗ്രാം എക്സ്ഷോറൂം വില.
പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് പുതിയ ഹോണ്ട ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയിലെത്തുന്നത്. പ്രീമിയം ബിഗ്വിങ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴിയായിരിക്കും വില്‍പ്പന. ആന്‍ഡ്രോയ്‌ഡ് ഓട്ടൊ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ പിന്തുണക്കുന്ന 7.0 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ഡിസ്പ്ലേയുള്ള കോക്ക്പിറ്റ്, സമ്പൂര്‍ണ എല്‍ഇഡി ലൈറ്റിങ് സിസ്റ്റം എന്നിവയാണ് പ്രധാന സവിശേഷതകള്‍. റൈഡിങ്, നാവിഗേഷന്‍, ഓഡിയൊ ഇന്‍ഫര്‍മേഷന്‍ എന്നിവ ഡിസ്പ്ലേയിലൂടെ ലഭ്യമാവും. ഇലക്‌ട്രിക് സ്ക്രീന്‍, രണ്ട് യുഎസ്ബി ടൈപ്പ് സി സോക്കറ്റുകളുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം (ടിപിഎംഎസ്), എയര്‍ബാഗ് തുടങ്ങിയ സജ്ജീകരണങ്ങളുംമുണ്ട്.
93 കിലോവാട്ട് പവറും 170 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന, 1833 സിസി, ലിക്വിഡ്കൂള്‍ഡ്, 4 സ്ട്രോക്ക്, 24 വാള്‍വ്, ഫുറ്റ് 6 സിലിണ്ടര്‍ എൻജിനാണ് ഹോണ്ട ഗോള്‍ഡ് വിങ് ടൂറിന് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായി എൻജിന്‍ യോജിപ്പിച്ചിട്ടുണ്ട്. ക്രീപ്പ് ഫോര്‍വേഡ്, ബാക്ക് ഫങ്ഷനും ഇത് അവതരിപ്പിക്കുന്നു. ത്രോട്ടില്‍-ബൈ-വയര്‍ (ടിബിഡബ്ല്യു) സംവിധാനവും, നാല് റൈഡിങ് മോഡുകളുമാണ് മറ്റു സവിശേഷതകള്‍.
കൊച്ചി ഉള്‍പ്പടെയുളള ഹോണ്ടയുടെ എക്സ്ക്ലൂസീവ് ബിഗ് വിങ് ടോപ്‌ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ ഉപയോക്താക്കള്‍ക്ക് ലക്ഷ്വറി ഗോള്‍ഡ് വിങ് ടൂര്‍ ബുക്ക് ചെയ്യാം.