
കാലടി: കാർട്ടിങ് റേസ് മത്‌സരത്തിൽ പങ്കെടുക്കുന്നതിനായി സ്വന്തമായി റേസിങ്ങ് കാർ നിർമിച്ച് വിദ്യാർത്ഥികൾ. ഗോ കാർട്ട് എന്ന റേസിങ്ങ് കാറാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിർമിച്ചത്. കാലടി ആദിശങ്കര എൻജിനീയറിങ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ്ങിലെ 26- ഓളം വിദ്യാർത്ഥികൾ ചേർന്നു നിർമിച്ച കാറിനു സ്റ്റാലിയൻസ് എന്നാണു പേരു നൽകിയിരിക്കുന്നത്.
സ്വന്തമായി രൂപകൽപനയും ഡിസൈനിങ്ങും നടത്തി ആറു മാസത്തോളമെടുത്താണു കാറിന്‍റെ നിർമാണം പൂർത്തിയാക്കിയത്. 120 കിലോ ഭാരവും, 150 സിസി കപ്പാസിറ്റിയും ഉണ്ട്. നിർമാണച്ചെലവ് 2 ലക്ഷം രൂപ. ദേശീയ, അന്തർദേശീയ മത്‌സരങ്ങളിൽ പങ്കെടുക്കുവാൻ വേണ്ടിയാണ് ഗോ കാർട്ട് തയ്യാറായിട്ടുള്ളതെന്ന് ടീം ക്യാപ്റ്റൻ ഭരത് വർമ്മ പറഞ്ഞു.
കോളേജ് മാനേജ്‌മെന്‍റിന്‍റെ സഹകരണത്തോടെയായിരുന്നു നിർമാണം. മെക്കാനിക്കൽ ഡിപ്പാർട്ട്‌മെന്‍റിലെ ലാബും, കോളേജ് ജീവനക്കാരുടെ പിന്തുണയും മുതൽക്കൂട്ടായി. 26 അംഗ ടീമിൽ രണ്ടു പെൺകുട്ടികളും ഉണ്ടായിരുന്നു. പ്രിൻസിപ്പൽ പ്രെഫ. കെ. ടി സുബ്രഹ്മണ്യൻ, വകുപ്പ് മേധാവി ഡോ. കെ.കെ എൽദോസ്, മെന്‍റർ പ്രൊഫ. എൽദോസ് കെ. ജോയ് തുടങ്ങിയവർ കുട്ടികൾക്കു മാർഗനിർദേശങ്ങൾ നൽകി.