വാഹന നിർമാണ മേഖലയിലെ ചിപ്പ് ക്ഷാമത്തിനു പരിഹാരം

കൊവിഡിനെത്തുടർന്ന് കടുത്ത പ്രതിസന്ധിയിലായിരുന്ന വാഹന നിര്‍മാണ മേഖല പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അപ്പോഴേക്കും ചിപ്പുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായി.
Chip, symbolic image
Chip, symbolic image
Updated on

ന്യൂഡൽഹി: വാഹന നിര്‍മാണ മേഖലയിലെ ചിപ്പ് ക്ഷാമം പരിഹരിക്കപ്പെടുന്നു. ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ലഭ്യത വര്‍ധിച്ചെങ്കിലും ആവശ്യത്തിന് ഡിമാൻഡില്ലാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് ചിപ്പുകള്‍ വാഹനനിര്‍മാണ മേഖലയടക്കമുള്ള മറ്റ് വ്യവസായങ്ങളിലേക്ക് മാറ്റിത്തുടങ്ങിയത്. റേറ്റിങ് ഏജന്‍സിയായ ക്രിസിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

കൊവിഡ് കാലത്ത് കംപ്യൂട്ടറുകള്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ആവശ്യം വര്‍ധിച്ചതോടെ ചിപ്പുകള്‍ കൂടുതല്‍ ഈ മേഖലയിലാണ് ഉപയോഗിച്ചിരുന്നത്. കൊവിഡിനെത്തുടർന്ന് കടുത്ത പ്രതിസന്ധിയിലായിരുന്ന വാഹന നിര്‍മാണ മേഖല പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അപ്പോഴേക്കും ചിപ്പുകള്‍ ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇതോടെ മേഖലയിലാകെ ഉത്പാദനം പ്രതിസന്ധിയിലാകുന്ന സാഹചര്യം ഉടലെടുത്തിരുന്നു.

നിലവില്‍ ഉത്പാദിപ്പിക്കുന്ന എല്ലാ ചിപ്പുകളുടെയും 63 ശതമാനം കംപ്യൂട്ടര്‍ ആൻഡ് കമ്യൂണിക്കേഷന്‍ മേഖലയിലാണ് ഉപയോഗിക്കുന്നത്. വാഹന നിര്‍മാണ മേഖല 13 ശതമാനവും ഉപഭോക്തൃ, വ്യവസായ മേഖല 12 ശതമാനവും ഉപയോഗിക്കുന്നു. വാഹന നിര്‍മാണ മേഖലയിലെ മൊത്തം ആവശ്യത്തിന്‍റെ 85 മുതല്‍ 90 ശതമാനം വരെ ചിപ്പുകള്‍ നിലവില്‍ ലഭിക്കുന്നുണ്ട്.

വാഹന നിര്‍മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചിപ്പുകള്‍ ഉപയോഗിക്കുന്ന വിഭാഗം യാത്രാ വാഹനങ്ങളുടേതാണ്. കുറഞ്ഞത് 1,500 ചിപ്പുകളാണ് ഒരു വാഹനത്തിന് വേണ്ടത്. കൂടുതല്‍ ഫീച്ചേഴ്സുകള്‍ ഉണ്ടെങ്കില്‍ ചിപ്പുകളുടെ എണ്ണവും കൂടും. സാധാരണ വാഹനങ്ങളേക്കാള്‍ ഇരട്ടി ചിപ്പുകളാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടത്.

രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ചിപ്പുകളുടെ ഡിമാൻഡും ഉയരും. നിലവില്‍ രാജ്യത്ത് ആവശ്യമുള്ള ചിപ്പുകള്‍ ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്ത് ആവശ്യമുള്ളവ ആഭ്യന്തരമായി നിര്‍മിക്കാനും ഇറക്കുമതി കുറയ്ക്കാനും ലക്ഷ്യമിട്ട് ചിപ്പുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 10 ബില്യണ്‍ ഡോളറിന്‍റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com