
റോഡ് അപകടങ്ങള്‍ ഇല്ലാതാക്കാന്‍ 'ക്രാഷ്ഫ്രീ ഇന്ത്യ'
കൊച്ചി: റോഡപകടങ്ങള്‍ ഇല്ലാതാക്കാന്‍ കാര്‍സ് 24 'ക്രാഷ്ഫ്രീ ഇന്ത്യ' എന്ന പുതിയ പദ്ധതിക്ക് തുടക്കമിടുന്നു. 2040ഓടെ റോഡപകട മരണങ്ങള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാര്‍സ് 24 ക്രാഷ്ഫ്രീ ഇന്ത്യ മിഷന്‍ ആരംഭിച്ചിരിക്കുന്നത്.
ക്രാഷ് ഡേറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍, നയ പരിഷ്‌കരണം, റോഡ് ഡിസൈന്‍, സാങ്കേതികവിദ്യ, റോഡിലെ പെരുമാറ്റ വൈകല്യങ്ങള്‍ എന്നിവയില്‍ മാറ്റം കൊണ്ടുവന്നാണ് 'ക്രാഷ്ഫ്രീ ഇന്ത്യ' എന്ന ലക്ഷ്യം നടപ്പാക്കുന്നത്.
ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി അപകടമേഖലകള്‍ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തുക, ഇതിനാവശ്യമായ എഐ അധിഷ്ഠിത സംവിധാനങ്ങള്‍ പൊതുജനങ്ങളുടെയും സര്‍ക്കാരിന്‍റെയും ഉപയോഗത്തിനും വേണ്ടി നിര്‍മിക്കുക തുടങ്ങിയവയും ക്രാഷ്ഫ്രീ ഇന്ത്യ പരിപാടിയിലൂടെ നടത്തും.
ഇതിനായി വിവിധ ഗതാഗത വകുപ്പുകളുമായും എന്‍ഫോഴ്‌സ്‌മെന്‍റ് ഏജന്‍സികളുമായും ചേര്‍ന്ന് പൊതുജനങ്ങളുടെയും റോഡ് ഡിസൈനര്‍മാരുടെയും സഹായത്തോടെ പ്രവര്‍ത്തിക്കും.
ഇന്ത്യന്‍ റോഡ് സേഫ്റ്റി കൗണ്‍സിലിന്‍റെ (ഐആര്‍എസ്‌സി) സഹസ്ഥാപകരായ റോഡ് സുരക്ഷാ വിദഗ്ധരായ അമര്‍ ശ്രീവാസ്തവ, ദീപാന്‍ഷു ഗുപ്ത എന്നിവര്‍ ഉപദേശം നല്‍കുന്ന വിഷന്‍ സീറോ ട്രസ്റ്റാണ് ക്രാഷ്ഫ്രീ ഇന്ത്യ നടപ്പിലാക്കുന്നത്.
ക്രാഷ്ഫ്രീ ഇന്ത്യയുടെ ഭാഗമാകാന്‍ താത്പര്യമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍, എന്‍ജിഒകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ടൗണ്‍ പ്ലാനര്‍മാര്‍, അക്കാഡമിക് സ്ഥാപനങ്ങള്‍, പൗരന്മാര്‍, വിവിധ സംഘടനകള്‍ എന്നിവര്‍ക്ക് www.crashfreeindia.org എന്ന വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. ബ്ലാക്ക് സ്‌പോട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും വെബ്‌സൈറ്റില്‍ നല്‍കാം.