

ഉമ്മു സുഖീം സ്ട്രീറ്റിൽ ഡ്രൈവർക്ക് പെട്ടെന്ന് ബോധക്ഷയമുണ്ടാവുകയും തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് മുന്നറിയിപ്പ്.
Representative image
ദുബായ്: അമിത ക്ഷീണവും ഉറക്കച്ചടവും ഉള്ളപ്പോഴോ കടുത്ത ശാരീരിക അസ്വസ്ഥതകൾ ഉള്ളപ്പോഴോ വാഹനം ഓടിക്കരുതെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി ദുബായ് പൊലീസ്. ഉമ്മു സുഖീം സ്ട്രീറ്റിൽ ഡ്രൈവർക്ക് പെട്ടെന്ന് ബോധക്ഷയമുണ്ടാവുകയും തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് മുന്നറിയിപ്പ് ശക്തമാക്കിയത്.
രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനം, ഉയർന്ന രക്തസമ്മർദം, ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ, അമിത മാനസിക സമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഡ്രൈവർമാർക്ക് പെട്ടെന്ന് വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
സാധാരണയായി അനുഭവപ്പെടുന്ന ചെറിയ ശാരീരിക അസ്വസ്ഥതകളെപ്പോലും നിസ്സാരമായി തള്ളിക്കളയരുതെന്നും നിമിഷങ്ങൾക്കുള്ളിൽ അവ വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കുമെന്നും ദുബായ് പൊലീസ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സേലം ബിൻ സുവൈദാൻ പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ വാഹനം പൂർണമായും ഡ്രൈവറുടെ നിയന്ത്രണത്തിൽ നിന്ന് കൈവിട്ടുപോകുകയും തങ്ങളുടെയും മറ്റു യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രയ്ക്കിടയിൽ തലകറക്കമോ തളർച്ചയോ അനുഭവപ്പെട്ടാൽ വാഹനം ഉടൻ തന്നെ റോഡരികിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിനിർത്തി വിശ്രമിക്കണമെന്നും ദീർഘദൂര യാത്രകളിൽ കൃത്യമായ ഇടവേളകൾ എടുക്കാൻ മടിക്കരുതെന്നും പൊലീസ് നിർദേശിച്ചു.