
ബിസിനസ് ലേഖകൻ
കൊച്ചി: ഹരിത ഇന്ധനങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്ന നടപടികളുടെ ഭാഗമായി വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതിത്തീരുവ കുറയ്ക്കാനൊരുങ്ങുകയാണ് ഇന്ത്യ. ആദ്യഘട്ടത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വില കൂടിയ വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതി തീരുവയില്‍ ഗണ്യമായ കുറവു വരുത്താനാണ് ആലോചിക്കുന്നത്.
അമെരിക്കയിലെ പ്രമുഖ കാര്‍ നിർമാതാക്കളായ ടെസ്ലയുടെ ഇന്ത്യ പ്രവേശനം വേഗത്തിലാക്കാനും പുതിയ തീരുമാനം കാരണമാകുമെന്ന് വിലയിരുത്തുന്നു. നിലവില്‍ ഹൈഡ്രോ കാര്ബണുകളുപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ക്ക് സമാനമായ ഇറക്കുമതി തീരുവയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇന്ത്യ ഈടാക്കുന്നത്.
അതേസമയം വാഹന നിർമാണ രംഗത്ത് വലിയ നിക്ഷേപം ഉറപ്പുനല്‍കുന്ന കമ്പനികള്‍ക്ക് തുടക്കത്തില്‍ നിശ്ചിത വര്‍ഷങ്ങളിലേക്ക് കാറുകള്‍ പുറത്തുനിന്നും കൊണ്ടുവരുന്നതിന് ഇറക്കുമതി നികുതിയില്‍ കുറവു വരുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
ലോകത്തിലെ അതിസമ്പന്നരിലൊരാളായ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല ഇന്ത്യന്‍ വിപണിയിലെത്താന്‍ മുന്നോട്ടു വെയ്ക്കുന്ന പ്രധാന നിബന്ധന എക്സൈസ് നികുതിയില്‍ കുറവു വരുത്തണമെന്നാണ്. മലിനീകരണ നിയന്ത്രണ നടപടികളില്‍ ഏറെ സഹായിക്കുന്ന വൈദ്യുത വാഹനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുന്നതില്‍ അമെരിക്കയും യൂറോപ്പും എതിർപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം കേന്ദ്രസര്‍ക്കാര്‍ അനുകൂല നയം സ്വീകരിച്ചാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിന് മുന്‍പ് ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുകെയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ നികുതി 30 ശതമാനമായി കുറയ്ക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. യുകെയും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ഇക്കാര്യം ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. ഇന്ത്യയില്‍ നിന്നും കയറ്റി അയക്കുന്ന ഉത്പന്നങ്ങളുടെ മേല്‍ നവംബര്‍ ഒന്നു മുതല്‍ കാര്‍ബണ്‍ നികുതി ഈടാക്കാനുള്ള യുകെയുടെ തീരുമാനം കാരണം അനിശ്ചിതത്വത്തിലായ സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ ട്രാക്കിലാക്കാന്‍ പുതിയ തീരുമാനം കാരണമാകും. അടുത്ത വര്‍ഷം ജനുവരിയില്‍ കരാര്‍ ഒപ്പുവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
യുകെയില്‍ നിന്നും 80,000 ഡോളറിലധികം വിലയുള്ള 25,000 കാറുകള്‍ വരെ 30 ശതമാനം നികുതി ഈടാക്കി ഇറക്കുമതിക്ക് അനുമതി നല്‍കാമെന്നാണ് ഇന്ത്യയുടെ നിര്‍ദേശം. 40,000 ഡോളര്‍ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് നിലവില്‍ ഇന്ത്യ 70 ശതമാനം നികുതിയാണ് ഈടാക്കുന്നത്. 40,000 ഡോളറിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 100 ശതമാനമാണ് ഇറക്കുമതി തീരുവ.