ഇനി എയർ ഇന്ത്യയുടെ പുതിയ വിമാനത്തിൽ പറക്കാം; വരുന്നു 60 പുത്തൻ വിമാനങ്ങൾ‌

അടുത്ത ഏഴു മുതൽ എട്ടു വർഷം വരെ പ്രതിവർഷം 50 മുതൽ 60 വരെ വിമാനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ
Air India

എയർ ഇന്ത്യ

Representative image

Updated on

അബുദാബി: യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി വിമാനകമ്പനിയായ എയർ ഇന്ത്യ. അടുത്ത 18 മാസത്തിനുള്ളിൽ എയർ ഇന്ത്യ ഗ്രൂപ്പിന് 50 മുതൽ 60 വരെ പുതിയ വിമാനങ്ങൾ ലഭിക്കുമെന്ന് എയർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറും എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാനുമായ നിപുൻ അഗർവാൾ പറഞ്ഞു. അബുദാബിയിൽ ഒരു പാനൽ ചർച്ചയ്ക്കുശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിതരണ ശൃംഖലയിലെ തടസങ്ങൾ, വ്യോമപാത നിയന്ത്രണങ്ങൾ, എണ്ണവിലയിലെ ചാഞ്ചാട്ടം, ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങിയ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടും എയർ ഇന്ത്യയുടെ പരിവർത്തന പദ്ധതി നിശ്ചയിച്ച ദിശയിൽ മുന്നേറുകയാണെന്ന് നിപുൻ അഗർവാൾ പറഞ്ഞു.

2022 ജനുവരിയിലാണ് നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. അതിനുശേഷം അഞ്ചു വർഷം നീളുന്ന വമ്പൻ പരിവർത്തന പദ്ധതിയാണ് കമ്പനി നടപ്പാക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾ വലിയ പഠനാനുഭവങ്ങൾ സമ്മാനിച്ചതായും ഈ പദ്ധതി വളരെ സങ്കീർണ്ണവും വെല്ലുവിളി നിറഞ്ഞതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 290ലധികം വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യ ഗ്രൂപ്പ് ഏകദേശം 600 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ഇതിൽ 10 ശതമാനത്തിൽ താഴെ വിമാനങ്ങൾ മാത്രമാണ് ഇതുവരെ ലഭിച്ചത്. ശേഷിക്കുന്നവ ഘട്ടംഘട്ടമായി കൈമാറും. അടുത്ത ഏഴു മുതൽ എട്ടു വർഷം വരെ പ്രതിവർഷം 50 മുതൽ 60 വരെ വിമാനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.

എയർ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങളുടെ നവീകരണം അടുത്ത മൂന്നു വർഷത്തിനകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഡ്രീംലൈനർ (ബോയിങ് 787) വിമാനങ്ങളുടെ നവീകരണം അടുത്ത വർഷം മധ്യത്തോടെ പൂർത്തിയാകും. എന്നാൽ ബോയിങ് 777 വിമാനങ്ങളുടെ നവീകരണം പൂർത്തിയാകാൻ കുറച്ചധികം സമയം വേണ്ടി വരുമെന്നാണ് കരുതുന്നത്.

logo
Metro Vaartha
www.metrovaartha.com