ഹോട്ടല്‍ ബില്ലടച്ചില്ല: ബിസിനസുകാരുടെ ലക്ഷ്വറി കാറുകള്‍ ലേലം ചെയ്യുന്നു

ഹോട്ടല്‍ ബില്ലടച്ചില്ല: ബിസിനസുകാരുടെ ലക്ഷ്വറി കാറുകള്‍ ലേലം ചെയ്യുന്നു

രണ്ടു പേരും അവരവരുടെ കാറുകള്‍ ഹോട്ടലില്‍ ഈടായി നല്‍കി മടങ്ങി. 22 ലക്ഷം രൂപയാണ് ഇവരുടെ ഹോട്ടല്‍ ബില്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഓഡി, ഷെവര്‍ലെറ്റ് ക്രൂസ് കാറുകള്‍ ഹോട്ടലില്‍ കിടക്കുകയാണ്

ചണ്ഡീഗഢ് : കുറെക്കാലം ഹോട്ടലില്‍ താമസിച്ചതിനു ശേഷം പണമടയ്ക്കാത്ത ബിസിനസുകാരുടെ ലക്ഷ്വറി കാറുകള്‍ ലേലം ചെയ്യാനൊരുങ്ങുന്നു. പഞ്ചാബിലെ ചണ്ഡീഗഢിലാണു സംഭവം. ചണ്ഡീഗഢ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍റെ കീഴിലുള്ള ശിവാലിക് വ്യൂ എന്ന ഹോട്ടലാണ് ഓഡി, ഷെവര്‍ലെറ്റ് ക്രൂയിസ് കാറുകള്‍ ലേലം ചെയ്യാനൊരുങ്ങുന്നത്. ഫെബ്രുവരി പതിനാലിനാണു ലേലം. 

ലക്ഷ്വറി കാറുകളുടെ ലേലത്തിലേക്ക് നയിച്ച സംഭവം ഇങ്ങനെയാണ്. 2018ല്‍ ലുധിയാനയിലെ ബിസിനസുകാരനായ അശ്വനി ചോപ്രയും, ഫിറോസ്പൂരിലെ ബിസിനസുകാരന്‍ രമണിക് ബന്‍സാലും ശിവാലിക് വ്യൂ ഹോട്ടലില്‍ മുറിയെടുത്തു. ആറു മാസത്തോളം അവിടെ താമസിച്ചു. ആദ്യമൊക്കെ കൃത്യമായി പണം അടച്ചെങ്കിലും, പിന്നീട് ബില്ലടയ്ക്കാതെയായി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചു.

ഇതിനിടയില്‍ ഒരാള്‍ ജീവനക്കാര്‍ കാണാതെ മുങ്ങാനും ശ്രമിച്ചു. ഒടുവില്‍ രണ്ടു പേരും അവരവരുടെ കാറുകള്‍ ഹോട്ടലില്‍ ഈടായി നല്‍കി മടങ്ങി. 22 ലക്ഷം രൂപയാണ് ഇവരുടെ ഹോട്ടല്‍ ബില്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഓഡി, ഷെവര്‍ലെറ്റ് ക്രൂയിസ് കാറുകള്‍ ഹോട്ടലില്‍ കിടക്കുകയാണ്. ഓഡി ക്യൂ 3 കാറിന് പത്ത് ലക്ഷവും, ക്രൂയിസിന് ഒന്നര ലക്ഷവുമാണ് ലേലത്തില്‍ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം ഏകദേശം 55 ലക്ഷവും, 15 ലക്ഷവും വില വരും. കൂടുതല്‍ തുക നല്‍കുന്നവര്‍ക്ക് കാര്‍ സ്വന്തമാക്കാം. കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ലേലം നടക്കുന്നത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com