കുതിപ്പോടെ ഇന്ത്യൻ വാഹന വിപണി

ഇരുചക്ര വിപണിയിലെ മൂല്യത്തില്‍ ഇന്ത്യയാണ് ആഗോള തലത്തില്‍ മുന്‍ നിരയില്‍
Indian auto market booming
കുതിപ്പോടെ ഇന്ത്യൻ വാഹന വിപണി

#ബിസിനസ് ലേഖകൻ

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വാഹന വിപണിയുടെ വിപണി മൂല്യം 19 ശതമാനം വളര്‍ച്ചയോടെ പത്ത് ലക്ഷം കോടി രൂപ കവിഞ്ഞു. പ്രമുഖ ഓട്ടൊമൊബൈല്‍ ഗവേഷണ ഏജന്‍സിയായ പ്രൈമൂസ് പാര്‍ട്ട്ണേഴ്സിന്‍റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യന്‍ വാഹന വിപണിയുടെ മൂല്യം മാര്‍ച്ച് വരെയുള്ള കാലയളവില്‍ 10.25 ലക്ഷം കോടി രൂപയിലെത്തി.

ഇതോടൊപ്പം വാഹന ഉത്പാദനത്തിലും മികച്ച വളര്‍ച്ചയോടെ ആഗോള വാഹന ഹബ്ബായി ഇന്ത്യ മാറുകയാണ്, ഇതോടെ ഒരു വര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ അമെരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് കഴിഞ്ഞാല്‍ മൂന്നാമത്തെ ആഗോള വാഹന ഉത്പാദകരായി ഇന്ത്യ മാറി.

ഉത്പാദനത്തില്‍ മൂന്നാം സ്ഥാനത്താണെങ്കിലും വിപണി മൂല്യത്തില്‍ ജപ്പാന്‍, ജര്‍മനി എന്നിവയ്ക്ക് പിന്നിലായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അതേസമയം ലോകത്തിലെ മറ്റ് പ്രധാന വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ശരാശരി വാഹന വില വളരെ കുറവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പുതിയ മോഡലുകളുടെ വരവും സാങ്കേതിക വിദ്യയില്‍ നടത്തുന്ന അധിക നിക്ഷേപവും ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് ഇന്ത്യന്‍ വാഹന വിപണിക്ക് കരുത്ത് പകരുന്നത്. ഇരുചക്ര വിപണിയിലെ മൂല്യത്തില്‍ ഇന്ത്യയാണ് ആഗോള തലത്തില്‍ മുന്‍ നിരയില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ലക്ഷം യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യന്‍ കമ്പനികള്‍ നിർമിച്ചത്. രാജ്യത്തെ മൊത്തം വാഹന വിപണിയില്‍ 76 ശതമാനം ഇരുചക്ര വാഹനങ്ങള്‍ക്കാണ്. മൂല്യം പക്ഷേ 18 ശതമാനം മാത്രമാണ്.

സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്‌യുവി), യൂട്ടിലിറ്റി വാഹനങ്ങള്‍ (യുവി) എന്നിവയുടെ വില്‍പ്പന ഇന്ത്യയില്‍ കുതിച്ചുയരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മുന്‍നിര വാഹന കമ്പനികളെല്ലാം എസ്‌യുവികളുടെയും യുവികളുടെയും വൈവിധ്യമാര്‍ന്ന മോഡലുകള്‍ അവതരിപ്പിച്ചതാണ് വിപണിക്ക് ആവേശം സൃഷ്ടിച്ചത്. എസ്‌യുവി, യുവി എന്നിവയുടെ വില്‍പ്പനയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 39 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഈ രണ്ട് സെഗ്മെന്‍റുകളില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ 23 ശതമാനവും മൂല്യത്തില്‍ 16 ശതമാനവും വർധനയുണ്ടായി.

Trending

No stories found.

Latest News

No stories found.