വാഹന വിപണിയെ ഞെട്ടിച്ച് മാരുതി സുസുക്കി സ്വിഫ്റ്റ്
കൊച്ചി: വാഹന വിപണിയില്‍ അതിശയം സൃഷ്ടിച്ച് വില്‍പ്പന നേടുകയാണ് മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ 30 ലക്ഷം കാറുകളും ലോകത്താകെ 60 ലക്ഷം കാറുകളുമാണ് വിറ്റത്. 2005ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ സ്വിഫ്റ്റിന്റെ നാലാം തലമുറയാണ് ഇപ്പോഴുള്ളത്. വിപണിയിലെത്തി 19 വര്‍ഷങ്ങള്‍ക്കുള്ളില്‍ 30 ലക്ഷം യൂണിറ്റുകളാണ് വില്‍പ്പന നടന്നത്. ആഗോള തലത്തില്‍ 60 ലക്ഷം കാറുകള്‍ വിറ്റുവെന്ന റെക്കോഡും സ്വിഫ്റ്റ് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. നിലവില്‍ 158 രാജ്യങ്ങളിലാണ് സ്വിഫ്റ്റ് വില്‍പ്പന നടത്തുന്നത്.
2021 സെപ്റ്റംബറിലാണ് സ്വിഫ്റ്റ് കാറിന്റെ വില്‍പ്പന ഇന്ത്യയില്‍ 25 ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ച് ലക്ഷം കാറുകള്‍ കൂടി വിറ്റ് 30 ലക്ഷം കാറുകളെന്ന നേട്ടവും സ്വന്തമാക്കി. ഹാച്ച്ബാക്ക്, സെഡാന് വാഹനങ്ങളെ ഉപേക്ഷിച്ച് ഉപയോക്താക്കള്‍ എസ്യുവി ശ്രേണിയിലേക്ക് പോയെങ്കിലും സ്വിഫ്റ്റിന്റെ വില്‍പ്പനയില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. നിലവില്‍ മാരുതി സുസുക്കി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന വാഹനങ്ങളിലൊന്നു കൂടിയാണ് സ്വിഫ്റ്റ്.
പുതിയ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എൻജിനിലെത്തുന്ന നാലാം തലമുറ സ്വിഫ്റ്റ് 82 ബിഎച്ച്പി കരുത്തും 112 എന്‍എം വരെ ടോര്‍ക്കും ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സിലും ഒപ്ഷണലായി എഎംടിയിലും (ഓട്ടൊമേറ്റഡ് മാനുവല്‍ ട്രാന്സ്മിഷന്) വാഹനം ലഭിക്കും. ഈ വര്‍ഷം അവസാനം സിഎന്‍ജി പതിപ്പും ഇറക്കാന്‍ മാരുതി ആലോചിക്കുന്നുണ്ട്.
വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ഫോണ്‍ മിററിങ്, സുസുക്കി കണക്റ്റ്, റിയര്‍ എസി വെന്റുകള്‍, കീലെസ് എന്‍ട്രി, എല്ലാ സീറ്റുകള്‍ക്കും റിമൈന്ഡറോടു കൂടിയ ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, റിവേഴ്സ് പാര്‍ക്കിങ് ക്യാമറ എന്നീ ഫീച്ചറുകളും മാരുതി സുസുക്കി ഇതില്‍ നല്‍കിയിട്ടുണ്ട്. ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഫ്ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ക്ലൈമറ്റ് കണ്ട്രോള് പാനല്‍, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ് വീല്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ചെറിയ മാറ്റങ്ങളോടെ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡാഷ്ബോര്‍ഡ് തുടങ്ങിയവ വാഹനത്തിന്റെ ഇന്റീരിയര്‍ മനോഹരമാക്കുന്നു.
സുരക്ഷിതത്വത്തിന്റെ കാര്യത്തിലും വലിയ വിട്ടുവീഴ്ചകള്‍ക്ക് സ്വിഫ്റ്റ് തയാറായിട്ടില്ല. ആറ് എയര്‍ ബാഗുകളും ഇബിഡിയോടു (ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍) കൂടിയ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6.49 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.