Nostalgic history of Hamara Bajaj

'ഹമാരാ ബജാജ്': ഐക്കണിക് ടാഗ്‌ലൈനിൽ ഇടംപിടിച്ച കുടുംബപ്പേര്

'ഹമാരാ ബജാജ്': ഐക്കണിക് ടാഗ്‌ലൈനിൽ ഇടംപിടിച്ച കുടുംബപ്പേര്

വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ബജാജിന്‍റെ ഹമാരാ ബജാജ് എന്ന പരസ്യവാചകം സൃഷ്ടിച്ച ഇംപാക്റ്റിന് ഇന്നും ഇളക്കം തട്ടിയിട്ടില്ല

ആന്‍റണി ഷെലിൻ

1980കളുടെ അവസാനത്തില്‍ ഹോണ്ട, യമഹ, സുസുക്കി തുടങ്ങിയ മോട്ടോര്‍ ബൈക്കുകളില്‍ നിന്ന് നേരിട്ട വെല്ലുവിളികള്‍ക്ക് ബജാജ് നല്‍കിയ മറുപടിയായിരുന്നു 'ഹമാരാ ബജാജ്' എന്ന ഗാനത്തോടു കൂടിയ പരസ്യം.

ഒരു പരസ്യത്തിനപ്പുറത്തേക്ക് സഞ്ചരിച്ച ജിംഗിളാണ് ഹമാരാ ബജാജ്. ഈ ഐക്കണിക് പരസ്യത്തിന്‍റെ ആശയം അലിഖ് പദംസിയുടേതായിരുന്നു. 'ബുലന്ദ് ഭാരത് കി ബുലന്ദ് തസ്‌വീര്‍, ഹമാരാ ബജാജ്' (ശക്തമായ ഇന്ത്യയുടെ ശക്തമായ ചിത്രം, നമ്മുടെ ബജാജ്) എന്ന വരികള്‍ എഴുതിയതാകട്ടെ, ഹിന്ദി എഴുത്തുകാരന്‍ ജയ്കൃത് റാവത്തും. ഈണമിട്ടത് ജാസ് പിയാനിസ്റ്റായ ലൂയിസ് ബാങ്ക്‌സ് ആയിരുന്നു. പരസ്യം സംവിധാനം ചെയ്തത് ഫിലിംമേക്കറായ സുമന്ത്ര ഘോഷാൽ.

ബജാജ് പെട്രോള്‍ സ്‌കൂട്ടര്‍ ഇന്ന് നിരത്തുകളില്‍ അത്യപൂര്‍വ കാഴ്ചയാണ്. പക്ഷേ, ഹമാരാ ബജാജ് എന്ന പരസ്യവാചകം കേള്‍ക്കുമ്പോഴും കാണുമ്പോഴും സുഖകരമായൊരു നൊസ്റ്റാൾജിയ എത്രയോ പേരുടെ മനസില്‍ ഉണര്‍ത്തുന്നുണ്ടാകും. അത്തരമൊരു വൈകാരിക അനുഭവം നല്‍കാന്‍ വളരെ അപൂര്‍വം ബ്രാന്‍ഡുകള്‍ക്കു മാത്രമായിരിക്കും സാധിക്കുക.

സ്കൂട്ടർ വാങ്ങാൻ ക്വോട്ട

വര്‍ഷം 1985, കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഒരു പരിധി വരെ തുറന്നുകൊടുക്കാന്‍ തീരുമാനിക്കുന്നു. ചില മേഖലകളില്‍ ഇന്‍റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. അതിലൊന്നായിരുന്നു ഇരുചക്ര വാഹന വിപണി. മൂന്ന് പതിറ്റാണ്ടിലേറെ കാലം സ്‌കൂട്ടറുകള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഇന്ത്യയുടെ ഇരുചക്ര വാഹന വിപണിയിലേക്ക് അതോടെ മോട്ടോര്‍സൈക്കിളുകള്‍ ഓടിയെത്തി.

എങ്കിലും രാജ്യത്തെ മിക്ക കുടുംബങ്ങള്‍ക്കും സ്‌കൂട്ടര്‍ തന്നെയായിരുന്നു പ്രിയപ്പെട്ട വാഹനം. ഒരെണ്ണം സ്വന്തമാക്കുക എന്നത് എളുപ്പമുള്ള കാര്യവുമായിരുന്നില്ല. ബുക്ക് ചെയ്ത ശേഷം വർഷങ്ങൾ നീളുന്ന കാത്തിരിപ്പ്. അതുകൊണ്ടു തന്നെ സ്‌കൂട്ടര്‍ ലഭിക്കുമ്പോള്‍ ഉത്സവപ്രതീതിയായിരുന്നു.

അക്കാലത്ത് വിപണിയിലെ ഏറ്റവും ജനപ്രിയ സ്‌കൂട്ടര്‍ ബജാജ് ആയിരുന്നു. ബജാജിന്‍റെ ചേതക്ക് എന്ന സ്‌കൂട്ടര്‍ പലരുടെയും ഡ്രീം സ്‌കൂട്ടറായിരുന്നു. പുരാതന ഇന്ത്യയിലെ മേവാഡ് രാജ്യത്തിന്‍റെ ചക്രവര്‍ത്തിയായിരുന്ന മഹാരാജാ റാണാ പ്രതാപിന്‍റെ പ്രശസ്തമായ കുതിരയുടെ പേരാണ് ചേതക്ക്. ബജാജ് ചേതക്ക് എന്ന പേര് കടം കൊണ്ടതും ഇതില്‍ നിന്നാണെന്നു പറയപ്പെടുന്നു.

ചേതക്ക് ക്വാട്ട എന്ന പേരില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഒരു സൗകര്യമുണ്ടായിരുന്നു. അക്കാലത്ത് വാഹന വായ്പകളൊന്നും ലഭ്യമായിരുന്നില്ലെന്നതും ഇന്ന് പലര്‍ക്കും ഒരു അദ്ഭുതമായി തോന്നാം. 500 രൂപ നല്‍കി ബുക്ക് ചെയ്ത് വര്‍ഷങ്ങളോളം കാത്തിരിക്കണമായിരുന്നു സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍.

ജനപ്രീതിയില്‍ ഇടിവ്

ജനപ്രീതി ഉണ്ടായിരുന്നിട്ടും 1989ല്‍ ബജാജിന്‍റെ വിപണി മേധാവിത്വത്തിനു കടുത്ത വെല്ലുവിളി നേരിട്ടു. ഗിയറുള്ള സ്‌കൂട്ടറായ ബജാജ് ചേതക്കിനു വെല്ലുവിളിയായി ഗിയറില്ലാത്ത കൈനെറ്റിക്ക് ഹോണ്ട വന്നതോടെയായിരുന്നു ഇത്. ഇതിനുപുറമേ, വേഗവും മികച്ച സാങ്കേതികവിദ്യയും സ്റ്റൈലും മൈലേജുമൊക്കെ ഉയര്‍ത്തിക്കാണിച്ച് സുസുക്കിയും ഹോണ്ടയുമൊക്കെ പരസ്യം ചെയ്തത് കസ്റ്റമേഴ്‌സിനെ വലിയ തോതില്‍ ആകര്‍ഷിച്ചു. ഇതിനുള്ള മറുപടിയായിരുന്നു 'ഹമാരാ ബജാജ്'.

ഹമാരാ ബജാജ്

1989ലാണ് ഹമാരാ ബജാജ് പരസ്യം ആദ്യമായി പുറത്തിറങ്ങിയത്. പരസ്യം വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. അത്രയും കാലം വാഹനനിര്‍മാതാക്കള്‍ അവരുടെ വാഹനത്തിന്‍റെ സാങ്കേതികവശത്തെക്കുറിച്ചായിരുന്നു പരസ്യത്തില്‍ സൂചിപ്പിച്ചിരുന്നതെങ്കില്‍, ബജാജ് ഇവിടെ വ്യത്യസ്തമായി. ഇന്ത്യയുടെ സ്വന്തം ബ്രാന്‍ഡ് എന്ന് പരസ്യത്തിലൂടെ അവർ വിളിച്ചുപറഞ്ഞു. മറ്റൊരു ഇരുചക്ര വാഹനത്തിനും ഇത്തരത്തില്‍ അവകാശപ്പെടാനും സാധിക്കുമായിരുന്നില്ല. കാരണം, ബജാജ് ഒഴികെ മറ്റു സ്‌കൂട്ടറുകള്‍ക്കെല്ലാം വിദേശ കമ്പനികളുമായി സഹകരണമുണ്ടായിരുന്നു.

അര മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു പരസ്യം. ഒരിടത്തു പോലും സ്‌കൂട്ടറിന്‍റെ മൈലേജിനെക്കുറിച്ചോ, മറ്റ് സാങ്കേതികതകളെക്കുറിച്ചോ പരാമർശിച്ചില്ല. പകരം, വ്യത്യസ്ത സാഹചര്യങ്ങളിലുള്ള വ്യത്യസ്ത ഇന്ത്യക്കാരെ പരസ്യത്തില്‍ കാണിച്ചു. വൈവിധ്യം നിറഞ്ഞ ഇന്ത്യയെ വരച്ചുകാട്ടി. ഇവരെയെല്ലാം പൊതുവായി ബന്ധിപ്പിക്കുന്ന ഒന്നാണ് ബജാജ് സ്‌കൂട്ടര്‍ എന്നൊരു സന്ദേശവും പരസ്യത്തിലൂടെ നല്‍കി. അത് ക്ലിക്കാവുകയും ചെയ്തു.

കാലമെത്ര കഴിഞ്ഞു. ബജാജ് എന്ന പെട്രോള്‍ സ്‌കൂട്ടര്‍ നിരത്തൊഴിയുകയും ചെയ്തു. പക്ഷേ, ഹമാരാ ബജാജ് എന്ന ആ ഗാനം എത്രയോ പേരുടെ മനസില്‍ ഇന്നും കുളിരേകുന്ന വരികളായി നിലനില്‍ക്കുന്നു.

ബജാജ് ഈ പരസ്യം 1989ലാണ് ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ, വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ബജാജിന്‍റെ ഹമാരാ ബജാജ് എന്ന പരസ്യവാചകം സൃഷ്ടിച്ച ഇംപാക്റ്റിന് ഇന്നും ഇളക്കം തട്ടിയിട്ടില്ല. ഹീറോ ഹോണ്ട ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരുടെ ഇരുചക്ര വാഹനം പരസ്യം ചെയ്തപ്പോള്‍ ഉപയോഗിച്ച പരസ്യവാചകം തന്നെ 'ദേശ് കി ധട്കന്‍' (രാജ്യത്തിന്‍റെ ഹൃദയത്തുടിപ്പ്) എന്നായിരുന്നു.

ബജാജ് കമ്പനി‌

<div class="paragraphs"><p><em>രാഹുൽ ബജാജ് ചേതക് സ്കൂട്ടറിൽ</em></p></div>

രാഹുൽ ബജാജ് ചേതക് സ്കൂട്ടറിൽ

1926ലാണ് ജമ്‌നലാല്‍ ബജാജ് എന്നയാൾ ബജാജ് ഗ്രൂപ്പ് സ്ഥാപിച്ചത്. ജ്മനലാലിന്‍റെ മകനായിരുന്നു കമല്‍ നയന്‍ ബജാജ്. കമല്‍ നയന്‍റെ കാലത്ത് ബജാജ് സിമന്‍റ്, ഇലക്‌ട്രിക്കല്‍ അപ്ലൈയന്‍സസ്, സ്‌കൂട്ടര്‍ ബിസിനസുകൾ ആരംഭിച്ചു. കമല്‍ നയന്‍റെ മകനാണ് രാഹുല്‍ ബജാജ്. 1972ല്‍ ബജാജ് ഓട്ടൊ കമ്പനിയുടെ എംഡിയായി രാഹുല്‍ ബജാജ് ചുമതലയേറ്റു. രാഹുലിന്‍റെ കാലത്താണ് കമ്പനി വന്‍ വളര്‍ച്ച കൈവരിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ബജാജ് സ്‌കൂട്ടറുകള്‍ ജനപ്രിയമായി മാറിയതും അദ്ദേഹത്തിന്‍റെ നേതൃപാടവത്തിന്‍റെ ഫലമായിരുന്നു.

ബജാജിന്‍റെ ഏറ്റവും ശ്രദ്ധ നേടിയ ബ്രാന്‍ഡുകളിലൊന്നായിരുന്നു ചേതക്ക് സ്‌കൂട്ടര്‍. ഇതിന്‍റെ പിറവിക്കു പിന്നില്‍ ഒരു വാശിയുടെ കഥയുണ്ട്. 1970കളില്‍ ഇറ്റാലിയന്‍ കമ്പനിയായ പിയാജിയോ ബജാജിന്‍റെ ലൈസന്‍സ് പുതുക്കാതിരുന്നപ്പോള്‍ രാഹുല്‍ ബജാജിന് ഒരു വാശി തോന്നി. സ്വന്തം ബ്രാന്‍ഡില്‍ ഒരു സ്‌കൂട്ടര്‍ നിര്‍മിക്കണമെന്നതായിരുന്നു അത്. അങ്ങനെയാണ് നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ബജാജ് ചേതക്ക്, സൂപ്പര്‍ എന്നീ പേരുകളിലുള്ള സ്‌കൂട്ടര്‍ മോഡലുകൾ വിപണിയിലിറക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com