റോള്‍സ് റോയ്സ് ലക്ഷ്വറി ഇലക്‌ട്രിക് കാര്‍ സ്പെക്റ്റര്‍ കേരളത്തിൽ

രണ്ട് വാതിലുകളോടുകൂടിയ കൂപ്പെ മോഡലിലുള്ള സ്പെക്റ്റര്‍ റോള്‍സിന്‍റെ സെഡാന്‍ മോഡലായ ഫാന്‍റത്തിന്‍റെ പിന്‍ഗാമിയാണ്

കൊച്ചി: അത്യാഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്സിന്‍റെ ആദ്യ ഓള്‍- ഇലക്‌ട്രിക് കാര്‍ സ്പെക്റ്റര്‍ പ്രദര്‍ശനത്തിനായി സംസ്ഥാനെത്തെത്തി. ചെന്നൈയില്‍ നിന്നും കുന്‍ എക്സ്ക്ലൂസിവാണ് ചാക്കോളാസ് പവിലിയനില്‍ നടന്ന പ്രിവ്യൂ ഷോയില്‍ വാഹനം അവതരിപ്പിച്ചത്.

രണ്ട് വാതിലുകളോടുകൂടിയ കൂപ്പെ മോഡലിലുള്ള സ്പെക്റ്റര്‍ റോള്‍സിന്‍റെ സെഡാന്‍ മോഡലായ ഫാന്‍റത്തിന്‍റെ പിന്‍ഗാമിയാണ്. 5. 45 മീറ്റര്‍ നീളവും 2 മീറ്ററിലധികം വീതിയുമുള്ള സ്പെക്റ്ററില്‍ നീളമുള്ള ബോണറ്റ്, ഫാസ്റ്റ്ബാക്ക് ടെയില്‍ എന്നിവ സമ്മേളിച്ച് ആധുനിക ആഢംബര നൗകകളുടെ പ്രതീതിയാണുണ്ടാക്കുന്നത്. ഇതുവരെ മേല്‍ക്കൂരയില്‍ മാത്രം നല്‍കിയിരുന്ന സ്റ്റാര്‍ലൈറ്റ് ലൈനര്‍ സ്പെക്റ്ററുടെ ഡോര്‍ പാഡുകളിലുമുണ്ട്. ഡാഷ്ബോര്‍ഡ് പാനലില്‍ നക്ഷത്ര ഇല്യൂമിനേഷനില്‍ "സ്പെക്റ്റര്‍' എന്ന് കാണാം. വാഹനത്തിന്‍റെ സീറ്റുകള്‍ പുതുമയേറിയതാണ്. ഇന്‍റീരിയറിന്‍റെ സ്റ്റിച്ചിങ്, എംബ്രോയ്ഡറി ഉള്‍പ്പടെ എല്ലാം വിസ്മയ കാഴ്ച്ച ഒരുക്കുന്നുണ്ട്. എല്ലാ റോള്‍സ്-റോയ്സ് കാറുകളിലെയും പോലെ, സ്പെക്റ്റര്‍ ഉപയോക്താക്കള്‍ക്ക് അനന്തമായ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

റോള്‍സ് റോയ്സിന്‍റെ സ്വന്തം സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്ഫോമായ "സ്പിരിറ്റ്' ആണ് സ്പെക്റ്ററിലുള്ളത്. കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയിലൂടെ കാറിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഈ പുതിയ ഡിജിറ്റല്‍ ഇന്‍റര്‍ഫേസ് നിയന്ത്രിക്കും. ഇലക്‌ട്രിക് കാറുകളുടെ ഭാവിയുടെ ചൂണ്ടുപലക കൂടിയാണ് റോള്‍സിന്‍റെ സ്പെക്റ്റര്‍. മുന്നിലും പിന്നിലുമായി രണ്ട് സിന്‍ക്രണസ് ഇലക്‌ട്രിക് മോട്ടോറുകള്‍ വഴി സ്പെക്റ്റര്‍ ഉത്പാദിപ്പിക്കുന്ന സംയോജിത ഊർജം മറ്റ് റോള്‍സ് റോയ്സ് ഭീമന്മാര്‍ക്ക് തുല്യമായി 584 കുതിരശക്തിയും 900 എന്‍എ ടോര്‍ക്കും നല്‍കി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലേക്ക് എത്താനായി 4. 5 സെക്കൻഡുകള്‍ മാത്രമാണ് എടുക്കുക. 2. 5 ദശലക്ഷം കിലോമീറ്റര്‍ പരീക്ഷണ ഓട്ടത്തിനുശേഷമാണ് ഇത് നിരത്തിലെത്തുന്നത്. 2030ഓടെ ഓള്‍-ഇലക്‌ട്രിക് ബ്രാന്‍ഡായി മാറുക എന്ന റോള്‍സിന്‍റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്.

Trending

No stories found.

More Videos

No stories found.