
#ബിസിനസ് ലേഖകൻ
കൊച്ചി: ഇന്ത്യന്‍ റോഡുകളില്‍ നിന്നും ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ നടപടികള്‍ക്ക് തുടക്കമിടുന്നു. പുതിയ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ പത്ത് ശതമാനം അധികം ചരക്കു സേവന നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ധനമന്ത്രാലയത്തിന് നല്‍കാനാണ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി ഒരുങ്ങുന്നത്.
പ്രകൃതി സൗഹൃദ ഇന്ധനങ്ങളിലേക്ക് മാറുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നത്. വൈദ്യുതി, ഹൈഡ്രജന്‍, ബയോ ഫ്യുവല്‍ എന്നിവയിലോടുന്ന വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഊന്നല്‍ നല്കി കാലാവസ്ഥാ പരിപാലന രംഗത്ത് ഇന്ത്യ ഒപ്പുവച്ചിട്ടുള്ള ആഗോള നിബന്ധനകള്‍ പാലിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.
മലിനീകരണ നികുതി എന്ന പേരിലുള്ള അധിക ബാധ്യത ഏര്‍പ്പെടുത്തുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് നിതിന്‍ ഗഡ്കരി പ്രതീക്ഷിക്കുന്നത്. ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം ഘട്ടംഘട്ടമായി കുറയ്ക്കാന്‍ ഓട്ടൊമൊബൈല്‍ കമ്പനികള്‍ തയാറാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു. നികുതി ബാധ്യത കുത്തനെ കൂടുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന സാവധാനം ഇല്ലാതെയാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു.
ഇന്ധന വില നിയന്ത്രണം പൂര്‍ണമായും എടുത്തു കളഞ്ഞതോടെ 2014 മുതല്‍ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന തുടര്‍ച്ചയായി താഴേക്ക് നീങ്ങുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ വാഹന വിപണിയില്‍ 18 ശതമാനം മാത്രം വിഹിതമാണ് ഡീസല്‍ എന്ജിന് വാഹനങ്ങള്‍ക്കുള്ളത്. 2014ന് മുന്‍പ് ഡീസല്‍ വാഹനങ്ങളുടെ വിപണി വിഹിതം 54 ശതമാനത്തിന് മുകളിലായിരുന്നു.
അതേസമയം ഡീസല്‍ വാഹനങ്ങളുടെ മേല്‍ പത്ത് ശതമാനം അധികം ജിഎസ്ടി ഏര്‍പ്പെടുത്താനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ചരക്ക് ഗതാഗത മേഖലയിലുള്ളവര്‍ പറയുന്നു. രാജ്യത്തെ ചരക്ക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 90 ശതമാനവും ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്നവയാണ്. പൊടുന്നനെ ഈ സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ വെല്ലുവിളികള്‍ ഏറെയാണെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇതിനിടെ ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക മലിനീകരണ നികുതി ഏര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്തകള്‍ മുന്‍നിര വാണിജ്യ വാഹന നിർമാണ കമ്പനികളുടെ ഓഹരികളില്‍ വന്‍ വില്‍പ്പന സമ്മർദം സൃഷ്ടിച്ചു. 2027ല്‍ പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ ഫോര്‍ വീലര്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ ഉപദേശക ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
അതേസമയം ഡീസല്‍ വാഹനങ്ങള്‍ക്ക് പത്തു ശതമാനം നികുതി വര്‍ധിപ്പിക്കുമെന്ന സൂചന പിന്‍വലിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരത്തിലൊരു നികുതി വര്‍ധനയ്ക്കുള്ള നിര്‍ദേശം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. നേരത്തെ, നികുതി വര്‍ധന സംബന്ധിച്ച സൂചന മന്ത്രിയില്‍ നിന്നു ലഭിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണികളില്‍ ഡീസല്‍ വാഹന നിര്‍മാണ കമ്പനികളുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പുതിയ വിശദീകരണം.
ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനവും വില്‍പ്പനയും നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നികുതി വര്‍ധന നിര്‍ദേശം വന്നത്. വാഹന നിര്‍മാതാക്കള്‍ ഡീസല്‍ വാഹന ഉത്പാദനം കുറച്ചില്ലെങ്കില്‍ നികുതി വര്‍ധിപ്പിക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. എന്നാല്‍, ഇത് അടിയന്തര പരിഗണനയിലുള്ള കാര്യമല്ലെന്നാണ് പിന്നീട് അദ്ദേഹം വിശദീകരിച്ചു.