ടെസ്‌ല എക്‌സ് ആദ്യമായി കേരളത്തിൽ, കൊച്ചിയിൽ അടുത്തറിയാൻ അവസരം | Video

ജെയിൻ സർവകലാശാല ആതിഥ്യം വഹിക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025' ശനിയാഴ്ച വൈകിട്ട് ഏഴിന് കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്‍ററിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

കൊച്ചി: ടെസ്‌ലയുടെ ക്രോസ്ഓവര്‍ എസ്‌യുവി മോഡല്‍ എക്‌സിന്‍റെ പ്രദര്‍ശനം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍. ഭാവിയെ ആസ്പദമാക്കി രാജ്യത്താദ്യമായി ഒരു സര്‍വകലാശാല നടത്തുന്ന ഉച്ചകോടി കൂടുതല്‍ ആകര്‍ഷണമാക്കുവാന്‍ യുകെയില്‍ നിന്നാണ് വാഹനം എത്തിച്ചിരിക്കുന്നത്. വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റും ഫ്യൂച്ചര്‍ എന്നാണ് നല്‍കിയിരിക്കുന്നത്.

കാര്‍നെറ്റ് വഴി കേരളത്തില്‍ എത്തിച്ച വാഹനം ആറുമാസം ഇവിടെ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. അത്യാധുനികവും ആകര്‍ഷണീയവുമായ രീതിയിലാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

തങ്ങളുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്‍റെ ഹൃദയമിടിപ്പ് തന്നെയായ ടെസ്‌ല, വിദ്യാർഥികളെയും ടെക് പ്രേമികളെയും ഒരുപോലെ ആകര്‍ഷിക്കുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് പറയുന്നു.

താഴെ നിന്ന് മുകളിലേക്ക് തുറക്കുന്ന ഗൾ-വിങ് ഡോറുകളും ഓട്ടോപൈലറ്റ് സവിശേഷതകളും എക്സ് മോഡലിന്‍റെ പ്രത്യേകതയാണ്. വാഹനത്തിന്‍റെ വേഗം, സുസ്ഥിരത, ടെസ്‌ലയുടെ ദീര്‍ഘവീക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചെല്ലാം ആളുകള്‍ക്ക് അറിയാനും മനസിലാക്കാനും അവസരം ഒരുക്കുകയാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചറെന്ന് ഡോ. ടോം ജോസഫ് വ്യക്തമാക്കി.

ഒറ്റ ചാര്‍ജില്‍ 358 മൈല്‍ (576 കിലോമീറ്റര്‍) സഞ്ചരിക്കും ഈ ക്രോസ് ഓവര്‍ എസ്‌യുവി. 60 മൈല്‍ (96 കിലോമീറ്റര്‍) വേഗത്തിലെത്താന്‍ 3.8 സെക്കന്‍ഡ് മതി. ഉയര്‍ന്ന വേഗം 155 മൈല്‍ (250 കിലോമീറ്റര്‍). ട്രൈ മോട്ടര്‍ പവര്‍ട്രെയിനാണ് മോഡല്‍ എക്‌സിന്. മുന്‍ മോട്ടറിന് 252 കിലോവാട്ട് കരുത്തുണ്ട്. പിന്നില്‍ 252 കിലോവാട്ട് കരുത്ത് വീതുമുള്ള രണ്ട് മോട്ടറുകളാണ് ഉപയോഗിക്കുന്നത്. മൂന്ന് മോട്ടറുകളും കൂടി ചേര്‍ന്ന് എക്‌സിന് 670 എച്ച്പി പരമാവധി കരുത്ത് നല്‍കും. ആറു പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന ഈ എസ്‌യുവിയുടെ ഭാരം 2462 കിലോഗ്രാമാണ്.

സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് ശനിയാഴ്ച തുടക്കം

ജെയിൻ സർവകലാശാല ആതിഥ്യം വഹിക്കുന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025' ശനിയാഴ്ച വൈകിട്ട് ഏഴിന് കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്‍ററിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക പ്രഭാഷണം നടത്തും. ഹൈബി ഈഡൻ എംപി, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജെയിൻ സ‍ർവകലാശാലാ ചാൻസലർ ചെൻരാജ് റോയ്ചന്ദ്, പ്രൊ വൈസ് ചാൻസിലർ ജെ. ലത, ന്യൂ ഇനീഷ്യേറ്റിവ് ഡയറക്റ്റർ ഡോ. ടോം ജോസഫ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേർന്നുകൊണ്ട് രൂപകൽപ്പന ചെയ്ത ഉച്ചകോടിയിൽ നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും ചർച്ചചെയ്യും. ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ നടക്കുന്ന സമ്മിറ്റിൽ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കും.

കൗതുകവും വിജ്ഞാനവും പകരുന്ന റോബോട്ടിക് എക്സ്പോ മേളയുടെ പ്രത്യേകതയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രീൻ ടെക്നോളജി, എന്നിവയിലെ ഏറ്റവും പുതിയ കണ്ടെത്തലുകളുടെ പ്രദർശനവും ഉച്ചകോടിയിൽ ഉണ്ടാകും.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com