കാറുകള്‍ക്ക് ആവശ്യക്കാരില്ല...

മികച്ച വാഹനങ്ങള്‍ വിപണിയില്‍ ലഭ്യമായിട്ടും ആളുകള്‍ പുതിയ വാഹനം സ്വന്തമാക്കാന്‍ മടിക്കുന്നു
There is no demand for cars
car market
Updated on

കൊച്ചി: ഇന്ത്യന്‍ വാഹന വിപണിയില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പന കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഒരു വാഹനം ഡീലറില്‍ നിന്നും ഉപയോക്താവിന്‍റെ കൈകളിലെത്താന്‍ ഏതാണ്ട് 62-67 ദിവസമാണെടുക്കുന്നത്. ഇത് ഇന്ത്യന്‍ വാഹന വിപണിയില്‍ ആദ്യമാണെന്നാണ് റിപ്പോര്‍ട്ട്.

മികച്ച വാഹനങ്ങള്‍ വിപണിയില്‍ ലഭ്യമായിട്ടും ആളുകള്‍ പുതിയ വാഹനം സ്വന്തമാക്കാന്‍ മടിക്കുന്നു. വാഹന ഷോറൂമുകളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ 15 ശതമാനം കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മേയില്‍ ഇന്ത്യന്‍ വാഹന വിപണിയിലെ ഡീലര്‍ ഇന്‍വന്‍ററി (ഡീലര്‍മാരുടെ പക്കലുള്ള സ്റ്റോക്ക്) 44,000 കോടി എത്തിയിരുന്നു. നിലവില്‍ 60,000 കോടി രൂപ വില വരുന്ന വാഹനങ്ങള്‍ ഡീലര്‍മാരുടെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 6,00,000 - 6,50,000 യൂണിറ്റ് വാഹനങ്ങള്‍ വിപണിയില്‍ കെട്ടിക്കിടക്കുന്നുവെന്നാണ് ഓട്ടൊമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

ജൂണില്‍ കമ്പനികളില്‍ നിന്നും ഡീലര്‍മാരിലേക്ക് എത്തിയത് 3,41,000 യൂണിറ്റുകളാണ്. എന്നാല്‍ വാഹന രജിസ്ട്രേഷന്‍ നടന്നതാകട്ടെ 2,81,600 യൂണിറ്റുകള്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 3,02,000 യൂണിറ്റുകളായിരുന്നു. ഇത് വിപണിയില്‍ ഡിമാന്‍ഡ് കുറയുന്നതിന്‍റെ ലക്ഷണമാണെന്നാണ് വിലയിരുത്തല്‍. വില്‍പ്പന നടക്കാതെ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നത് ഡീലര്‍മാരുടെ പ്രവര്‍ത്തനച്ചെലവും കൂട്ടിയിട്ടുണ്ട്.

ഷോറൂമുകളിലേക്ക് ആളുകളെ എത്തിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ് വാഹന ഡീലര്‍മാര്‍. ഷോറൂമുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാനും ആലോചനയുണ്ട്. സാധാരണ സമയത്തേക്കാള്‍ കൂടുതല്‍ തുറന്നിരിക്കാന്‍ മാരുതി സുസുക്കി ഷോറൂമുകള്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉത്തരേന്ത്യയില്‍ കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ സെയില്‍സ് പ്രമോഷന്‍ ഇവന്‍റുകള്‍ വൈകുന്നേരങ്ങളിലേക്ക് മാറ്റാനും ഡീലര്‍മാര്‍ ആലോചിക്കുന്നുണ്ട്.

ഉത്തരേന്ത്യയില്‍ വിവാഹ സീസണ്‍ അവസാനിച്ചതും കൊടും ചൂടും മണ്‍സൂണ്‍ വൈകിയതുമെല്ലാം വില്‍പ്പന കുറയാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഷോറൂമിലേക്ക് എത്തുന്ന ആളുകള്‍ കുറഞ്ഞതിനോടൊപ്പം വാങ്ങാന്‍ നിശ്ചയിച്ചിരുന്നവര്‍ തീരുമാനം മാറ്റിവച്ചതും വില്‍പ്പനയെ ബാധിച്ചു. വിപണിയില്‍ ഇന്ധനക്ഷമത കൂടിയ വാഹനങ്ങളെത്തുമെന്ന വാര്‍ത്തകളും ആളുകളെ സ്വാധീനിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com