10 മിനിറ്റ് ഡെലിവറി ഇനിയില്ല; വേഗത്തെക്കാൾ പ്രധാനം സുരക്ഷയെന്ന് കേന്ദ്രം

ഓർഡർ ചെയ്യുന്ന സാധനം 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുമെന്ന വാഗ്ദാനം പിൻവലിക്കുന്നു. ഡെലിവറി തൊഴിലാളികളുടെ സുരക്ഷ പ്രധാനം. സമ്മർദം ഒഴിവാക്കണമെന്ന് കേന്ദ്രം. പൊലീസ് പരിശോധന കർശനം
10 minute delivery offer ends; safety concerns

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ 10 മിനിറ്റ് ഡെലിവറി അവസാനിപ്പിക്കുന്നു.

freepik.com

Updated on

ഓൺലൈൻ ഷോപ്പിങ് ലോകത്ത് പുതിയൊരു മാറ്റത്തിനു തുടക്കമിടുകയാണ് പ്രമുഖ ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് (Blinkit). ഓർഡർ ചെയ്ത് വെറും പത്ത് മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കുമെന്ന തങ്ങളുടെ പഴയ വാഗ്ദാനം ബ്ലിങ്കിറ്റ് പിൻവലിക്കുകയാണ്. സ്വർണ്ണപ്പതക്കം നേടാനുള്ള ഓട്ടമത്സരം പോലെ റോഡിലൂടെ പാഞ്ഞിരുന്ന ഡെലിവറി ബോയ്സിനു വലിയൊരു ആശ്വാസമാണ് ഈ തീരുമാനം.

മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ എത്തിക്കണമെന്ന കടുത്ത സമ്മർദം ഡെലിവറി തൊഴിലാളികളുടെ (Gig workers) സുരക്ഷയെ ബാധിക്കുന്നു എന്ന വ്യാപകമായ പരാതിയെത്തുടർന്നാണ് ഈ നീക്കം. പത്ത് മിനിറ്റ് എന്ന സമയപരിധിക്കുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താനായി ട്രാഫിക് നിയമങ്ങൾ ലംഘിക്കാനും അപകടകരമായ രീതിയിൽ വാഹനമോടിക്കാനും തൊഴിലാളികൾ നിർബന്ധിതരാകുന്നു എന്ന് കേന്ദ്ര സർക്കാരും നിരീക്ഷിച്ചിരുന്നു.

ഡെലിവറി ആപ്പുകൾ ഇത്തരം സമയപരിധികൾ ഒഴിവാക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം കർശന നിർദേശം നൽകിയതിന് പിന്നാലെയാണ് ബ്ലിങ്കിറ്റിന്‍റെ നടപടി.

പൊലീസ് നടപടികളും നിയന്ത്രണങ്ങളും

ഡെലിവറി ബോയ്സ് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് തടയാൻ വിവിധ നഗരങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന് പുറമെ, അമിത വേഗം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ബിസിനസ് മോഡലുകൾക്കെതിരേ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.

പുതിയ മാറ്റമനുസരിച്ച്, ഉപഭോക്താക്കൾക്ക് സാധനങ്ങൾ ലഭിക്കാൻ കുറച്ച് അധികം സമയം എടുത്തേക്കാം, എന്നാൽ അത് എത്തിക്കുന്ന തൊഴിലാളിയുടെ ജീവൻ അപകടത്തിലാകില്ല എന്ന ഉറപ്പ് കമ്പനി നൽകുന്നു.

തയാറെടുപ്പുകൾ ഇങ്ങനെ

നിലവിൽ ആപ്പിലെ '10 മിനിറ്റ്' എന്ന ടാഗ് ലൈൻ ഒഴിവാക്കിത്തുടങ്ങി. പകരം 'മിനിറ്റുകൾക്കുള്ളിൽ' എന്നാകും ഇനി ഉപഭോക്താക്കൾക്ക് കാണാൻ സാധിക്കുക. പത്ത് മിനിറ്റിന് പകരം ഏകദേശം 15 മുതൽ 25 മിനിറ്റ് വരെയാകും ഇനി സാധനങ്ങൾ ലഭിക്കാൻ എടുക്കുന്ന സമയം. തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കാനും മികച്ച സേവനം ഉറപ്പാക്കാനും ഈ മാറ്റം സഹായിക്കുമെന്നാണ് വിപണിയിലെ വിലയിരുത്തൽ.

ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്ന സെപ്‌റ്റോ (Zepto), സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് (Swiggy Instamart) തുടങ്ങിയ മറ്റ് ആപ്പുകളും വരും ദിവസങ്ങളിൽ സമാനമായ തീരുമാനങ്ങൾ എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Summary

ഡെലിവറി തൊഴിലാളികളുടെ സുരക്ഷയും റോഡ് നിയമങ്ങളും പരിഗണിച്ച് പത്ത് മിനിറ്റ് ഡെലിവറി വാഗ്ദാനം പ്രമുഖ ഓൺലൈൻ വ്യാപാര ശൃംഖലയായ ബ്ലിങ്കിറ്റ് പിൻവലിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ഓർഡറുകൾ എത്തിക്കാൻ തൊഴിലാളികൾ നേരിടുന്ന അമിത സമ്മർദ്ദവും അപകടങ്ങളും കണക്കിലെടുത്ത് സമയപരിധി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആപ്പുകളോട് ആവശ്യപ്പെട്ടിരുന്നു. ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ പൊലീസ് നടപടി കർശനമാക്കിയതും പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. മറ്റ് ക്വിക് കൊമേഴ്‌സ് ആപ്പുകളും വരും ദിവസങ്ങളിൽ സമാനമായ മാറ്റങ്ങൾ വരുത്തിയേക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com