സപ്ലൈകോ @50

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജനക്ഷേമം മുന്നില്‍കണ്ട് ഒരു വര്‍ഷത്തിനിടെ നടപ്പാക്കുന്നത് 11 പദ്ധതികള്‍
50 years of supplyco
സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അമ്പതിന്‍റെ നിറവില്‍

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) അമ്പതിന്‍റെ നിറവില്‍. 50ാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കും. വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം 25ന് രാവിലെ രാവിലെ 11:30ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

നിലവില്‍ 1600ഓളം ഔട്ട്‌ലെറ്റുകള്‍ സപ്ലൈകോയ്ക്കുണ്ട്. ഇതില്‍ അവശ്യസാധനങ്ങളുടെ വില്‍പ്പനയ്ക്ക് പുറമെ മെഡിസിന്‍, പെട്രോളിയം, എല്‍പിജി, മണ്ണെണ്ണ എന്നീ മേഖലകളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. വാര്‍ഷികത്തോടനുബന്ധിച്ച് രണ്ട് സെയില്‍സ് ഓഫറുകള്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ സപ്ലൈകോ നടപ്പാക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി ഉദ്ഘാടന വേദിയില്‍ നിര്‍വഹിക്കും.

ഒരു വര്‍ഷത്തെ ആഘോഷം പുതിയ ഉത്പന്നങ്ങളടക്കം 11 പദ്ധതികള്‍

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജനക്ഷേമം മുന്നില്‍കണ്ട് ഒരു വര്‍ഷത്തിനിടെ നടപ്പാക്കുന്നത് 11 പദ്ധതികള്‍. സപ്ലൈകോ ആസ്ഥാനത്തും സപ്ലൈക്കോയുമായി ബന്ധപ്പെട്ട് സര്‍ക്കാരിലും പെന്‍ഡിങ് ആയിട്ടുള്ള ഫയലുകള്‍ അദാലത്തു നടത്തി പരിഹാരം കാണുന്ന ഫയല്‍ അദാലത്താണ് ഒന്നാമത്തെ പദ്ധതി. മഹാപ്രളയം, കൊവിഡ് തുടങ്ങിയ കാലയളവില്‍ നടത്താതിരുന്ന സപ്ലൈകോയുടെ ഓഡിറ്റ് അതായത് 2022-23 വരെയുള്ള ഓഡിറ്റ് പൂര്‍ത്തീകരിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. ഇആര്‍പി പൂര്‍ണമായും നടപ്പാക്കുന്നതാണ് മൂന്നാമത്തേത്. നിലവില്‍ എല്ലാ വിൽപ്പനശാലകളിലും ഇആര്‍പി മുഖേനയാണ് വിൽപ്പന നടത്തുന്നത്. കൂടാതെ എല്ലാ ഡിപ്പോകളിലും ഇആര്‍പി നടപ്പിലാക്കിയിട്ടുണ്ട്. ഇനിയും പൂര്‍ത്തീകരിക്കാത്ത മൊഡ്യൂളുകളും ഈ വര്‍ഷത്തില്‍ തന്നെ പൂര്‍ണമായും പൂര്‍ത്തീകരിക്കും.

എന്‍എഫ്എസ്എ സയന്‍റിഫിക് ഗോഡൗണുകളുടെ എണ്ണം 36 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കും. സപ്ലൈകോ റേഷന്‍ വിതരത്തിനായി ഉപയോഗിക്കുന്ന ഗോഡൗണുകളില്‍ 60 ശതമാനവും ആധുനിക രീതിയിലുള്ള സയന്‍റിഫിക് ഗോഡൗണുകളായി മാറ്റുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കൂടാതെ സപ്ലൈകോ ഗോഡൗണുകളും പൂര്‍ണമായി സയന്‍റിഫിക് ഗോഡൗണുകളായി മാറ്റും. ശബരി ബ്രാന്‍ഡില്‍ പുതിയ ഉത്പന്നങ്ങളാണ് മറ്റൊരു പദ്ധതി. ഗുണനിലവാരമുള്ള സൺ ഫ്ളവര്‍ ഓയില്‍, പാമോലിന്‍ ഓയില്‍, ഉപ്പ്, പഞ്ചസാര, ക്ലീനിങ് ഉത്പന്നങ്ങള്‍ തുടങ്ങിയവ ശബരി ബ്രാൻഡില്‍ ന്യായമായ വിലയ്ക്ക് വിപണിയിലെത്തിക്കും.

ആധാര്‍ ലിങ്ക്ഡ് ബയോമെട്രിക് നെല്ല് സംഭരണമാണ് മറ്റൊരു പ്രധാന പദ്ധതി. നിലവില്‍ സപ്ലൈകോ 2.25 ലക്ഷം നെല്‍ കര്‍ഷകരില്‍ നിന്ന് ഓരോ സീസണിലും നെല്ല് സംഭരിക്കുന്നുണ്ട്. ഈ പദ്ധതി കുറ്റമറ്റതാക്കുന്നതിനായി രജിസ്‌ട്രേഡ് കര്‍ഷകരില്‍ നിന്നും ബയോമെട്രിക് വിവരങ്ങള്‍ കൂടി ശേഖരിച്ച്, ആധാര്‍ ലിങ്ക് ബയോമെട്രിക് നെല്ല് സംഭരണം ആക്കി മാറ്റും. ഇതോടൊപ്പം ഉപയോക്താക്കളുടെ ആധാര്‍, ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച്, റേഷന്‍ വിതരണത്തിന് അവലംബിച്ച ഇ-പോസ് സംവിധാനവും നടപ്പിലാക്കും.

ആലപ്പുഴ ജില്ലാ കോടതി വളപ്പില്‍ സപ്ലൈകോയുടെ കൈവശമുള്ള ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടെയ സൂപ്പര്‍മാര്‍ക്കറ്റ് നിർമിക്കും. ഇതിന്‍റെ തറക്കല്ലിടല്‍ വാര്‍ഷികത്തോടനുബന്ധിച്ച് നടത്താനും ഒരു വര്‍ഷത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാനുമാണ് പദ്ധതി. അമ്പത് വര്‍ഷത്തെ സപ്ലൈകോയുടെ ചരിത്രം സൂചിപ്പിക്കുന്ന ചിത്രങ്ങളും ലേഖനങ്ങളും അടങ്ങിയ ഒരു സുവനീര്‍ കം കോഫീ ടേബിള്‍ ബുക്ക് പുറത്തിറക്കും. ഡിസംബര്‍ മാസത്തോടെ സുവനീര്‍ പുറത്തിറക്കാനാണ് പദ്ധതി. മാനന്തവാടി, കൊല്ലം, വാഗമണ്‍ എന്നിവിടങ്ങളില്‍ പുതിയ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കും. തിരുവനന്തപുരം ആല്‍ത്തറ പെട്രോള്‍ പമ്പ് നവീകരണത്തിനും അമ്പതാം വാര്‍ഷികത്തില്‍ തുടക്കം കുറിക്കും. ആല്‍ത്തറ പെട്രോള്‍ പമ്പിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അവശ്യ നിത്യോപയോഗ വസ്തുക്കള്‍ ലഭിക്കുന്ന സപ്ലൈകോ എക്സ്പ്രസ് മാര്‍ട്ടും ആരംഭിക്കും. വെള്ളയമ്പലം, തിരുവനന്തപുരം സ്റ്റാച്യു, എറണാകുളം എംജി റോഡ് എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകള്‍ നവീകരിക്കും.

ആധുനിക രീതിയിലുള്ള മെഡിക്കല്‍ സ്റ്റോറുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. സപ്ലൈകോ നിലവില്‍ നടത്തുന്ന മെഡിക്കല്‍ സ്റ്റോറുകള്‍ക്കു പുറമെ 10ഓളം മെഡിക്കല്‍ സ്റ്റോറുകള്‍ "സപ്ലൈകോ മെഡി മാര്‍ട്ട്' എന്ന പേരില്‍ ആരംഭിക്കും. പൂര്‍ണമായും ശീതികരിച്ച സൂപ്പര്‍മാര്‍ക്കറ്റ് രീതിയിലുള്ള ഈ സ്റ്റോറുകളില്‍ മരുന്നുകള്‍ക്ക് പുറമെ സര്‍ജിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, പ്രമുഖ ബ്രാന്‍ഡുകളുടെ ഹെല്‍ത്ത്കെയര്‍, കോസ്മെറ്റിക് ഉത്പന്നങ്ങള്‍ മുതാലായവ ലഭ്യമാക്കും. 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള മരുന്നുകളുടെ ഓര്‍ഡര്‍ ഉപയോക്താക്കളുടെ വീടുകളില്‍ നേരിട്ടെത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും.

Trending

No stories found.

Latest News

No stories found.