പുത്തൻ ലുക്കിൽ ടാറ്റ പഞ്ച് വരുന്നു; ചിത്രങ്ങൾ പുറത്ത്, 13ന് വിപണിയിലെത്തും
ഇന്ത്യൻ മാർക്കറ്റിൽ ഏറെ ആരാധകരുള്ള വാഹനമാണ് ടാറ്റയുടെ പഞ്ച്. ടാറ്റ മോട്ടോഴ്‌സിന്‍റെ എസ്‌യുവി നിരയിലെ കുഞ്ഞൻ മോഡലാണ് ഇത്. മുഖം മിനുക്കി പുത്തൻ ലുക്കിൽ പഞ്ചിനെ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. ഇപ്പോൾ പുത്തൻ പഞ്ചിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ജനുവരി 13-നാണ് വാഹനം വിപണിയിൽ അവതരിപ്പിക്കുക.
2021-ലാണ് ടാറ്റയുടെ എസ്‌യുവി നിരയിലെ മൈക്രോ എസ്‌യുവി മോഡലായ പഞ്ച് എത്തുന്നത്. അഞ്ച് വർഷത്തിനിടയിൽ കാര്യമായ മുഖംമിനുക്കലോ തലമുറ മാറ്റമോ ഈ വാഹനത്തിൽ വരുത്തിയിരുന്നില്ല. മികച്ച സ്വീകാര്യതയാണ് വാഹനത്തിന് ലഭിച്ചത്. ഇതോടെയാണ് മുഖംമിനുക്കാനുള്ള തീരുമാനം. പുതിയ പഞ്ചിന്‍റെ വരവ് അറിയിച്ചുള്ള ഒന്നിലധികം ടീസറുകൾ ഇതിനോടകം തന്നെ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടിരുന്നു.
എസ്‌യുവി ലുക്കിലാണ് വാഹനത്തിന്‍റെ മുൻഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. വീതി കുറഞ്ഞ രണ്ട് എൽഇഡി ഡിആർഎല്ലുകളാണ് മുന്നിലുള്ളത്. കറുപ്പ് നിറത്തിലുള്ള സ്ട്രിപ്പ് നൽകി ഇവയെ ബന്ധിപ്പിച്ചിട്ടുണ്ട്. വെർട്ടിക്കിളായാണ് ഹെഡ്‌ലാമ്പ് സ്ഥാപിച്ചിരിക്കുന്നത്. ക്ലോസ്ഡ് ഗ്രില്ല്, പുതുമയുള്ള ബമ്പർ എന്നിവയും മുൻഭാഗത്തെ മനോഹരമാക്കുന്നുണ്ട്. ടാറ്റയുടെ മറ്റ് എസ്‌യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് പുതിയ പഞ്ചിന്റെ പിൻഭാഗത്തുള്ളത്. ടെയ്ൽലാമ്പ് യൂണിറ്റ് പൂർണമായും എൽഇഡി ആയിട്ടുണ്ട്. ഒരു എൽഇഡി ലൈറ്റ് സ്ട്രിപ്പ് ഉപയോഗിച്ച് ടെയ്ൽലാമ്പുകളെ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റൂഫ് എക്‌സ്റ്റെന്റഡ് സ്‌പോയിലർ, ഷാർക്ക് ഫിൻ ആന്റിന, പഞ്ച് ബാഡ്ജിങ്, ക്ലാഡിങ്ങുകൾ അലങ്കരിക്കുന്ന റിയർ ബമ്പർ, ബ്ലാക്ക് അലോയി വീലുകൾ തുടങ്ങിയവയാണ് എക്‌സ്റ്റീരിയറിലെ മറ്റ് അലങ്കാരങ്ങൾ.
വലിയ അഴിച്ചുപണിയാണ് അകത്തളത്തിൽ വരുത്തിയിരിക്കുന്നത്. ഇലക്ട്രിക് മോഡലിനോട് കൂടുതൽ ചേർന്ന് നിൽക്കുന്നതാണ് ഇന്റീരിയർ ഡിസൈൻ. ടു സ്‌പോക്ക് അലോയി വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, സ്റ്റാന്റ് എലോൺ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഇരട്ട നിറത്തിൽ നൽകിയിട്ടുള്ള ഡാഷ് ബോർഡ്, ടച്ച് സ്‌ക്രീൻ ക്ലൈമറ്റ് കൺട്രോൾ പാനൽ, ഫാബ്രിക് ഫിനീഷിങ്ങിൽ രണ്ട് നിറങ്ങളിൽ ഒരുക്കിയിട്ടുള്ള സീറ്റുകൾ എന്നിങ്ങനെ നീളുന്ന അകത്തളത്തിലെ ഫീച്ചറുകൾ. നെക്‌സോണിൽ ഉൾപ്പെടെ ടാറ്റ മോട്ടോഴ്‌സ് നൽകിയിട്ടുള്ള 1.2-ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പുതിയ പഞ്ചിലും കരുത്തേകും. ഇത് ഏകദേശം 118 ബിഎച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ്. ഇതിനൊപ്പം നിലവിലെ പഞ്ചിൽ നൽകിയിട്ടുള്ള 1.2 ലിറ്റർ പെട്രോൾ എൻജിനിലും, സിഎൻജി എൻജിനിലും ഈ വാഹനം എത്തും. അഞ്ച് സ്പീഡ് മാനുവൽ, എഎംടി എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളിലും പഞ്ച് എത്തും.