

വിനോദ വ്യവസായ ലോകത്തെ ഞെട്ടിച്ച് നെറ്റ്ഫ്ളിക്സ് - വാർനർ ബ്രദേഴ്സ് ഡീൽ.
നെറ്റ്ഫ്ലിക്സ് വാർണർ ബ്രോസിനെ 82.7 ബില്യൺ ഡോളറിന് ഏറ്റെടുക്കുന്നു. സ്ട്രീമിങ് ഭീമൻ്റ ഈ നീക്കം 'ബാറ്റ്മാൻ' അടക്കമുള്ള വൻകിട സിനിമകളുടെ റിലീസ് രീതി മാറ്റുമെന്നും, ഇടത്തരം സിനിമകളുടെ തിയറ്റർ റിലീസ് ഇല്ലാതാക്കുമെന്നും വിമർശനമുണ്ട്. സിനിമാ തിയറ്ററുകൾക്ക് ഭീഷണിയായേക്കാവുന്ന ഈ മെഗാ ഡീലിനെതിരെ കുത്തക വിരുദ്ധ നിയമപ്രകാരം നിയമനടപടി വരാനും സാധ്യതയുണ്ട്.
ലോകത്തെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്, ഹോളിവുഡിലെ ഐതിഹാസിക സ്ഥാപനമായ വാർണർ ബ്രോസിനെ ഏറ്റെടുക്കാൻ ഒരുങ്ങുമ്പോൾ ആഗോള വിനോദ വ്യവസായ ലോകം ആശങ്കയിലാണ്. 82.7 ബില്യൺ യുഎസ് ഡോളറിന്‍റെ (ഏകദേശം ഏഴു ലക്ഷം കോടി ഇന്ത്യൻ രൂപ) ഈ മെഗാ ഡീൽ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
100 വർഷത്തെ പാരമ്പര്യമുള്ള വാർണർ ബ്രോസിന്‍റെ 'ലൂണി ട്യൂൺസ്' മുതൽ 'ദി വൈറ്റ് ലോട്ടസ്' വരെയുള്ള വൻ ആർക്കൈവ് ഈ ഡീലിലൂടെ നെറ്റ്ഫ്ലിക്സിനു സ്വന്തമാകും. നിലവിലുള്ള ലൈസൻസിങ് ചെലവുകൾ ലാഭിക്കാനും സ്ട്രേഞ്ചർ തിങ്സ് പോലെ പുതിയ ബ്രാൻഡുകൾക്കു പുറമെ വിപുലമായ ഉള്ളടക്കം സ്വന്തമാക്കാനും ഇതു നെറ്റ്ഫ്ലിക്സിനെ സഹായിക്കും.
ഈ ഡീലിനെതിരേ ചലച്ചിത്ര പ്രേമികളും ക്രിയേറ്റീവ് സമൂഹവും രംഗത്തുണ്ട്. നടി ജെയ്ൻ ഫോണ്ട ഇതിനെ 'വിനാശകരം' എന്നാണ് വിശേഷിപ്പിക്കുന്നത്. സിനിമാ വ്യവസായത്തിനാകെ ഇതു ഭീഷണിയാണെന്നാണ് അവരുടെ വാദം. പാരമൗണ്ട് സ്കൈഡാൻസ് കമ്പനി ഒരു ഹോസ്റ്റൈൽ ബിഡ് മുഖേന ഏറ്റെടുക്കലിനെ എതിർക്കുന്നുമുണ്ട്.
സ്ട്രീമിങ് വന്നതോടെ സിനിമാ തിയറ്ററുകളിലെ തിരക്ക് കുറഞ്ഞു. കോവിഡിനു ശേഷം ഈ കുറവ് 13 ശതമാനത്തോളമാണ്. തിയറ്ററുകൾക്ക് മുൻഗണന നൽകേണ്ടതില്ല എന്നതാണ്, നെറ്റ്ഫ്ലിക്സിന്‍റെ സിഇഒ ആയ ടെഡ് സരണ്ടോസിന്‍റെ പ്രഖ്യാപിത നിലപാട്. സിനിമ തിയറ്ററിൽ ഇറങ്ങുന്നതും വീട്ടിലെത്തുന്നതും തമ്മിലുള്ള ഇടവേള പരമാവധി കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ് ശ്രമിക്കുമെന്നും സരണ്ടോസ് സൂചിപ്പിച്ചു.
ഡീൽ നടപ്പാകുന്നതോടെ, 'ബാറ്റ്മാൻ' പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ തിയറ്ററിൽ എത്തുമെങ്കിലും, ഇടത്തരം ബജറ്റിലുള്ള ഒറിജിനൽ സിനിമകൾക്ക് തിയറ്റർ റിലീസ് നഷ്ടമായേക്കും.
അതേസമയം, സ്ട്രീമിങ് രംഗത്തെ പ്രബലരായ നെറ്റ്ഫ്ലിക്സും (വാർണർ ബ്രോസ് വഴി) എച്ച്ബിഒയും ഒന്നിക്കുന്നത് കുത്തക വിരുദ്ധ നിയമപ്രകാരം (Antitrust) ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. എതിരാളിയായ സ്കൈഡാൻസ്, വർഷത്തിൽ 30 സിനിമകൾ പരമ്പരാഗതമായ ഇടവേളകളിൽ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഉറപ്പ് നൽകി രംഗത്തെത്തിയിട്ടുമുണ്ട്.