
കൊച്ചി: ശ്രീലങ്കയില്‍ 500 മെഗാവാട്ട് കാറ്റാടിപ്പാടം സ്ഥാപിക്കുന്നതിനും ഇന്ത്യയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനുമായി അദാനി ഗ്രൂപ്പ് 6,225 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം നടത്തുന്നു. ഗ്രൂപ്പിന്‍റെ അദാനി ഗ്രീന്‍ എനര്‍ജിയാണ് ശ്രീലങ്കയില്‍ കാറ്റാടിപ്പാടം സ്ഥാപിക്കുന്നത്.
ശ്രീലങ്കയുടെ വടക്ക് ഭാഗത്ത് ശക്തമായ കാറ്റുള്ളതിനാല്‍ പുനരുപയോഗ ഊര്‍ജത്തിനായി കാറ്റാടിപ്പാടം സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദാനി പോര്‍ട്ട്സ് ആന്‍ഡ് സെസിന്‍റെ ഡയറക്റ്ററും സിഇഒയുമായ കരണ്‍ അദാനി പറഞ്ഞു. ഇത് കമ്പനി വൈദ്യുതി വിതരണത്തിനായി ബംഗ്ലാദേശുമായി ഉണ്ടാക്കിയ കരാറിന് സമാനമായിരിക്കുമെന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉത്പാദിപ്പിക്കുന്ന മൊത്തം വൈദ്യുതിയുടെ കാര്യത്തില്‍ ഗ്രൂപ്പ് ഇതുവരെ അന്തിമരൂപം നല്‍കിയിട്ടില്ല. ആവശ്യമായ മൊത്തം നിക്ഷേപവും തീരുമാനമായിട്ടില്ല. നിലവില്‍ പദ്ധതിക്കായുള്ള ചില അംഗീകാരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഈ അംഗീകാരങ്ങള്‍ ലഭിച്ചാല്‍ വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഒപ്പുവെക്കും.
അനുമതി ലഭിച്ച തീയതി മുതല്‍ പരമാവധി രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാന്‍ കഴിയും. ശ്രീലങ്കയുടെ ഏറ്റവും വില കുറഞ്ഞ വൈദ്യുതി സ്രോതസുകളില്‍ ഒന്നായിരിക്കും ഇതെന്നും കരണ്‍ അദാനി പറഞ്ഞു. അദാനി ഗ്രീന്‍ എനര്‍ജിക്ക് 8.3 ജിഡബ്ല്യു പ്രവര്‍ത്തന ശേഷിയുള്ള പുനരുപയോഗ ഊര്‍ജ ശേഷിയുണ്ട്. മറ്റൊരു 12.12 ജിഡബ്ല്യു നിർമാണഘട്ടത്തിലുമാണ്.