അധിക തീരുവ; ആഗോള ഓഹരി വിപണികള്‍ വീണ്ടും സമ്മര്‍ദത്തില്‍
അധിക തീരുവ; ആഗോള ഓഹരി വിപണികള്‍ വീണ്ടും സമ്മര്‍ദത്തില്‍
അധിക തീരുവ വിഷയത്തില്‍ ആഗോള ഓഹരി വിപണികള്‍ വീണ്ടും സമ്മര്‍ദത്തില്‍. ഇന്ത്യന്‍ വിപണിക്ക് തുടര്‍ച്ചയായ രണ്ടാം വാരത്തിലും തളര്‍ച്ചയെ അതിജീവിക്കാനായില്ല. ബോംബെ സെന്‍സെക്സ് 932 പോയിന്‍റും നിഫ്റ്റി സൂചിക 311 പോയിന്‍റും പ്രതിവാര നഷ്ടത്തിലാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്ക് കാണിക്കുന്ന തിടുക്കം കണക്കിലെടുത്താല്‍ സൂചികയില്‍ ചാഞ്ചാട്ട സാധ്യത നിലനില്‍ക്കാം. അതേസമയം വിപണിയിലേക്ക് പണപ്രവാഹം നടത്തി മുന്‍നിര ഇന്‍ഡക്സുകള്‍ക്ക് ഉണര്‍വ് പകരാന്‍ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകള്‍ ഈ അവസരത്തില്‍ ശ്രമിക്കാം.
ബോംബെ സൂചിക 83,432 പോയിന്‍റില്‍ നിന്നും 83,751ലേക്ക് ഉയര്‍ന്നെങ്കിലും ഇടപാടുകാര്‍ ലാഭമെടുപ്പിന് രംഗത്തിറങ്ങിയത് വില്‍പ്പന സമ്മര്‍ദമായി. സൂചിക 83,000 പോയിന്‍റിലെ സപ്പോര്‍ട്ട് തകര്‍ത്ത് 82,442ലേക്ക് ഇടിഞ്ഞു, വ്യാപാരാന്ത്യം സൂചിക 83,500 പോയിന്‍റിലാണ്. ഈ വാരം വിപണിക്ക് 82,044-81,588 പോയിന്‍റില്‍ താങ്ങുണ്ട്, ഇത് നിലനിര്‍ത്തി ഒരു തിരിച്ചുവരവ് വിപണി കാഴ്ചവച്ചാല്‍ 83,353-84,206 പോയിന്‍റ് വരെ മുന്നേറാം.
നിഫ്റ്റി മുന്‍വാരത്തിലെ 25,641 പോയിന്‍റില്‍ നിന്നും മുന്നേറാന്‍ അവസരം നല്‍കാതെ ഹെവിവെയ്റ്റ് ഓഹരികളില്‍ അലയടിച്ച വില്‍പ്പന തരംഗത്തില്‍ സൂചിക 25,179ലെ താങ്ങ് തകര്‍ത്ത് 25,129 പോയിന്‍റിലേക്ക് ഇടിഞ്ഞു, വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 25,149 പോയിന്‍റിലാണ്. വിപണിയുടെ പ്രതിദിന ചലനങ്ങള്‍ വീക്ഷിച്ചാല്‍ നിഫ്റ്റിക്ക് 25,005-24,861 പോയിന്‍റിൽ ഈ വാരം താങ്ങ് പ്രതീക്ഷിക്കാം. ഈ റേഞ്ചില്‍ ആഭ്യന്തര ഫണ്ടുകള്‍ വിപണിയില്‍ പിടിമുറുക്കിയാല്‍ തിരിച്ചുവരവിന് വേഗത വർധിക്കാം, നിഫ്റ്റിക്ക് 25,416-25,685 പോയിന്‍റില്‍ പ്രതിരോധം നിലവിലുണ്ട്.
നിഫ്റ്റി ജൂലൈ ഫ്യൂച്ചര്‍ വാരാന്ത്യം 22,223 ലാണ്. വിപണിയിലെ ഓപ്പണ്‍ ഇൻറസ്റ്റില്‍ കാര്യമായ മാറ്റം സംഭവിച്ചില്ലെന്ന് മാത്രമല്ല, വ്യാപാരാന്ത്യം 135 ലക്ഷം കരാറുകളിലാണ്. നിലവിലെ സാഹചര്യത്തില്‍ 24,500 മേഖലയില്‍ താങ്ങുണ്ട്, മുന്നേറിയാല്‍ 25,400-25,650 വരെ ചുവടുവയ്ക്കാം. മുന്‍നിര ഓഹരിയായ ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ആര്‍ഐഎല്‍, ടാറ്റ മോട്ടോഴ്സ്, മാരുതി, എം ആൻഡ് എം, എല്‍ ആൻഡ് ടി, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വിലകള്‍ താഴ്ന്നു. അതേസമയം നിക്ഷേപകര്‍ കാണിച്ച താത്പര്യത്തില്‍ എച്ച്‌യുഎല്‍, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐടിസി, സണ്‍ഫാര്‍മ ഓഹരി വിലകള്‍ വർധിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എയര്‍ടെല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, ടാറ്റ ടെക്നോളജീസ്, വിപ്രോ, എച്ച്സിഎല്‍ ടെക്നോളജീസ് എന്നിവ ഈ വാരം ത്രൈമാസ പ്രവര്‍ത്തന ഫലങ്ങൾ പ്രഖ്യാപിക്കും. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിക്ക് ശക്തമായി പിന്തുണ നല്‍കി 8291 കോടി രൂപ നിക്ഷേപിച്ചു. മൂന്നു മാസമായി ഫണ്ടുകള്‍ നിക്ഷേപകരായാണ് ഇന്ത്യയില്‍ നിലകൊണ്ടത്, എന്നാല്‍ ജൂലൈയില്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനക്കാരായി ഇതിനകം 10,284 കോടി രൂപയുടെ ഓഹരികള്‍ കൈവിട്ടു. കഴിഞ്ഞവാരം അവര്‍ 5130 കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
വിനിമയ വിപണിയില്‍ രൂപയ്ക്ക് തളര്‍ച്ച. 85.44 നിന്നും രൂപയുടെ മൂല്യം 86.01ലേക്ക് ദുര്‍ബലമായ ശേഷം 85.50ലേക്ക് വാരമധ്യം കരുത്ത് തിരിച്ചുപിടിച്ചെങ്കിലും ക്ലോസിങ്ങില്‍ നിരക്ക് 85.77ലാണ്. സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 3333 ഡോളറില്‍ നിന്ന് 3284 ഡോളറിലേക്ക് താഴ്ന്ന അവസരത്തില്‍ ഉടലെടുത്ത വാങ്ങല്‍ താത്പര്യം സ്വര്‍ണത്തെ 3368 വരെ ഉയര്‍ത്തി, വ്യാപാരാന്ത്യം നിരക്ക് 3354 ഡോളറിലാണ്