

ഇറാൻ യുദ്ധം അമേരിക്കൻ ഡോളറിന്‍റെ വിലയിടിക്കുമെന്ന് ഫെഡറൽ റിസർവ് ഗവർണർ ക്രിസ് വാലർ
file photo
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം മാസങ്ങളോളം നീണ്ടു നിന്നാൽ അമെരിക്കൻ ഉപഭോക്താക്കൾ സാമ്പത്തിക ചെലവുകളിൽ നിന്ന് പിന്നോട്ടു പോയേക്കാമെന്ന് ഫെഡറൽ റിസർവ് ഗവർണർ ക്രിസ് വാലർ മുന്നറിയിപ്പ് നൽകി. അമെരിക്കൻ സമ്പദ് വ്യവസ്ഥയുടെ ആകെ ചലനത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ഉപഭോക്താക്കളുടെ ചെലവഴിക്കലിനെ ആശ്രയിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ പ്രവണത ഗൗരവതരമാണെന്ന് അദ്ദേഹം എസിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
പെട്രോൾ അടക്കമുള്ള ഇന്ധനവില വർധനവിനെതിരെ അമെരിക്കയിലെങ്ങും അതിശക്തമായ ട്രംപ് വിരുദ്ധ വികാരമുണ്ട്. സമ്പദ് വ്യവസ്ഥയ്ക്ക് ഉണർവ് നൽകുന്നതിനായി പലിശ നിരക്ക് കുറയ്ക്കണമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഫെഡറൽ റിസർവിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ബാങ്ക് അധികൃതർ ഇതുവരെ ഇതിനു തയാറായിട്ടില്ല. ഇറക്കുമതി തീരുവകൾ മൂലമുണ്ടാകുന്ന ആഘാതങ്ങളും തൊഴിൽ വിപണിയിലെ തളർച്ചയും നിരീക്ഷിച്ചു വരികയാണെന്നാണ് ബാങ്കിന്‍റെ ഔദ്യോഗിക നിലപാട്.
ഫെബ്രുവരി മാസത്തിലെ കണക്കുകൾ പ്രകാരം 92,000 തൊഴിലവസരങ്ങൾ യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് നഷ്ടമായ സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നതിനെ താൻ പിന്തുണയ്ക്കാതിരുന്നതാണെന്നു വാലർ വെളിപ്പെടുത്തി. എന്നാൽ ഇതിനിടയിൽ ഹോർമുസ് കടലിടുക്ക് അടയ്ക്കപ്പെട്ടത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്.
യുദ്ധം ഇനിയും നീണ്ടുപോകാനുള്ള സാധ്യതയും അതുമൂലം ആഗോളതലത്തിൽ എണ്ണവില ഉയർന്നുതന്നെ നിൽക്കുന്നതും ഡോളറിന്‍റെ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് വാലർ ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ പലിശ നിരക്ക് കുറയ്ക്കണമെന്ന് കരുതിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ നാണയപ്പെരുപ്പമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യുദ്ധം ആഗോള വിപണിയിലുണ്ടാക്കുന്ന ചലനങ്ങൾ വരും മാസങ്ങളിൽ അമേരിക്കൻ ഡോളറിന്‍റെ വിലയിടിക്കുമെന്നാണ് വാലർ സൂചിപ്പിച്ചത്.