വിമാന യാത്രയ്ക്ക് ചെലവേറും

പൈലറ്റുമാരുടെ ക്ഷാമത്തെത്തുടർന്ന് പ്രമുഖ എയര്‍ലൈനായ വിസ്താര നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു
വിമാന യാത്രയ്ക്ക് ചെലവേറും

#ബിസിനസ് ലേഖകൻ

കൊച്ചി: രാജ്യത്തെ വ്യോമയാന മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ച് വിമാന ടിക്കറ്റുകളുടെ നിരക്കുകള്‍ മുകളിലേക്ക് നീങ്ങുന്നു. അവധിക്കാല വിനോദസഞ്ചാര രംഗത്തെ ഉണര്‍വും പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഡിമാന്‍ഡും പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ വിമാനങ്ങളില്ലാത്തതും വിസ്താരയിലെ സമരവുമാണ് സ്ഥിതിഗതികള്‍ വഷളാക്കുന്നത്.

പൈലറ്റുമാരുടെ ക്ഷാമത്തെത്തുടർന്ന് പ്രമുഖ എയര്‍ലൈനായ വിസ്താര നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതോടെ വിമാന ടിക്കറ്റ് നിരക്കുകളില്‍ 30 ശതമാനം വരെ വര്‍ധനയാണുണ്ടായത്. ഇതിനിടെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സര്‍വീസുകളുടെ എണ്ണം കൂട്ടാനും വലിയ വിമാനങ്ങള്‍ ഉപയോഗിക്കാനും മുന്‍നിര വിമാന കമ്പനികള്‍ക്ക് കഴിയുന്നില്ലെന്ന് വ്യോമയാന രംഗത്തുള്ളവര്‍ പറയുന്നു. പൈലറ്റുമാരുടെ സമരം കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിനം 30 സര്‍വീസുകള്‍ വരെയാണ് വിസ്താര റദ്ദാക്കിയത്.

ഗോ ഫസ്റ്റിന്‍റെ പാപ്പർ ഹര്‍ജിയും ഇന്‍ഡിഗോയുടെ നിരവധി വിമാനങ്ങള്‍ എന്‍ജിന്‍ തകരാര്‍ കാരണം ഗ്രൗണ്ട് ചെയ്തതും വ്യോമയാന മേഖലയില്‍ വലിയ സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ ന്യൂഡല്‍ഹിയില്‍ നിന്ന് ബംഗളൂരു, കൊച്ചി, ഗോവ, ജമ്മു തുടങ്ങിയ മേഖലകളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ 30 ശതമാനം വർധന ദൃശ്യമായി. യാത്രക്കാരുടെ വർധനയ്ക്കും വിമാനങ്ങളുടെ കുറവിനുമൊപ്പം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും വ്യോമയാന മേഖലയ്ക്ക് കടുത്ത പരീക്ഷണമാണ് സൃഷ്ടിക്കുന്നത്. അതേസമയം ഇപ്പോഴത്തെ ടിക്കറ്റ് നിരക്കിലെ കുതിപ്പ് താത്കാലിക പ്രതിഭാസമാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും പൂര്‍ണമായും സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ നിരക്കുകള്‍ സാധാരണ നിലയിലാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വ്യോമയാന മേഖലയുടെ 70 ശതമാനം വിപണി വിഹിതവും ഈ രണ്ട് കമ്പനികളുടെ കൈവശമാണ്. സാമ്പത്തിക പ്രതിസന്ധി സ്പൈസ് ജെറ്റിന്‍റെയും ജീവനക്കാരുടെ നിസഹകരണം വിസ്താരയുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com