

ഇൻഡിഗോയും എയർ ഇന്ത്യയും അടക്കം പ്രതിസന്ധിയിൽ.
കൊച്ചി: ക്രൂഡോയില്‍ വിലയിലെ ചാഞ്ചാട്ടവും ഡോളറിനെതിരേ രൂപയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്തെ വിമാന കമ്പനികളുടെ പ്രതിസന്ധി രൂക്ഷമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോ നഷ്ടത്തിലേക്ക് നീങ്ങുന്നതായാണ് സൂചന.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍റര്‍ഗ്ലോബ് ഏവിയേഷന്‍റെ (ഇന്‍ഡിഗോ) നഷ്ടം 2,582.10 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേകാലയളവിലെ നഷ്ടം 986.7 കോടി രൂപയായിരുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കമ്പനിയുടെ വരുമാനം 9.3 ശതമാനം ഉയര്‍ന്ന് 18,555 കോടി രൂപയായി. മുന്‍വര്‍ഷം ഇക്കാലയളവില്‍ 16,969 രൂപയായിരുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ ചാഞ്ചാട്ടം മൂലം വിദേശനാണയ വിനിമയത്തില്‍ 2,892 കോടി രൂപയുടെ നഷ്ടം ഇന്‍ഡിഗോ നേരിട്ടു. ഇന്ത്യന്‍വ്യോമയാന വിപണിയുടെ 64 ശതമാനം വിഹിതം ഇന്‍ഡിഗോയ്ക്കാണ്.
ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള പ്രമുഖ എയര്‍ലൈനുകളായ എയര്‍ ഇന്ത്യ, ടാറ്റ എസ്‌ഐഎ എയര്‍ലൈന്‍സ്, മറ്റ് ഉപകമ്പനികള്‍ എന്നിവയ്ക്ക് 27 ശതമാനം വിപണി വിഹിതമുണ്ട്. ആകാശ് എയര്‍വേയ്‌സിന് 5.6 ശതമാനവും സ്പൈസ് ജെറ്റിന് രണ്ട് ശതമാനവും വിഹിതമാണുള്ളത്.
ഇതിനിടെ വിദേശ സര്‍വീസുകള്‍ ഗണ്യമായി വർധിപ്പിച്ച് ലാഭക്ഷമത വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യയടക്കമുള്ള ടാറ്റാ ഗ്രൂപ്പിന്‍റെ വിമാന കമ്പനികളുടെ നഷ്ടം 48 ശതമാനം ഉയര്‍ന്ന് 10,859 കോടി രൂപയിലെത്തിയിരുന്നു. സ്‌പൈസ് ജെറ്റ്, ആകാശ, ഗോ ഫസ്റ്റ് എന്നിവയും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. ക്രൂഡോയില്‍ വിലയിലെ ചാഞ്ചാട്ടമാണ് വിമാന കമ്പനികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഏവിയേഷന്‍ ടര്‍ബന്‍ ഫ്യൂവലിന്‍റെ (എടിഎഫ്) ചെലവില്‍ ഒക്‌റ്റോബറില്‍ 3.3 ശതമാനം വർധനയാണുണ്ടായത്. വ്യോമയാന കമ്പനികളുടെ മൊത്തം ചെലവില്‍ 30 മുതല്‍ 40 ശതമാനം വരെ ഇന്ധനത്തിനാണ് മുടക്കുന്നത്.
സെപ്റ്റംബറില്‍ രാജ്യത്ത് വിമാന യാത്രക്കാരുടെ എണ്ണം മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 1.4 ശതമാനം കുറഞ്ഞ് 128.5 ലക്ഷമായി. എയര്‍ലൈനുകള്‍ സീറ്റുകള്‍ വർധിപ്പിച്ചെങ്കിലും കാര്യമായ ഗുണം ചെയ്തില്ല. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ നേരിയ വർധനയാണുണ്ടായത്. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങളും ഇന്ത്യന്‍ വ്യോമയാന വിപണിയുടെ വളര്‍ച്ചയെ ബാധിച്ചു.