വാറ്റ് നിയമത്തിൽ ഭേദഗതി; പുതിയ നികുതി ഇളവുകളും
ദുബായ്: മൂല്യ വർധിത നികുതി (വാറ്റ്) നിയമത്തിലെ ചില വ്യവസ്ഥകൾ യുഎഇ കാബിനറ്റ് ഭേദഗതി ചെയ്തതായി ധനമന്ത്രാലയം അറിയിച്ചു.
പുതിയ ഭേദഗതികളിൽ മൂന്ന് സേവനങ്ങളിലെ ഇളവുകൾ ഉൾപ്പെടുന്നു. നിക്ഷേപ ഫണ്ട് മാനേജ്‌മെന്‍റ് സേവനങ്ങൾ, വെർച്വൽ ആസ്തികളുമായി ബന്ധപ്പെട്ട ചില സേവനങ്ങൾ, ചാരിറ്റബിൾ, സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഇൻ-കിൻഡ് സംഭാവനകൾ.എന്നീ മേഖലകളിലാണ് ഇളവുകൾ.
നിക്ഷേപം വർധിപ്പിക്കുന്നതിനും വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും ചാരിറ്റബിൾ സ്ഥാപനങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനുമായി നേരത്തെ 5 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്ന ഈ സേവനങ്ങളെ ഇനി മുതൽ വാറ്റിൽ നിന്ന് ഒഴിവാക്കും.
12 മാസത്തിനുള്ളിൽ 5 മില്യൺ ദിർഹം വരെ മൂല്യമുള്ള സർക്കാർ സ്ഥാപനങ്ങൾക്കും ചാരിറ്റികൾക്കും ഇടയിൽ നൽകുന്ന സംഭാവനകളെ നികുതിയിൽ നിന്ന് ഒഴിവാക്കും.
ഇതുകൂടാതെ, ചില കേസുകളിൽ നികുതിദായകരുടെ രജിസ്ട്രേഷൻ ഡി-രജിസ്റ്റർ ചെയ്യാനുള്ള അധികാരവും കേന്ദ്രമന്ത്രിസഭ ഫെഡറൽ ടാക്സ് അതോറിറ്റിക്ക് നൽകി.
നികുതി വരുമാനം ശേഖരിക്കുന്നതിനും നിക്ഷേപ അന്തരീക്ഷം വർധിപ്പിക്കുന്നതിനും കൂടുതൽ ബിസിനസുകാരെയും നിക്ഷേപകരെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇയിലെ നികുതി അന്തരീക്ഷം പരിഷ്കരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ മാറ്റങ്ങളെന്ന് അതോറിറ്റി അറിയിച്ചു.