
ബിസിനസ് ലേഖകൻ
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ആസ്തി വില്‍പ്പന (അസറ്റ് മോണിറ്റൈസേഷന്) നടപടികള്‍ അതിവേഗം മുന്നേറുന്നു. നടപ്പു സാമ്പത്തിക വര്‍ഷം കേവലം ഒരു മാസം മാത്രം ശേഷിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ആസ്തികളുടെ നിയന്ത്രണാവകാശം ദീര്‍ഘകാലത്തേക്ക് സ്വകാര്യ മേഖലയ്ക്ക് കൈമാറി 26,000 കോടി രൂപയാണ് സമാഹരിച്ചത്.
മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ പാതകളും റെയ്ല്‍വേ സ്റ്റേഷനുകളും മറ്റ് സര്‍ക്കാര്‍ ആസ്തികളുടെയും നിയന്ത്രണാവകാശം 25 മുതല്‍ 50 വര്‍ഷം വരെയുള്ള കാലയളവില്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കൈമാറി 1.6 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. ഇതോടൊപ്പം 1.26 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള വിവിധ പദ്ധതികളുടെ വില്‍പ്പനയ്ക്കുള്ള ടെൻഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണെന്ന് നീതി ആയോഗിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ആസ്തികളുടെ വില്‍പ്പനയിലൂടെ 88,000 കോടി രൂപയാണ് സമാഹരിച്ചത്. ഇതോടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മൊത്തം 1.14 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ആസ്തികളുടെ വില്‍പ്പനയിലൂടെ നേടാന്‍ കഴിഞ്ഞത്. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ദേശീയ പാതകളും പാലങ്ങളും റെയ്ല്‍വേ, തുറമുഖം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സ്വകാര്യ മേഖലയ്ക്ക് കൈമാറി ആറ് ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ധനമന്ത്രി നിര്‍മല സീതാരാമന് ലക്ഷ്യമിടുന്നത്.
അടുത്തഘട്ടത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ആസ്തികളുടെ വില്‍പ്പന നടപടികള്‍ വേഗത്തിലാക്കാനാണ് കേന്ദ്ര ധനമന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം മുതല്‍ ഗതാഗത, അടിസ്ഥാന സൗകര്യ രംഗത്തെ ആസ്തികള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ പ്രോത്സാഹന നടപടികളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സാമ്പത്തിക പരിഷ്കരണ നടപടികള്‍ വിജയകരമായി നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 വര്‍ഷക്കാലയളവില്‍ പലിശരഹിത വായ്പ നല്‍കാനായി ഒരു ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കി വെച്ചിട്ടുള്ളത്.
ആസ്തി വില്‍പ്പന നടപടികളുടെ സാങ്കേതിക സഹായങ്ങള്‍ തേടി രാജസ്ഥാന്, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാന സര്‍ക്കാരുകള്‍ നീതി ആയോഗിനെ സമീപിച്ചിട്ടുണ്ട്.