atm cash withdrawal to increase interchange fees from may 1

ശ്രദ്ധിക്കണേ..!! മേയ് 1 മുതൽ എടിഎം വഴി പണം പിന്‍വലിക്കാൻ ചെലവേറും!!

മേയ് 1 മുതൽ എടിഎം വഴി പണം പിന്‍വലിക്കാൻ ചെലവേറും!!

എൻ‌പി‌സി‌ഐയുടെ ശുപാർശകളെത്തുടർന്ന് ആർ‌ബി‌ഐ പരിഷ്കരണത്തിന്‍റെ ഭാഗമായാണ് വർധന

എടിഎമ്മുകളിൽ നിന്ന് പതിവായി പണം പിൻവലിക്കുന്നവരെങ്കിൽ മേയ് 1 മുതൽ അധിക തുക അടയ്ക്കാൻ തയാറായിക്കൊള്ളൂ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) എടിഎം ഇന്‍റർചേഞ്ച് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതാണ് കാരണം.

പണം പിന്‍വലിക്കാന്‍ സ്വന്തം ബാങ്ക് എടിഎമ്മിനെ ആശ്രയിക്കാതെ മറ്റു ബാങ്കുകളുടെ എടിഎമ്മിനെ സമീപിക്കുന്നവര്‍ക്കാണ് അധിക നിരക്ക് നല്‍കേണ്ടി വരുക.

മാറ്റങ്ങൾ ഇങ്ങനെ

സൗജന്യ പിൻവലിക്കൽ പരിധി കവിഞ്ഞാൽ ഉപയോക്താക്കൾ പിന്നീടുള്ള ഓരോ ഇടപാടിനും ഇപ്പോഴത്തേതിനെക്കാൾ രണ്ട് രൂപ അധികമായി നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതിയ ചാർജുകൾ പ്രകാരം, എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് 2 രൂപ വർധിപ്പിച്ചു. നിലവിൽ എടിഎം ഇന്‍റര്‍ചേഞ്ച് ഫീസായി ഈടാക്കുന്നത് 21 രൂപയാണ്. മേയ് 1 മുതല്‍ ഇത് 23 രൂപയാകും.

കൂടാതെ, ബാലന്‍സ് പരിശോധിക്കുന്നതു പോലുള്ള സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള ഫീസും ഒരു രൂപ വർധിപ്പിച്ചു- 6 രൂപയില്‍നിന്ന് 7 രൂപയായി.

2021 ജൂണിലാണ് എടിഎം ഫീസ് അവസാനമായി പരിഷ്‌കരിച്ചത്. ആർ‌ബി‌ഐ അംഗീകരിച്ച ഏറ്റവും പുതിയ മാറ്റങ്ങൾ ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളെയും സേവിംഗ്സ് അക്കൗണ്ട് നിയമങ്ങളെയും ബാധിക്കും.

ആരെയെല്ലാം ബാധിക്കും ??

നിലവിൽ, മെട്രൊ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം 5 തവണയും മെട്രൊ ഇതര പ്രദേശങ്ങളിൽ 3 തവണയും സൗജന്യ ഇടപാടുകൾ നടത്താനാകും. സൗജന്യ ഇടപാട് പരിധി കവിഞ്ഞാൽ മാത്രമേ പുതുക്കിയ നിരക്കുകൾ ബാധകമാകൂ.

എടിഎം ഇന്‍റര്‍ചേഞ്ച് ഫീസ്

ഒരു ബാങ്ക് അക്കൗണ്ട് ഉള്ള വ്യക്തി അക്കൗണ്ട് ഇല്ലാത്ത ബാങ്കിന്‍റെ എടിഎം ഉപയോഗിക്കുമ്പോള്‍ ആദ്യ ബാങ്ക് രണ്ടാമത്തെ ബാങ്കിന് ഒരു നിശ്ചിത ഫീസ് നല്‍കേണ്ടതുണ്ട്. ഇതിനെയാണ് എടിഎം ഇന്‍റര്‍ചേഞ്ച് ഫീസ് എന്ന് വിളിക്കുന്നത്. ഈ ഫീസ് അക്കൗണ്ട് ഹോള്‍ഡറില്‍ നിന്നാണ് ഈടാക്കുന്നത്.

നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ‌പി‌സി‌ഐ) ശുപാർശകളെത്തുടർന്ന് ആർ‌ബി‌ഐ അംഗീകരിച്ച പരിഷ്കരണത്തിന്‍റെ ഭാഗമാണ് എടിഎം ഫീസ് വർധനവ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com