
എയർ ടാക്‌സിക്ക് കേരളത്തിൽ അനന്തസാധ്യതയെന്ന് വ്യോമയാന ഉച്ചകോടി
കൊച്ചി: സീപ്ളെയിൻ, ഹെലികോപ്റ്റർ, ഈവിറ്റോൾ എന്നിവ സമന്വയിപ്പിച്ച് എയർ ടാക്‌സി ആരംഭിച്ചാൽ കേരളത്തിലെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാകുമെന്ന് കൊച്ചിയിൽ ആരംഭിച്ച പ്രഥമ കേരള വ്യോമയാന ഉച്ചകോടി. എയർ ടാക്‌സി സർവീസ് ആരംഭിക്കുന്നതിൽ സിയാലിന് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് പാനൽ ചർച്ചയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.
അർബൻ മൊബിലിറ്റിക്ക് ഹെലികോപ്പ്റ്റർ, സീപ്ലെയിൻ, ഈവിറ്റോൾ എന്നിവയുടെ സാധ്യതകൾ തേടി നടന്ന പാനൽ ചർച്ചയിൽ തുമ്പി ഏവിയേഷൻ സിഎംഡി ഗ്രൂപ്പ് ക്യാപ്റ്റൻ ഡോ. കെ.എൻ.ജി. നായർ മോഡറേറ്ററായിരുന്നു. ഇമൊബിലിറ്റിയുടെ ഭാവി ഹൈബ്രിഡ് എയർ ടാക്‌സികളാണെന്ന് ചർച്ചയിൽ പങ്കെടുത്ത സർള ഏവിയേഷൻ വൈസ് പ്രസിഡൻറ് പായൽ സതീഷ് പറഞ്ഞു. കേരളത്തിൽ എയർ ടാക്‌സിക്ക് വലിയ സാധ്യതയുണ്ട്. സിയാലിൽ ഓപ്പറേഷണൽ ഹബ് തുടങ്ങാൻ താല്പര്യമുണ്ടെന്നും അവർ പറഞ്ഞു. തീർഥാടന, വിനോദ സഞ്ചാര കണക്റ്റിവിറ്റിക്ക് ഹൈബ്രിഡ് എയർ ടാക്‌സി മികച്ചതാണെന്നും അവർ ചൂണ്ടിക്കാട്ടി. സീ പ്ലെയ്ൻ ഓപ്പറേഷൻ നടത്തുന്നതിനായി കൂടുതൽ അടിസ്‌ഥാന സൗകര്യം ഒരുക്കണമെന്ന് ഡി ഹാവിലാൻഡ് എയർക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡ് ഇന്ത്യ ആർ എസ് ഒ പ്രതിനിധി സയ്ദ് കമ്രാൻ ഹുസൈൻ പറഞ്ഞു.
മൂന്നാർ, തേക്കടി, ആലപ്പുഴ, ശബരിമല എന്നിവിടങ്ങളിലേക്ക് എയർ ടാക്സി സാധ്യമാണെന് പായൽ സതീഷ് പറഞ്ഞു. റോഡുകൾക്കായി അടിസ്‌ഥാന സൗകര്യം ലഭ്യമല്ലാത്ത സ്‌ഥലങ്ങളിൽ സീ പ്ലെയ്ൻ അനുയോജ്യമാണെന്ന് ചിപ്‌സൺ സിഎംഡി സുനിൽ നാരായൺ അഭിപ്രായപ്പെട്ടു.
സീപ്ലെയ്നുകൾക്ക് ടൂറിസം മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയും. ജലസ്രോതസ്സുകളും ഡാമുകളും ഉള്ളതിനാൽ കേരളത്തിനിത് ഏറ്റവും അനുയോജ്യമാണ്. ഹെലികോപ്റ്റർ ഓപ്പറേഷനായി കൂടുതൽ ഹെലിപാഡുകൾ ആവശ്യമാണ്. ഒറ്റ എഞ്ചിൻ ഹെലികോപ്റ്ററുകൾക്ക് റൂഫ് ടോപ്പുകളിൽ നിന്ന് പറന്നുയരാനുള്ള അനുമതി നൽകണമെന്നും പാനൽ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കൂടുതൽ സീ പോർട്ടുകൾ കേരളത്തിന് ആവശ്യമാണ്. ഇവിറ്റോളുകൾക്ക് പറന്നുയരാനും ലാൻഡ് ചെയ്യാനും ചെറിയ റൺവേ മതിയെന്നതിനാൽ കേരളത്തിൽ ഏറെ സാധ്യതയുണ്ട്. കേരളത്തിലെ റോഡുകൾക്ക് ഇരുവശവും സ്‌ഥലങ്ങൾ ലഭ്യമല്ലാത്തതിനാൽ ചെറിയ ഹെലിക്കോപ്ടറുകൾ ഉണ്ടാക്കിയാൽ ഗതാഗത സുഗമമാകുമെന്നും പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു.