
കൊച്ചി: പലിശ വരുമാനത്തിലെ ഇടിവും കിട്ടാക്കടങ്ങൾ കൂടാനുള്ള സാധ്യതയും കേരളത്തിലെ സ്വകാര്യ ബാങ്കുകൾക്ക് വെല്ലുവിളി ഉയർത്തുന്നു. ഒക്റ്റോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നു മാസത്തിൽ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവയുടെ ലാഭത്തിലും വായ്പാ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും പ്രതീക്ഷിച്ച വളർച്ചയുണ്ടായില്ലെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ധനലക്ഷ്മി ബാങ്കിന്‍റെ പ്രവർത്തന ഫലം വിപണി പ്രതീക്ഷിച്ചതിലും മെച്ചമായിരുന്നു.
പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിന്‍റെ അറ്റാദായം സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ മുൻവർഷത്തെക്കാൾ അഞ്ച് ശതമാനം ഇടിവോടെ 955 കോടി രൂപയായി. സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ അറ്റാദായം ഒക്റ്റോബർ മുതൽ ഡിസംബർ വരെയുള്ള ത്രൈമാസത്തിൽ 12 ശതമാനം വർധനയോടെ 342 കോടി രൂപയിലെത്തി. എന്നാൽ, ജൂലൈ- സെപ്റ്റംബർ കാലയളവിലെ 325 കോടി രൂപയെക്കാൾ നേരിയ വർധന മാത്രമാണ് നേടാനായത്. അറ്റ പലിശ വരുമാനം മുൻവർഷത്തെക്കാൾ ആറു ശതമാനം ഉയർന്നെങ്കിലും സെപ്റ്റംബർ പാദത്തെക്കാൾ 1.5 ശതമാനം കുറവാണ്. സിഎസ്ബി ബാങ്കിന്‍റെ അറ്റാദായം രണ്ട് കോടി രൂപയുടെ വർധനയോടെ 152 കോടി രൂപയിലെത്തി. ധനലക്ഷ്മി ബാങ്കിന്‍റെ അറ്റാദായം 563.33 ശതമാനം ഉയർന്ന് 19.9 കോടി രൂപയിലെത്തി.
വായ്പകളിലെ തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത മുൻനിർത്തി 292 കോടി രൂപ പ്രൊവിഷനിങ്ങിനായി മാറ്റിവച്ചതാണ് അറ്റാദായത്തിൽ ഇടിവുണ്ടാക്കിയത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രൊവിഷനിങ് തുകയാണിത്. സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ പ്രൊവിഷൻസ് 36 ശതമാനം വർധനയോടെ 66 കോടി രൂപയിലെത്തി. സിഎസ്ബി ബാങ്കിന്‍റെ പ്രൊവിഷനിങ് തുക മുൻവർഷത്തെ അഞ്ചു കോടിയിൽ നിന്നു 17 കോടി രൂപയായി ഉയർന്നു. കേരളത്തിലെ സ്വകാര്യ ബാങ്കുകളുടെ മൊത്തം അറ്റാദായം ഒക്റ്റോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1,469 കോടി രൂപയാണ്.
പലിശ നിരക്ക് ഉയർന്നതോടെ വരുമാന മാർജിൻ മെച്ചപ്പെട്ടതും സാങ്കേതികവിദ്യ പ്രവർത്തന കാര്യക്ഷമത ഉയർത്തിയതോടെ ചെലവുകൾ കുറഞ്ഞതും മികച്ച ലാഭം നേടാൻ സഹായിച്ചു. വായ്പകളിലും നിക്ഷേപങ്ങളിലും മികച്ച വളർച്ച നേടാനും ബാങ്കുകൾക്ക് കഴിഞ്ഞു. പുതിയ സേവനങ്ങളും ഉത്പന്നങ്ങളും അവതരിപ്പിച്ച് ഫീ വരുമാനം വർധിപ്പിക്കാനാണ് സ്വകാര്യ ബാങ്കുകൾ ലക്ഷ്യമിടുന്നത്. എന്നാൽ റിസർവ് ബാങ്ക് പലിശ കുറച്ച് തുടങ്ങിയതോടെ മാർജിൻ ഇടിയുന്നതാണ് ലാഭത്തിൽ സമ്മർദ്ദം സൃഷ്‌ടിക്കുന്നത്.