

ബാങ്ക് സമരം ജനങ്ങളെ വലയ്ക്കും.
Representative graphics
ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാർ സെപ്റ്റംബർ 11, 28, 29, 30 തീയതികളിൽ പണിമുടക്ക് പ്രഖ്യാപിച്ചു. ആഴ്ചയിൽ രണ്ട് ദിവസം അവധി എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഒക്റ്റോബർ മുതൽ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.
ബാങ്ക് എംപ്ലോസീയ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകൾക്ക് ആഴ്ചയിൽ രണ്ട് ദിവസം അവധി നൽകണമെന്ന ശുപാർ രണ്ടര വർഷമായിട്ടും കേന്ദ്ര സർക്കാർ നടപ്പാക്കുന്നില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
സമരത്തിന്‍റെ ആദ്യ ദിവസമായ സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ്. തുടർന്ന് ശനിയും ഞായറും അവധി. വിനായക ചതുർഥി അവധിയുള്ള സംസ്ഥാനങ്ങളിൽ തിങ്കളാഴ്ചയും ബാങ്കുകൾ അടഞ്ഞു കിടക്കും.
സമരത്തിന്‍റെ രണ്ടാം ഘട്ടത്തി്ല് 28, 29, 30 തീയതികളിൽ തുടർച്ചയായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു മുൻപുള്ള രണ്ടു ദിവസം ശനിയും ഞായറും. അങ്ങനെ അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല.
അവധി ദിവസങ്ങൾ അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് ക്വിറ്റ് ചെയ്യാനാണ് യൂണിയന്‍റെ ആഹ്വാനം. ഓഫിസ് സമയത്ത് മാത്രം ജോലി ചെയ്യുക എന്ന നിലപാടിലേക്കും മാറാനാണ് നിർദേശിച്ചിരിക്കുന്നത്.