
ബിസിനസ് ലേഖകൻ
കൊച്ചി: നാണയപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയതോടെ രാജ്യത്തെ ബാങ്കുകളിലേക്ക് സ്ഥിര നിക്ഷേപമായി വന്‍ തോതില്‍ പണം ഒഴുകിയെത്തുന്നു.
കാര്യമായ നഷ്ട സാധ്യതയില്ലാതെ മികച്ച വരുമാനം ഉറപ്പായും ലഭിക്കുന്ന നിക്ഷേപമെന്ന പദവിയാണ് നിലവില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതോടെ മറ്റു മേഖലകളില്‍ നിന്നും പണം പിന്‍വലിച്ച് ബാങ്കുകളില്‍ സ്ഥിര നിക്ഷേപമാക്കുന്ന രീതി വ്യാപകമാണ്. നിലവില്‍ സീനിയര്‍ പൗരന്മാര്ക്ക് പ്രതിവര്‍ഷം എട്ടു ശതമാനം വരെ പലിശ ചില ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വിപണിയിലെ പണ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ ധനസമാഹരണത്തിന് രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ പരമാവധി സ്ഥിര നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്.
ദീര്ഘകാലയളവുകളിലെ ഒരു കോടി രൂപയിലധികം ഫിക്സഡ് നിക്ഷേപങ്ങളില്‍ മുടക്കുന്ന ഉപയോക്താക്കള്‍ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് പല ബാങ്കുകളും നിലവില്‍ വാഗ്ദാനം ചെയ്യുന്നത്. നാണയപ്പെരുപ്പം നേരിടുന്നതിനായി കഴിഞ്ഞവര്‍ഷം മേയ് മുതല്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി മുഖ്യ പലിശ നിരക്കുകള്‍ വർധിപ്പിച്ചതാണ് ബാങ്കുകളിലെ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗമായി മാറാനുള്ള കാരണം. നേരിയ നഷ്ടസാധ്യത പോലുമില്ലാതെ ഏഴ് ശതമാനത്തിലധികം വരുമാനമാണ് പല ബാങ്കുകളും നിലവില്‍ ഫിക്സഡ് നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്.
റിസര്‍വ് ബാങ്ക് കഴിഞ്ഞ പത്ത് മാസത്തിനിടെ ആറ് തവണയായി മുഖ്യ പലിശ നിരക്കില്‍ 2.5 ശതമാനം വർധന പ്രഖ്യാപിച്ചതിന്റെ ഗുണമാണ് ഇപ്പോള്‍ ബാങ്ക് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. മുന്‍കാലങ്ങളില്‍ ബാങ്കുകള്‍ പലിശ നിരക്കിലെ അധിക ബാധ്യത അതിവേഗം ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ തിരക്ക് കൂട്ടുമെങ്കിലും സ്ഥിര നിക്ഷേപം നടത്തുന്നവര്‍ക്ക് അതിന്റെ പ്രയോജനം നല്‍കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മുന്‍നിര ബാങ്കുകള്‍ ഉള്‍പ്പെടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പരമാവധി പലിശ വാഗ്ദാനം നല്‍കിയാണ് ഫണ്ട് ആകര്‍ഷിക്കുന്നത്.
ഓഹരി, കമ്പോള ഉത്പന്ന, നാണയ വിപണികള്‍ കനത്ത അനിശ്ചിതത്വത്തിലും ചാഞ്ചാട്ടത്തിലും നീങ്ങുന്നതിനാല്‍ നിക്ഷേപകരും ഏറ്റവും സുരക്ഷിതമായ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഏറെ താത്പര്യം പ്രകടിപ്പിക്കുന്നുവെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് ഇന്നലെ നിക്ഷേപങ്ങളുടെ പലിശയില്‍ 0.2 ശതമാനം വർധന പ്രഖ്യാപിച്ചിരുന്നു. സാധാരണ നിക്ഷേപകര്‍ക്ക് 6.7 ശതമാനവും സീനിയര്‍ സിറ്റിസണ്‍സിന് 7.2 ശതമാനവും പലിശ വരെ ബാങ്ക് ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി നല്കുന്നു.