വായ്പാ പലിശ നിരക്കുകൾ കുറഞ്ഞേക്കും

വാണിജ്യ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത, സ്വര്‍ണ പണയ വായ്പകളുടെ പലിശ കുറയ്ക്കാന്‍ ആലോചിക്കുന്നു
Banks likely to slash interest rates on loans
Banks likely to slash interest rates on loans

ബിസിനസ് ലേഖകൻ‌

കൊച്ചി: നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാല്‍ വായ്പകളുടെ പലിശ കുറയാന്‍ സാധ്യതയേറുന്നു. സാമ്പത്തിക രംഗത്ത് മാന്ദ്യസാഹചര്യം ശക്തമായതോടെ വാണിജ്യ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത, സ്വര്‍ണ പണയ വായ്പകളുടെ പലിശ കുറയ്ക്കാന്‍ ആലോചിക്കുകയാണ്.

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡ വാഹന വായ്പകളുടെ പലിശ 0.65 ശതമാനം കുറച്ച് 8.75 ശതമാനമാക്കി. നേരത്തെ വാഹന വായ്പകളുടെ പലിശ 9.4 ശതമാനമായിരുന്നു. വിപണിയിലെ പണലഭ്യത കൂടിയതിനാല്‍ മറ്റ് ബാങ്കുകളും വാഹന വായ്പകളുടെ പലിശ കുറച്ചേക്കും. അമെരിക്കയിലെ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ കേന്ദ്ര ബാങ്കും അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്.

തുടര്‍ച്ചയായി 16 തവണ പലിശ വർധന നടത്തിയതിനു ശേഷമാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നാണയപ്പെരുപ്പ യുദ്ധത്തിന് ഇടവേള നല്‍കുന്നത്. ഫെഡറല്‍ റിസര്‍വ് നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ധന നിയന്ത്രണ നടപടികളില്‍ നിന്നും പിന്മാറുകയാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെയും ലോഹങ്ങളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില സമ്മർദം കുറയുന്നതാണ് ആശ്വാസം പകരുന്നത്. ലോകത്തിലെ മറ്റു കേന്ദ്ര ബാങ്കുകളുടെ ചുവടുപിടിച്ച് ഇന്ത്യയിലെ റിസര്‍വ് ബാങ്കും പലിശ കുറച്ചേക്കും.

അമെരിക്കയും യൂറോപ്പും അടക്കമുള്ള മുന്‍നിര സാമ്പത്തിക മേഖലകള്‍ കടുത്ത മാന്ദ്യത്തിലേക്ക് മൂക്കുകുത്തുമ്പോഴും ഇന്ത്യ ആവേശകരമായ വളര്‍ച്ചയാണ് കാഴ്ചവയ്ക്കുന്നത്. കയറ്റുമതി രംഗത്തെ മാന്ദ്യസാഹചര്യങ്ങള്‍ മറികടന്നും മികച്ച വളര്‍ച്ച നേടുന്ന ഇന്ത്യന്‍ കമ്പനികള്‍ ആഭ്യന്തര വിപണിയുടെ കരുത്തിലാണ് മുന്നേറുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഉണര്‍വ് മുതലെടുത്ത് ഉത്പാദന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് ബാങ്ക് വായ്പകളുടെ ഉയര്‍ന്ന പലിശ നിരക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു.

റിസര്‍വ് ബാങ്കിന്‍റെ അടുത്ത ധനഅവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്കായ റിപ്പോയില്‍ കാല്‍ ശതമാനമെങ്കിലും കുറവ് വരുത്തി കോര്‍പ്പറേറ്റ് മേഖലയ്ക്ക് ആശ്വാസം പകരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞമാസം നടന്ന ധന അവലോകന യോഗത്തില്‍ പലിശ വർധന നടപടികള്‍ താത്കാലികമായി മരവിപ്പിക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്ന ജിഡിപി കണക്കുകളും വ്യവസായ ഉത്പാദന സൂചനകളും റിസര്‍വ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും ഏറെ ആശ്വാസം പകരുന്നതാണ്. അതിനാല്‍ ധനനയത്തില്‍ തിരക്കിട്ട് മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് റിസര്‍വ് ബാങ്കെന്ന് എസ്ബിഐയുടെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആഗോള മേഖലയിലെ രാഷ്‌ട്രീയ പ്രശ്നങ്ങളും കൊവിഡ് രോഗവ്യാപനത്തിനു ശേഷമുള്ള സാമ്പത്തിക ഉണര്‍വും കാരണം ലോകമെമ്പാടുമുള്ള വിപണികളില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനു ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കുകള്‍ കുത്തനെ വർധിപ്പിച്ചിരുന്നു. ഒന്നര വര്‍ഷത്തിനിടെ ആറ് തവണയായി മുഖ്യ പലിശ നിരക്കായ റിപ്പോ 2.5 ശതമാനം വർധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം നാല് ശതമാനത്തിന് അടുത്തേക്ക് താഴുമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com