
കൊച്ചി: ആഗോള സാമ്പത്തിക മേഖല അതിരൂക്ഷമായ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമായതോടെ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു. അമെരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ കമ്പനികളും ഉപയോക്താക്കളും ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കുന്നതിനാല്‍ കോര്‍പ്പറേറ്റ് മേഖല തിരിച്ചടി നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്.
വന്‍കിട കോര്‍പ്പറേറ്റ് ഗ്രൂപ്പുകളെല്ലാം പ്രതിസന്ധി തരണം ചെയ്യുന്നതിനായി വലിയ തോതില്‍ ജീവനക്കാരെ കുറയ്ക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. ഇപ്പോഴത്തെ ട്രെന്‍ഡ് കണക്കിലെടുത്താല്‍ ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ ഈ വര്‍ഷം വന്‍ തകര്‍ച്ച നേരിടുമെന്നാണ് ആഗോള ധന ഏജന്‍സികളുടെ വിലയിരുത്തല്‍. കഴിഞ്ഞ പത്ത് മാസമായി നാണയപ്പെരുപ്പം നേരിടുന്നതിന് അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി പലിശ നിരക്ക് വർധിപ്പിച്ചതിനാല്‍ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിക്കുകയായിരുന്നു.
എന്നാല്‍ പലിശ നിരക്ക് കുത്തനെ ഉയര്‍ന്നിട്ടും നാണയപ്പെരുപ്പം കാര്യമായി കുറയാത്തതിനാല്‍ നാണയ വിപണിയും വരും ദിവസങ്ങളില്‍ കനത്ത തിരിച്ചടി നേരിടാനിടയുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വിദേശ നാണയ ശേഖരത്തില്‍ ഉള്‍പ്പെടുത്തി വിവിധ കേന്ദ്ര ബാങ്കുകള്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വര്‍ഷം ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ ചേര്‍ന്ന് 1136 ടണ്‍ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയത്. മുന്‍വര്‍ഷം കേന്ദ്ര ബാങ്കുകള്‍ വിദേശ നാണയ ശേഖരത്തിലേക്ക് വാങ്ങിയത് 450 ടണ്‍ സ്വര്‍ണം മാത്രമായിരുന്നു. റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ കഴിഞ്ഞ വര്‍ഷം മൊത്തം 33 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 55 ശതമാനം കുറവ് സ്വര്‍ണമാണ് ഇത്തവണ ഇന്ത്യന്‍ കേന്ദ്ര ബാങ്ക് വാങ്ങിയത്.
ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ തകര്‍ച്ച മറികടക്കാന്‍ വിപണി ഇടപെടലിന് കൂടുതല്‍ തുക ചെലവഴിച്ചതിനാലാണ് സ്വര്‍ണം വാങ്ങുന്നതില്‍ കുറവുണ്ടായതെന്ന് നിക്ഷേപ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1882 ഡോളറിലാണ് ഇന്നലെ വ്യാപാരം നടത്തുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഈ വര്‍ഷം സ്വര്‍ണ വില ഔണ്‍സിന് 2,000 ഡോളര്‍ കവിയുമെന്നാണ് വിലയിരുത്തുന്നത്.