
നേട്ടം കൊയ്ത് ബാങ്കുകൾ
ബിസിനസ് ലേഖകൻ
കൊച്ചി: നടപ്പുവര്‍ഷം ആദ്യ ഒന്‍പത് മാസക്കാലയളവില്‍ 1.29 ലക്ഷം കോടി രൂപയുടെ അറ്റാദായവുമായി കേന്ദ്ര പൊതുമേഖലാ ബാങ്കുകള്‍ ചരിത്ര മുന്നേറ്റം തുടരുന്നു. രാജ്യത്തെ 12 പൊതുമേഖല ബാങ്കുകളുടെ മൊത്തം അറ്റാദായം നടപ്പുസാമ്പത്തിക വര്‍ഷം ഒന്നര ലക്ഷം കോടി കവിഞ്ഞ് റെക്കോഡിടുമെന്നാണ് വിലയിരുത്തുന്നത്. ഇക്കാലയളവില്‍ ബാങ്കുകളുടെ അറ്റ നിഷ്ക്രിയ ആസ്തി 0.59 ശതമാനമായും കുറഞ്ഞു.
നാണയപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് ഉയര്‍ത്തിയതോടെയാണ് ബാങ്കുകളുടെ വരുമാനവും ലാഭവും ഗണ്യമായി വർധിച്ചത്. ഇതോടൊപ്പം സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി പ്രവര്‍ത്തന ചെലവ് കുറച്ചതും വായ്പാ വിതരണം കാര്യക്ഷമമാക്കിയതും ഗുണമായി.
2018ല്‍ പൊതുമേഖലാ ബാങ്കുകള്‍ കനത്ത നഷ്ടത്തിലേക്ക് മൂക്കുകുത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ മാനെജ്മെന്‍റും ഡയറക്റ്റര്‍ ബോര്‍ഡും പ്രൊഫഷണലൈസ് ചെയ്തതോടെ സ്വകാര്യ മേഖലയുമായുള്ള മത്സരം ശക്തമായതും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിച്ചു.
റിസര്‍വ് ബാങ്ക് മേല്‍നോട്ടവും ഇടപെടലുകളും ശക്തമാക്കിയതോടെയാണ് കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 12 പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായം 1.41 ലക്ഷം കോടി രൂപയായതാണ് ലാഭവിഹിതവും കൂട്ടിയത്. മുന്‍വര്‍ഷമിത് 1.05 ലക്ഷം കോടി രൂപയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ ഓഹരി ഉടമകള്‍ക്ക് 33% അധിക ലാഭവിഹിതമാണ് നല്‍കിയത്. മൊത്തം 27,830 കോടി രൂപ ഇക്കാലയളവില്‍ ലാഭവിഹിതമായി നല്‍കി. മുന്‍വര്‍ഷം ഓഹരി ഉടമകളുടെ ലാഭവിഹിതം 20,964 കോടി രൂപയായിരുന്നു. മൊത്തം ലാഭവിഹിതത്തിന്‍റെ 65% തുകയായ 18,013 കോടി രൂപ ഭൂരിപക്ഷ ഓഹരി ഉടമയായ കേന്ദ്ര സര്‍ക്കാരിനാണ് ലഭിച്ചത്. മുന്‍വര്‍ഷം 13,804 കോടി രൂപ ലാഭവിഹിതമായി ഖജനാവില്‍ എത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്ബിഐ) ഉള്‍പ്പടെ ഉയര്‍ന്ന ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ കൈവരിച്ച മൊത്തം അറ്റാദായത്തിന്‍റെ 40% വിഹിതം എസ്ബിഐയുടേതാണ്. ഇക്കാലയളവില്‍ എസ്ബിഐയുടെ അറ്റാദായം മുന്‍വര്‍ഷത്തെ 50,232 കോടിയില്‍ നിന്ന് 61,077 കോടി രൂപയായി ഉയര്‍ന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ അറ്റാദായം 228% ഉയര്‍ന്ന് 8,245 കോടി രൂപയിലെത്തി.