വായ്പാ പലിശ നിരക്ക് കുറച്ച് പൊതു, സ്വകാര്യ ബാങ്കുകള്‍

വരും ദിവസങ്ങളില്‍ മറ്റ് ബാങ്കുകളും വായ്പകളുടെ പലിശ കുറച്ചേക്കും
banks slash interest rates

വായ്പാ പലിശ നിരക്ക് കുറച്ച് പൊതു, സ്വകാര്യ ബാങ്കുകള്‍

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: റിസര്‍വ് ബാങ്കിന്‍റെ ധനനയ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ച് പൊതു, സ്വകാര്യ ബാങ്കുകള്‍ വായ്പകളുടെയും നിക്ഷേപങ്ങളുടെയും പലിശ നിരക്ക് കുറച്ചുതുടങ്ങി. പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, യൂകോ ബാങ്ക്, സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക് എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വായ്പകളുടെ പലിശ കുറച്ചത്.

എന്നാല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം കുറച്ചതിന്‍റെ നേട്ടം ഉപയോക്താക്കള്‍ക്ക് പൂര്‍ണമായും കൈമാറാന്‍ ബാങ്കുകള്‍ തയാറായിട്ടില്ല. ഉപയോക്താക്കള്‍ക്ക് കാര്യമായി നേട്ടം ലഭിക്കാത്ത വിധം റിപ്പോ ബന്ധിത നിരക്ക് മാത്രമാണ് പല ബാങ്കുകളും കുറച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കും ബാങ്ക് ഒഫ് ഇന്ത്യയും റിപ്പോ ബന്ധിത വായ്പാ നിരക്ക് 8.85 ശതമാനത്തില്‍ നിന്ന് 8.35 ശതമാനമായി കുറച്ചു. അതേസമയം അടിസ്ഥാന നിരക്കും മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമായ വായ്പാ നിരക്കിലും (എംസിഎല്‍ആര്‍) മാറ്റം വരുത്തിയില്ല.

മറ്റൊരു പൊതുമേഖല ബാങ്കായ യൂകോ ബാങ്ക് എല്ലാ കാലാവധികളിലുമുള്ള വായ്പകളുടെ എംസിഎല്‍ആര്‍ 0.1 ശതമാനം കുറച്ച് വ്യത്യസ്തമായ പാത സ്വീകരിച്ചു. ഇതോടെ യൂകോ ബാങ്കിന്‍റെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ഇന്ന് മുതല്‍ 0.1 ശതമാനം കുറയും. പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എല്ലാ കാലാവധിയിലുമുള്ള വായ്പകളുടെ എംസിഎല്‍ആര്‍ 0.1 ശതമാനം കുറച്ചു. വരും ദിവസങ്ങളില്‍ മറ്റ് ബാങ്കുകളും വായ്പകളുടെ പലിശ കുറച്ചേക്കും.

എംസിഎല്‍ആറില്‍ നേരിയ കുറവ് മാത്രം വരുത്തിയതിനാല്‍ വിവിധ വായ്പകളെടുത്തിട്ടുള്ള കോടിക്കണക്കിന് ഉപയോക്താക്കളുടെ പലിശ ബാധ്യതയില്‍ വലിയ ഇളവുണ്ടാകാന്‍ സാധ്യതയില്ല. 2019 വരെ നല്‍കിയിട്ടുള്ള വായ്പകളേറെയും എംസിഎല്‍ആര്‍ ബന്ധിതമാണ്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ബാങ്കുകള്‍ പ്രഖ്യാപിച്ച ഇളവ് ബാധകമാകുന്നത്. റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ കാര്യമായി വായ്പയെടുക്കാത്തതിനാല്‍ വായ്പകളുടെ പലിശ ഉടന്‍ കുറയ്ക്കാനാകില്ലെന്ന് ബാങ്കുകള്‍ പറയുന്നു.

ഫെബ്രുവരിക്കു ശേഷം ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ 0.3 ശതമാനം മുതല്‍ 0.7 ശതമാനം വരെ കുറച്ചുവെന്ന് എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് റിപ്പോയില്‍ അര ശതമാനം കുറച്ചതിനാല്‍ വരും ദിവസങ്ങളിലും പലിശ താഴേക്ക് നീങ്ങും. ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്ക് ഒരു ശതമാനമാണ് കുറഞ്ഞത്. അതേസമയം വായ്പകളുടെ പലിശയില്‍ 0.3 ശതമാനം കുറവ് മാത്രമാണ് എസ്ബിഐ പ്രതീക്ഷിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com