Representative image
Representative imageRepresentative image

വാണിജ്യ ബാങ്കുകൾ ഭവന വായ്പകളുടെ പലിശ നിരക്ക് വീണ്ടും കൂട്ടുന്നു

നഷ്ടം നികത്താൻ ബാങ്കുകൾ ഏകപക്ഷീയമായി പലിശ വർധിപ്പിക്കുകയാണെന്ന് ധനകാര്യ വിദഗ്ധർ പറയുന്നു.

കൊച്ചി: പണഞെരുക്കം ശക്തമായതോടെ വാണിജ്യ ബാങ്കുകൾ ഭവന വായ്പകളുടെ പലിശ നിരക്ക് വീണ്ടും കൂട്ടുന്നു. റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ വർധിപ്പിച്ചതിനു ശേഷമാണ് ഇതുവരെ ബാങ്കുകൾ ഭവന വായ്പകളുടെ പലിശ ഉയർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ആവശ്യത്തിന് ഫണ്ടില്ലാത്തതിനാൽ ഉയർന്ന നിരക്കിൽ നിക്ഷേപം സമാഹരിക്കേണ്ടി വന്നതിനാൽ നഷ്ടം നികത്താൻ ബാങ്കുകൾ ഏകപക്ഷീയമായി പലിശ വർധിപ്പിക്കുകയാണെന്ന് ധനകാര്യ വിദഗ്ധർ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽപ്രമുഖ സ്വകാര്യ ബാങ്കുകളായ ഐ. സി. ഐ. സി. ഐ ബാങ്കും എച്ച്. ഡി. എഫ്. സി ബാങ്കും ബാങ്ക് ഒഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും ഉൾപ്പെടെയുള്ള ബാങ്കുകൾ മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് (എം. സി. എൽ. ആർ) വർധിപ്പിച്ചിരുന്നു. രാജ്യത്തെ മറ്റു ബാങ്കുകളും വരും ദിവസങ്ങളിൽ നിരക്ക് വർധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ എം. സി. എൽ. ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെയെല്ലാം പ്രതിമാസ തിരിച്ചടവ് തുക (ഇ. എം. ഐ) കൂടുകയാണ്. ഇതോടൊപ്പം വാഹന, വ്യക്തിഗത, ഭവന വായ്പകൾ എം. സി. എൽ. ആറുമായി ബന്ധിപ്പിച്ചാണ് ബാങ്കുകൾ പലിശ നിശ്ചയിച്ചിട്ടുള്ളത്. പുതുക്കിയ നിരക്കുകളനുസരിച്ച് ഐ. സി. ഐ. സി. ഐ ബാങ്കിന്‍റെ എം. സി. എൽ. ആർ 8.5 ശതമാനം മുതൽ ഒൻപത് ശതമാനം വരെയാണ്. ബാങ്ക് ഒഫ് ഇന്ത്യയുടെ നിരക്ക് 7.95 മുതൽ 8.95 വരെയായാണ് പുതുക്കിയത്.

നാണയപ്പെരുപ്പം ഗണ്യമായി ഉയർന്നതോടെ മുഖ്യ നിരക്കായ റിപ്പോ കഴിഞ്ഞ വർഷം മേയ് മാസത്തിനുശേഷം ആറു തവണയായി റിസർവ് ബാങ്ക് 2.5 ശതമാനം ഉയർത്തിയിരുന്നു. സാമ്പത്തിക മേഖലയ്ക്ക് ബാധ്യതയാകുമെന്ന വിലയിരുത്തൽ മൂലം കഴിഞ്ഞ ആറു മാസമായി റിസർവ് ബാങ്ക് റിപ്പോ നിരക്ക് മാറ്റം വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബാങ്കുകൾ സ്വമേധയാ പലിശ നിരക്ക് ഉയർത്തുന്നത്.

എം. സി. എൽ ആർ

വായ്പകൾ നൽകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് മാർജിനൽ കോസ്റ്റ് വായ്പാ നിരക്ക് അഥവാ എം. സി. എൽ. ആർ. അതാത് ബാങ്കുകൾ സ്വയം നിശ്ചയിക്കുന്ന എം. സി. എൽ. ആറിനേക്കാൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകരുതെന്നാണ് റിസർവ് ബാങ്ക് ചട്ടം.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com