കോൽക്കൊത്ത: ബംഗാൾ മാത്രം സമീപ ഭാവിയിൽ ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് മുകേഷ് ഡി. അംബാനി. ഏഴാമത് ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് മേധാവി.
ബംഗാളിന്‍റെ വളർച്ച ഇന്ത്യക്കാതെ ശുഭസൂചനയാണ്. 2030-ഓടെ 10 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറാനുള്ള കുതിപ്പിലാണ് ഇന്ത്യ. ഇത് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സമൃദ്ധമായ ബംഗാൾ വീണ്ടും തെക്ക്-കിഴക്കൻ, വിദൂര-കിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമായി മാറും. സിംഗപ്പൂർ, കൊറിയ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങൾ അവരുടെ വളർച്ചാ സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഏഷ്യൻ കടുവകളായി കണക്കാക്കപ്പെടുന്നു. എന്നാൽ ബംഗാൾ ഇപ്പോൾ വളരെ ചടുലവുമാണ്, നിർഭയരായ റോയൽ ബംഗാൾ കടുവ ഒരിക്കൽ എല്ലാ ഏഷ്യൻ കടുവകളെയും മറികടക്കുമെന്നും അംബാനി പറഞ്ഞു.
നിലവിൽ 45,000 കോടി രൂപയാണ് പശ്ചിമ ബംഗാളിൽ റിലയൻസ് നിക്ഷേപിച്ചിട്ടുള്ളത്. അടുത്ത മൂന്ന് വർഷങ്ങളിലായി 20,000 കോടി രൂപയുടെ നിക്ഷേപം കൂടി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.