
ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള സാമ്പത്തിക മേഖല കടുത്ത അനിശ്ചിതത്വത്തില്‍ നീങ്ങുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണി മികച്ച പ്രകടനം തുടരുന്നതിനാല്‍ ആഭ്യന്തര നിക്ഷേപകര്‍ക്ക് ആവേശമേറുന്നു.
ഓഹരി വ്യാപാരത്തില്‍ പങ്കാളികളാകുന്നതിന് ആവശ്യമായ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഏപ്രില്‍ മാസം മികച്ച വളര്‍ച്ചയാണ് ദൃശ്യമായതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കഴിഞ്ഞ മാസം 11.6 കോടിയായാണ് ഉയര്‍ന്നത്.
ലോകത്തിലെ പ്രമുഖ വിപണികള്‍ പലതും കഴിഞ്ഞ ആറു മാസമായി കനത്ത വില്‍പ്പന സമ്മർദം നേരിടുമ്പോഴും ഇന്ത്യന്‍ ഓഹരികള്‍ വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. രാജ്യത്തെ സാമ്പത്തിക മേഖല മികച്ച വളര്‍ച്ച തുടരുന്നതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഓഹരികളിലേക്ക് വന്‍ തോതില്‍ പണമൊഴുക്കുകയാണ്. ഇതോടെ ഏപ്രിലില്‍ മുഖ്യ ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും നാല് ശതമാനത്തിലധികം വർധനയാണ് നേടിയത്.
അമെരിക്കയിലും യൂറോപ്പിലും നാണയപ്പെരുപ്പ ഭീഷണി ഒഴിയാത്തതിനാല്‍ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് വീണ്ടും ഉയര്‍ത്തുന്നതിനാല്‍ അവിടെ സാമ്പത്തിക മേഖല അതിരൂക്ഷമായ മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ഇതിനാലാണ് വന്‍കിട ഹെഡ്ജ് ഫണ്ടുകളും മറ്റ് നിക്ഷേപ സ്ഥാപനങ്ങളും മികച്ച സാമ്പത്തിക വളര്‍ച്ച തുടരുന്ന ഇന്ത്യയിലെ കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത്.
ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന ആറു ശതമാനത്തിലും താഴെയെത്തിയതിനാല്‍ ഇന്ത്യയില്‍ പലിശ വർധന നടപടികള്‍ മരവിപ്പിക്കുമെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഗണ്യമായി കുറഞ്ഞതിനാല്‍ നാണയപ്പെരുപ്പ യുദ്ധത്തിന് റിസര്‍വ് ബാങ്ക് തത്കാലത്തേക്ക് തുനിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
വിലക്കയറ്റത്തിന് തടയിടാന്‍ പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ വീണ്ടും കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുയാണെന്നും വാര്‍ത്തകളുണ്ട്. അതിനാല്‍ സെപ്റ്റംബറിന് ശേഷം നടക്കുന്ന റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്കില്‍ കാല് ശതമാനം കുറവുണ്ടാവാനും സാധ്യതയുണ്ട്.
സാമ്പത്തിക മേഖല മികച്ച ഉണര്‍വിലേക്ക് തിരിച്ചെത്തിയാല്‍ അടുത്ത വര്‍ഷം ബോംബെ ഓഹരി സൂചിക ഒരു ലക്ഷം കടക്കുമെന്ന് കൊച്ചിയിലെ പ്രമുഖ ബ്രോക്കിങ് സ്ഥാപനത്തിലെ ചീഫ് അനലിസ്റ്റായ സനല്‍ എബ്രഹാം പറയുന്നു. ഈ അവസരം ഉപയോഗപ്പെടുത്താനായി ഓഹരി വിപണിയിലേക്ക് പുതിയ നിക്ഷേപകരുടെ ഒഴുക്കിന് തുടക്കമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമായ പ്രതിദിന വ്യാപാരം ഗണ്യമായി കുറയുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആക്റ്റീവ് യൂസേഴ്സിന്റെ എണ്ണത്തില്‍ തുടര്‍ച്ചയായ പത്താം മാസവും ഇടിവ് നേരിട്ടു. ദീര്‍ഘകാല നിക്ഷേപകരാണ് ഇപ്പോള്‍ വിപണിക്ക് കരുത്ത് പകരുന്നതെന്ന് സ്റ്റോക്ക് ബ്രോക്കര്‍മാര്‍ പറയുന്നു.