
പ്രീമിയം ഉപയോക്താക്കളെ ലക്ഷ്യമിട്ട് ടെസ്ല
Representative image
മുംബൈ: ടെസ്ല ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചതിനു ശേഷം ജൂലൈ പകുതിയോടെ ഓർഡർ ലഭിച്ചത് അറുനൂറോളം കാറുകൾക്കു മാത്രം. കമ്പനി പ്രതീക്ഷിച്ചതിനേക്കാൾ കുറവാണിതെന്നാണ് സൂചന. ഇലോൺ മസ്കിന്‍റെ ഇലക്‌ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്ല ഈ വർഷം 300 മുതൽ 500 വരെ കാറുകളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ആദ്യ ബാച്ച് ഷാങ്ഹായിൽ നിന്ന് സെപ്റ്റംബർ ആദ്യവാരത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ആദ്യ ഘട്ടത്തിൽ ഡെലിവെറികൾ മുംബൈ, ഡൽഹി, പുനെ, ഗുരുഗ്രാം എന്നിവിടങ്ങളിലേക്കു മാത്രമായിരിക്കും. കാറുകൾക്കു ലഭിക്കുന്ന മുഴുവൻ പേയ്മെന്‍റും കൂടാതെ കമ്പനിയുടെ സാന്നിധ്യത്തിൽ നഗരത്തിനു പുറത്ത് എത്തിക്കാനുള്ള ശേഷി കൂടി അനുസരിച്ചായിരിക്കും ഷിപ്പ്മെന്‍റ് എത്രത്തോളമെന്ന് നിശ്ചയിക്കുക. എന്നാൽ, ടെസ്ല ഈ വാർത്തയോട് ഔദ്യോഗികമായി പ്രതികരിക്കാൻ വിസമ്മതിച്ചെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ജൂലൈയിൽ ടെസ്ല 70,000 ഡോളർ (ഏകദേശം 61 ലക്ഷം രൂപ) വിലയുള്ള മോഡൽ വൈ കാർ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന ഇലക്‌ട്രിക് വാഹനങ്ങൾക്ക് ചുമത്തുന്ന അധിക കസ്റ്റംസ് തീരുവയാണ് ഇത്രയും ഉയർന്ന വിലയ്ക്ക് കാരണം.
ഇന്ത്യയിൽ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടെസ്ല ഏറെക്കാലമായി സർക്കാർ നയങ്ങളിൽ സ്വാധീനം ചെലുത്താനുള്ള ശ്രമത്തിലാണ്. എന്നാൽ, ഇറക്കുമതി ചെയ്യുന്നതിനു പകരം ഇന്ത്യയിൽ പ്ലാന്‍റ് സ്ഥാപിച്ച് കാർ ഇവിടെ നിർമിക്കാനാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. ഇതെത്തുടർന്ന് മുംബൈയിൽ ടെസ്ല രാജ്യത്തെ തങ്ങളുടെ ആദ്യത്തെ പ്ലാന്‍റ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ കാർ വിപണിയിൽ ഇവി വിഹിതം 4% മാത്രമായതിനാൽ പ്രീമിയം ഉപയോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്. ട്രാഫിക് നിയമ ലംഘനങ്ങൾ, ഇവി ചാർജ് സ്റ്റേഷനുകളുടെ കുറവ്, റോഡിലെ കന്നുകാലികൾ, കുഴികൾ തുടങ്ങിയവയെല്ലാം തന്നെ ടെസ്ല ഇന്ത്യയിൽ നേരിടുന്ന വെല്ലുവിളികളാണ്.