

മുൻ വർഷത്തെ പുതുക്കിയ കണക്കായ 978.20 കോടി രൂപയെക്കാൾ കൂടുതലാണ് ഇത്തവണ മന്ത്രിമാർക്ക് അനുവദിച്ചിരിക്കുന്നത്.
MV Graphics
കേന്ദ്ര മന്ത്രിമാരുടെ ശമ്പളം, ആനുകൂല്യങ്ങൾ, പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ പ്രവർത്തനം എന്നിവയ്ക്കായി ബജറ്റിൽ തുക വർധിപ്പിച്ചു. ആകെ 1,102 കോടി രൂപയാണ് ഈ മേഖലകളിലായി വകയിരുത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രിമാർക്കും മുൻ ഗവർണർമാർക്കുമുള്ള ആനുകൂല്യങ്ങളും വിദേശ പ്രതിനിധികൾക്കായി ഒരുക്കുന്ന വിരുന്നുകളുടെ ചെലവുകളും ഈ വിഹിതത്തിൽ ഉൾപ്പെടുന്നു.
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയുടെ ശമ്പളം, വിദേശ അതിഥികളുടെ സത്കാരം തുടങ്ങിയ ചെലവുകൾക്കായി 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ 1,102 കോടി രൂപ അനുവദിച്ചു. മുൻ വർഷത്തെ പുതുക്കിയ കണക്കായ 978.20 കോടി രൂപയെക്കാൾ കൂടുതലാണിത്.
മന്ത്രിസഭയുടെ മാത്രം ചെലവുകൾക്കായി 620 കോടി രൂപയാണ് ധനമന്ത്രി നിർമല സീതാരാമൻ വകയിരുത്തിയത്. ക്യാബിനറ്റ് മന്ത്രിമാർ, സഹമന്ത്രിമാർ, മുൻ പ്രധാനമന്ത്രിമാർ എന്നിവരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, യാത്രാ ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിവിഐപി (VVIP) വിമാന യാത്രകൾക്കായുള്ള പ്രത്യേക വിഹിതവും ഇതിന്‍റെ ഭാഗമാണ്.
പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ (PMO) ഭരണപരമായ ചെലവുകൾക്കായി 73.52 കോടി രൂപ അനുവദിച്ചു. ക്യാബിനറ്റ് സെക്രട്ടേറിയറ്റിന് 80 കോടി രൂപയും നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിന് 256.19 കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.
വിദേശ അതിഥികൾക്കായുള്ള സത്കാരങ്ങൾക്കും രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക വിരുന്നുകൾക്കുമായി 5.76 കോടി രൂപയാണ് മാറ്റിവെച്ചത്. കൂടാതെ, മുൻ ഗവർണർമാരുടെ സെക്രട്ടേറിയറ്റ് സഹായത്തിനായി 1.53 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.