അഞ്ചാം ദിവസവും മികച്ച മുന്നേറ്റം തുടർന്ന് രൂപയും ഓഹരിയും

വിദേശ നിക്ഷേപകരുടെ മടങ്ങിവരവും ഡോളറിന്‍റെ ദൗര്‍ബല്യവും ഇന്ത്യന്‍ വിപണിക്ക് ആവേശം പകര്‍ന്നു.
Rupee and stock market continue strong gains for fifth day

അഞ്ചാം ദിവസവും മികച്ച മുന്നേറ്റം തുടർന്ന് രൂപയും ഓഹരിയും

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ആഗോള വിപണിയിലെ അനുകൂല ചലനങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയും രൂപയും തുടര്‍ച്ചയായ അഞ്ചാം ദിവസവും മികച്ച മുന്നേറ്റം നടത്തി. വിദേശ നിക്ഷേപകരുടെ മടങ്ങിവരവും ഡോളറിന്‍റെ ദൗര്‍ബല്യവും ഇന്ത്യയുടെ വളര്‍ച്ച സാദ്ധ്യതകളിലെ പ്രതീക്ഷയും വിപണിക്ക് ആവേശം പകര്‍ന്നു.

വെള്ളിയാഴ്ച സെന്‍സെക്സ് 557 പോയിന്‍റ് നേട്ടവുമായി 76,905ല്‍ അവസാനിച്ചു. നിഫ്റ്റി 160 പോയിന്‍റ് ഉയര്‍ന്ന് 23,350ല്‍ എത്തി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് മുഖ്യ സൂചികകള്‍ നേട്ടത്തോടെ അവസാനിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യത്തില്‍ 4.91 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനയുണ്ടായി. മാന്ദ്യ ഭീഷണി നേരിടുന്നതിനായി കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്ക് രണ്ട് തവണ കുറയ്ക്കുമെന്ന് വ്യക്തമാക്കിയതാണ് ഐടി മേഖലകളിലെ ഓഹരികള്‍ക്ക് കരുത്ത് പകര്‍ന്നത്.

ഫെഡറല്‍ റിസര്‍വ് തീരുമാനം അമേരിക്കന്‍ ബോണ്ടുകളുടെയും ഡോളറിന്‍റെയും മൂല്യത്തില്‍ ഇടിവുണ്ടാക്കുന്നതിനാലാണു വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലേക്ക് വലിയ തോതില്‍ പണമൊഴുക്കുന്നത്. ബജാജ് ഫിനാന്‍സ്, കോട്ടക് മഹീന്ദ്ര ബാങ്ക്, നെസ്ലേ, എന്‍ടിപിസി, പവര്‍ ഗ്രിഡ്, അദാനി ഗ്രീന്‍ തുടങ്ങിയവയാണ് വെള്ളിയാഴ്ച മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.

വിദേശ നിക്ഷേപകര്‍ മടങ്ങിയെത്തിയതോടെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ ഗണ്യമായി മെച്ചപ്പെട്ടു. ഒരു മാസത്തിനിടെയിലെ ഏറ്റവും മികച്ച പ്രകടനമാണ് രൂപ വെള്ളിയാഴ്ച കാഴ്ചവച്ചത്. വെള്ളിയാഴ്ച രൂപ 39 പൈസയുടെ നേട്ടവുമായി 85.97ല്‍ അവസാനിച്ചു. നാല് ദിവസത്തിനിടെ രൂപയുടെ മൂല്യത്തില്‍ 160 പൈസയുടെ വര്‍ദ്ധനയാണുണ്ടായത്.

ഒക്ടോബര്‍ മുതല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിച്ചതോടെ ഓഹരി, നാണയ, കടപ്പത്ര വിപണികള്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടിരുന്നു. നടപ്പുവര്‍ഷം ഇതുവരെ വിദേശ ഫണ്ടുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1.25 ലക്ഷം രൂപയ്ക്കടുത്താണ് പിന്‍വലിച്ചത്. ഇതോടെ സെന്‍സെക്സ്, നിഫ്റ്റി എന്നിവ 20 ശതമാനത്തിനടുത്ത് നഷ്ടം നേരിട്ടിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി മികച്ച വാങ്ങല്‍ താത്പര്യവുമായി ഫണ്ടുകള്‍ രംഗത്തെത്തിയതോടെ നിഫ്റ്റിയും സെന്‍സെക്സും ശക്തമായി തിരിച്ചുകയറി. ഇതോടൊപ്പം രൂപയുടെ മൂല്യത്തിലും മികച്ച കുതിപ്പുണ്ടായി. മാര്‍ച്ച് 20ന് മാത്രം 3,239 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ വാങ്ങിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com