

കടലാമ
file image
കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കടലാമയ്ക്കാണ് കിടക്കപ്പൊറുതിയില്ലാത്തത്. ബജറ്റിൽ കടലാമയ്ക്കെന്താണ് കാര്യമെന്ന് ചോദിച്ചാൽ അതിവേഗ റെയിലും എയിംസും ഒക്കെ കാത്തിരുന്ന കേരളത്തിന് കിട്ടിയത് കടലാമ പരിപാലന പദ്ധതിയാണ്. പിന്നാലെ കേരളത്തോടുള്ള അവഗണന ട്രോളന്മാർ ഏറ്റെടുത്തു.
എന്താണ് കടലാമ പരിശീലന പദ്ധതിയെന്നറിയാത്തവർക്ക് കമന്‍റ് ബോക്സിൽ വിദഗ്ധർ ഉത്തരം നൽകുന്നതും കടലാമയുടെ ഭാഗ്യമെന്ന് നെടുവീർപ്പിടുന്നതും കാണാം. കേരളത്തിലെ ഓരോ കുടുംബത്തിനും ഓരോ കടലാമയെ വീതം പരിപാലിക്കാന്‍ നല്‍കുന്ന മികച്ച പദ്ധതിയാണ് ഇതെന്നാണ് കമന്‍റ് ബോക്സിൽ വിദഗ്ധർ വിശദീകരിക്കുന്നത്. കടലില്ലാത്തവർക്ക് ഒരു ബക്കറ്റ് കടൽവെള്ളം നൽകുമെന്നും ട്രോളൻമാർ പറയുന്നു.
അതിവേഗ റെയിൽ ഇല്ലെങ്കിലെന്താ നമുക്ക് കടലാമയുണ്ടല്ലോ എന്ന് മറ്റ് ചിലർ. മനുഷ്യരെ പരിഗണിച്ചില്ലെങ്കിലെന്താ, കടലാമയെ പരിഗണിച്ചല്ലോ എന്ന് കേന്ദ്രത്തിന് നന്ദി പറയുന്നു മറ്റു ചിലർ. മറ്റുള്ളവര്‍ക്ക് നല്ലതൊക്കെ കൊടുത്ത് ബാക്കിയുണ്ടായിരുന്ന കുറച്ച് കടലാമകളെ കേരളത്തിനെ തന്നുവെന്നും ആമയെപ്പോലെ പതുക്കെ വാ എന്ന് കേന്ദ്രം കേരളത്തോട് പറയാതെ പറയുന്നു എന്നും വിലയിരുത്തലുകളുണ്ട്.
സോഷ്യൽ മീഡിയയിലെ വിരുദന്മാർക്ക് പുറമേ എംപിമാരും കടലാമയെ കൂട്ടുപിടിച്ച് വിമർശനം ഉന്നയിക്കുന്നുണ്ട്. കേരളത്തിന് ആമയും തേങ്ങയുമാണ് കിട്ടിയതെന്ന് ജോണ്‍ ബ്രിട്ടാസും കേരളത്തിന്‍റെ വികസനം ആമയുടെ വേഗത്തിൽ മതിയെന്നാണ് കേന്ദ്ര ഉദ്ദേശമെന്ന് ഷാഫി പറമ്പിലും വിമർശിച്ചു.
എന്താണ് ശരിക്കും കടലാമ പരിശീലന കേന്ദ്രം...
ഇക്കോ- ടൂറിസത്തെ പരിപോഷിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ബജറ്റില്‍ കടലാമ പരിപാലന പദ്ധതിയും ഉള്‍പ്പെടുത്തിയത്. ഒഡിശ, കര്‍ണാടക, കേരള തീരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഇക്കോ ടൂറിസത്തിനായി 2500 കോടി രൂപ മാറ്റിവച്ചതില്‍ നിന്നാണ് ഈ പദ്ധതിയ്ക്കുള്ള തുകയും വിനിയോഗിക്കുക.
കടലാമകളെ കാണാനും നിരീക്ഷിക്കാനുമുള്ള സ്‌പോട്ടുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍ മുതലായവയാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുക. കടലാമകളെ ഒരു തരത്തിലും ശല്യപ്പെടുത്താതെ അവയെ ടൂറിസ്റ്റുകള്‍ക്ക് കാണാനും നിരീക്ഷിക്കാനുമാണ് പദ്ധതി.