വ്യവസായ മേഖലയിൽ വിദേശ നിക്ഷേപ പ്രളയം

കഴിഞ്ഞ മാസം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിൽ മുൻവർഷം ഇതേ കാലയളവിനേക്കാൾ 123 ശതമാനം വർദ്ധനയാണുണ്ടായതെന്ന് റിസർവ് ബാങ്കിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
വ്യവസായ മേഖലയിൽ വിദേശ നിക്ഷേപ പ്രളയം

കൊച്ചി: ലോകത്തിലെ പ്രമുഖ മാനുഫാക്ചറിങ് ഹബായി ഇന്ത്യ അതിവേഗം മാറുന്നതിന് മുന്നോടിയായി രാജ്യത്തെ വ്യവസായ മേഖലയിലേക്ക് വിദേശ നിക്ഷേപം ഗണ്യമായി ഒഴുകുന്നു. പോർട്ട് ഫോളിയോ നിക്ഷേപം മുതൽ ഏറ്റെടുക്കലുകളും ലയനങ്ങളും നേരിട്ടുള്ള നിക്ഷേപവുമായാണ് വൻതോതിൽ വിദേശ മൂലധനം ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ മാസം രാജ്യത്തേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിൽ മുൻവർഷം ഇതേ കാലയളവിനേക്കാൾ 123 ശതമാനം വർദ്ധനയാണുണ്ടായതെന്ന് റിസർവ് ബാങ്കിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.

ആഗസ്റ്റിൽ മൊത്തം 520 കോടി ഡോളറിന്‍റെ വിദേശ മൂലധന നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. ഇതിൽ ബഹു ഭൂരിപക്ഷവും അടിസ്ഥാന സൗകര്യ വികസന രംഗത്താണ് ലഭിച്ചത്. അദാനി ഗ്രൂപ്പിന്‍റെ അദാനി പവറിൽ ജിക്യുജി പാർട്ടണേഴ്സ് നടത്ത 180 കോടി ഡോളറിന്‍റെ നിക്ഷേപമാണ് ആഗസ്റ്റിലെ വിദേശ പണമൊഴുക്ക് കുത്തനെ കൂടാൻ ഇടയാക്കിയത്.

റീട്ടെയ്ൽ വ്യാപാരം, കൺസ്യൂമർ പ്രോഡക്റ്റ്സ് തുടങ്ങിയ മേഖലകളിലേക്കും വൻതോതിൽ വിദേശ നിക്ഷേപം ഒഴുകിയെത്തുകയാണ്. അതേസമയം സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താൻ വിദേശ വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടുകൾ കാര്യമായ ആവേശം പ്രകടിപ്പിക്കുന്നില്ല. മുൻനിര സ്റ്റാർട്ടപ്പുകളായ ബൈജൂസ്, നൈക്ക, സ്വീഗി, സൊമാറ്റോ തുടങ്ങിയവയൽ നിക്ഷേപം നടത്തിയ പല പ്രമുഖ ഫണ്ടുകൾക്കും കൈപൊള്ളിയതിനാലാണ് ഈ മേഖലയിലേക്ക് പണമൊഴുക്ക് മന്ദഗതിയിലാവാൻ കാരണമെന്ന് അനലിസ്റ്റുകൾ പറയുന്നു.

ചൈനയ്ക്ക് ബദലായ വ്യവസായ ഉത്പാദന കേന്ദ്രമായി ഇന്ത്യ വളരുന്ന സൂചനയാണിതെന്നും അവർ കൂട്ടിച്ചേർക്കുന്നു.

ഇലക്‌ട്രോണിക്സ് ആൻഡ് ഡിജിറ്റൽ ഉത്പന്നങ്ങൾ, സെമി കണ്ടക്റ്റർ ചിപ്പുകൾ, ഹരിത ഇന്ധനം, ഓട്ടോ മൊബീൽ, റീട്ടെയ്ൽ തുടങ്ങിയ മേഖലകളിലേക്ക് മുമ്പൊരിക്കലുമില്ലാത്ത വിധത്തിലാണ് വിദേശ നിക്ഷേപം ലഭിക്കുന്നത്. രാജ്യത്തെ സാമ്പത്തിക മേഖല മികച്ച വളർച്ച നേടുന്നതും ആഭ്യന്തര ഉപഭോഗത്തിലെ വൻ മുന്നേറ്റവും രാജ്യാന്തര രംഗത്തെ മുൻ നിര കോർപ്പറേറ്റ് സ്ഥാപനങ്ങൾ മുതൽ ഇടത്തരം വ്യവസായികളെ വരെ ഇന്ത്യയിൽ നിക്ഷേപത്തിന് പ്രേരിപ്പിക്കുകയാണെന്ന് വ്യവസായ രംഗത്തുള്ളവർ പറയുന്നു. കഴിഞ്ഞ രണ്ടു വർഷമായി രാജ്യത്തെ ധന വിപണിയിലേക്ക് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വൻ പണമൊഴുക്കാണ് നടത്തിയിരുന്നത്. ഇതിനു പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും വൻ വർധന ദൃശ്യമാകുന്നത്.

സിംഗപ്പൂർ, അമെരിക്ക, യൂറോപ്യൻ യൂണിയൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് വലിയ തോതിൽ ഇന്ത്യൻ വ്യവസായ മേഖലയിലേക്ക് മൂലധന നിക്ഷേപം എത്തുന്നത്. സിംഗപ്പൂരിൽ നിന്ന് മാത്രം 1900 കോടി ഡോളറിന്‍റെ നിക്ഷേപമാണ് കഴിഞ്ഞ മാസങ്ങളിൽ ലഭിച്ചത്. മൗറീഷ്യസിൽ നിന്നും 620 കോടി ഡോളറും അമേരിക്കയിൽ നിന്നും 600 കോടി ഡോളറും വ്യവസായ നിക്ഷേപം ലഭിച്ചു. തുറമുഖങ്ങൾ, റോഡുകൾ, റെയിൽ പ്രോജക്ടുകൾ, ഗ്രീൻഫീൽഡ് എയർപോർട്ടുകൾ എന്നിവയിലും നിക്ഷേപിക്കാൻ വിദേശ കമ്പനികൾ മികച്ച താത്പര്യം പ്രകടിപ്പിക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതീക്ഷിച്ചതിലും വേഗത്തിൽ രാജ്യത്തെ സാമ്പത്തിക മേഖല അഞ്ച് ലക്ഷം കോടി ഡോളർ മൂല്യം നേടുമെന്ന വിലയിരുത്തലാണ് ആഗോള രംഗത്ത് ഇന്ത്യയുടെ സാധ്യതകൾ ഉയർത്തുന്നത്.

Trending

No stories found.

Latest News

No stories found.