
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്നതിന് സമഗ്രമായ മാറ്റത്തിനൊരുങ്ങുകയാണ് സർക്കാർ. ഇതിനായി 1996-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
കൊച്ചിയില്‍ നിക്ഷേപകസംഗമം നടക്കുന്ന പശ്ചാത്തലത്തിലാണ് വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംരംഭങ്ങളെ രണ്ടായി തരംതിരിച്ചാണ് ഭേദഗതി. കാറ്റഗറി ഒന്ന് സംരംഭങ്ങൾ എന്നും കാറ്റഗറി രണ്ട് സംരംഭങ്ങൾ എന്നും തിരിക്കും. ഉത്പാദന യൂണിറ്റുകൾ ആദ്യ കാറ്റഗറിയിൽ വരും. അവയിൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ വൈറ്റ്, ഗ്രീൻ എന്നിവയിലുള്ള യൂണിറ്റുകൾക്ക് പഞ്ചായത്തിന്‍റെ ലൈസൻസിന് പകരം ഇനി രജിസ്ട്രേഷൻ മാത്രം മതി. ലൈസൻസ് സംബന്ധിച്ച തദ്ദേശ സ്ഥാപന ഭരണ സമിതിയുടെ അനുമതി വേണ്ട. എന്നാൽ, കാറ്റഗറി ഒന്ന് വിഭാഗത്തിൽപ്പെടുന്ന റെഡ്, ഓറഞ്ച് എന്നീ വിഭാഗത്തിൽപ്പെട്ട യൂണിറ്റുകൾക്ക് ഗ്രാമപഞ്ചായത്തിന്‍റെ അനുവാദം (ലൈസൻസ്) ആവശ്യമുണ്ട്.
കാറ്റഗറി രണ്ട് സംരംഭങ്ങൾ എന്നു പറയുന്നത് വ്യാപാരം, വാണിജ്യം, സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന യൂണിറ്റുകളെ ആണ്. അവയ്ക്ക് എല്ലാത്തിനും സെക്രട്ടറിയുടെ ലൈസൻസ് ആവശ്യമാണ്. കൂടാതെ, നിലവില്‍ വീടുകളിൽ പ്രവർത്തിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥയില്ല.
ചെറുകിട സംരംഭങ്ങൾക്ക് ലൈസൻസില്ലാതെ പ്രവർത്തിക്കാൻ അനുവാദമുണ്ട്. ഇത് സംരംഭങ്ങൾക്ക് ബാങ്ക് ലോൺ, ജിഎസ്ടി രജിസ്ട്രേഷൻ കിട്ടാനുൾപ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികളെത്തിയതിനാൽ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ വൈറ്റ്, ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന സംരംഭങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമുള്ള വീടുകളിലുള്‍പ്പെടെ ലൈസന്‍സ് നല്‍കാന്‍ വ്യവസ്ഥ കൊണ്ടുവരും. ആളുകള്‍ താമസിക്കുന്ന വീടുകളിലും 50 ശതമാനം വരെ ഭാഗം ഇത്തരം സംരംഭക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം.
ഒരു സംരംഭത്തിന് ഒരിക്കല്‍ വാങ്ങിയ അനുമതി സംരംഭകന്‍ മാറുമ്പോള്‍ സംരംഭകത്വത്തില്‍ മാറ്റമില്ലെങ്കില്‍ ആ അനുമതി കൈമാറാമെന്നും വ്യവസ്ഥ ചെയ്യും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുന്ന വിവരം സർക്കാർ പ്രഖ്യാപിച്ചതാണെന്നും അതിനുവേണ്ടിയുള്ള പ്രവർത്തനം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. കെട്ടിട നിർമാണച്ചട്ടങ്ങളിൽ സമഗ്രമായ ഭേദഗതി നിർദേശിക്കുന്നതിന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേക്ക് ഹോൾഡേഴ്സിനെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രിൻസിപ്പൽ ഡയറക്ടറുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുന്നതടക്കം പ്രിൻസിപ്പൽ ഡയറക്ടർ സമർപ്പിച്ച കരട് ചട്ടങ്ങൾ സർക്കാരിന്‍റെ പരിഗണനയിലാണെന്നും ഇത് വിശദമായ പരിശോധനയ്ക്ക് ശേഷം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
ലൈസൻസ് പുതുക്കാനും എളുപ്പം
സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്‍റെ അടിസ്ഥാനത്തിൽ ഫാസ്റ്റ് ട്രാക്ക് ആയി ലൈസൻസ് പുതുക്കൽ സാധ്യമാക്കും. നിലവിലുള്ള ഒരു ലൈസന്‍സ് പുതുക്കുന്നതിന് അന്നുതന്നെ സാധിക്കും.ലൈസൻസ്-അനുമതി അപേക്ഷകളിൽ യഥാസമയം നടപടി സ്വീകരിച്ചില്ലെങ്കിൽ ഡീംഡ് ലൈസന്‍സ് സംവിധാനം പ്രായോഗികമായും സൗകര്യപ്രദമായും ഏര്‍പ്പെടുത്തും.
ലൈസന്‍സ് ഫീസ് പൂര്‍ണമായും മൂലധനനിക്ഷേപത്തിന്‍റെ അടിസ്ഥാനത്തിലാക്കും. കുറഞ്ഞ മൂലധന നിക്ഷേപം ഉള്ള സംരംഭകരെ സഹായിക്കുന്നതിനായി കുറഞ്ഞ തുകയ്ക്ക് പ്രത്യേകം സ്ലാബ് നിശ്ചയിക്കും. മൂലധന നിക്ഷേപം കണക്കാക്കുന്നതിൽ നിന്നും ഭൂമിയുടെയും കെട്ടിടത്തിന്‍റെയും വില ഒഴിവാക്കുന്നത് പരിഗണിക്കും.
സ്ഥാപനങ്ങൾക്കെതിരെ വരുന്ന പരാതികളിൽ ബന്ധപ്പെട്ട വിദഗ്ധ സ്ഥാപനങ്ങളുടെ ഉപദേശം തേടി സമയബന്ധിതമായി തീർപ്പു കൽപ്പിക്കാൻ സംവിധാനം ഏർപ്പെടുത്തും. പഞ്ചായത്തുകളുടെയോ സെക്രട്ടറിമാരുടെയോ ചുമതലകളില്‍പെട്ട വിഷയങ്ങള്‍ക്ക് മാത്രമേ പരിശോധന നടത്താന്‍ പാടുള്ളൂ.
സാമ്പത്തിക വർഷം ലൈസൻസിന്‍റെ കാലാവധി അവസാനിക്കുമെന്ന വ്യവസ്ഥ ഒഴിവാക്കി. ഒരു വർഷത്തെ ലൈസൻസ് കാലാവധി ലൈസൻസ് തീയതി മുതൽ ഒരു വർഷം തന്നെ ആക്കി നിശ്ചയിച്ചു. നൽകുന്ന ലൈസൻസിൽ ലൈസെൻസിയുടെ ഉത്തരവാദിത്തങ്ങൾ കൃത്യമായി ഉൾപ്പെടുത്തുമന്നും ഭേദഗതിയിയിലുണ്ട്.