കൊച്ചി: രാജ്യാന്തര വിപണിയില്‍ ലോഹങ്ങളുടെ വില വീണ്ടും കുതിച്ചുയര്‍ന്നതോടെ ഇന്ത്യയില്‍ വീണ്ടും നാണയപ്പെരുപ്പം ഉയരാന്‍ സാധ്യതയേറുന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ കനത്ത ഇടിവിനെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ചില്ലറ, മൊത്ത വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞിരുന്നു.
എന്നാല്‍ രാജ്യാന്തര വിപണിയിലെ പ്രതികൂല സാഹചര്യങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് വന്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയേറെയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ഭക്ഷ്യ ഉത്പന്ന വിപണി സുരക്ഷിത സാഹചര്യത്തിലാണെങ്കിലും രാജ്യാന്തര മേഖലയില്‍ ക്രൂഡ് ഓയില്‍, ഇരുമ്പയിര്, അലുമിനിയം, ചെമ്പ് തുടങ്ങിയ ലോഹങ്ങളുടെ വില കുത്തനെ കൂടുന്നതാണ് ഉത്പാദന മേഖലയ്ക്ക് പുതിയ ഭീഷണി സൃഷ്ടിക്കുന്നത്.
കൊവിഡ് രോഗവ്യാപനത്തിന്റെ രൂക്ഷതയില്‍ നിന്നും ചൈന പൂര്‍ണമായും പുറത്തുവന്നതോടെ രാജ്യാന്തര വിപണിയില്‍ വിവിധ മെറ്റലുകളുടെ വില തുടര്‍ച്ചയായി മുകളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ടണ്ണിന് 80 ഡോളര്‍ വിലയുണ്ടായിരുന്ന ഇരുമ്പയിരിന്റെ വില ഇപ്പോള്‍ ടണ്ണിന് 120 ഡോളറായാണ് ഉയര്‍ന്നത്. ഇതോടൊപ്പം അസംസ്കൃത എണ്ണയുടെ വിലയും ബാരലിന് 85 ഡോളറിന് മുകളിലെത്തി. ചെമ്പ്, അലുമുനിയം, ബോക്സൈറ്റ് തുടങ്ങിയ ലോഹങ്ങളുടെയും വില തുടര്‍ച്ചയായി മുകളിലേക്ക് നീങ്ങുകയാണ്. ഇതോടെ എഫ്എംസിജി ഉത്പന്നങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും കാറുകളുടെയും വില വീണ്ടും കൂടാന്‍ സാധ്യതയേറുകയാണ്.
അസംസ്കൃത സാധനങ്ങളുടെ വിലയിലുണ്ടാകുന്ന അസാധാരണമായ വിലക്കയറ്റം വിപണിക്ക് വന്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയേറെയാണെന്ന് കൊച്ചിയിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായ ബിജു നാരായണന് പറയുന്നു. പരമ്പരാഗതമായ ധന നിയന്ത്രണ നടപടികള്‍ ഉപയോഗിച്ച് ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ കഴിയില്ല. ആഗോളവത്കരണ കാലയളവില്‍ തുറന്നിട്ട വളര്‍ച്ചാ സാധ്യതകള്‍ ഉപയോഗിക്കുന്നതിനിടയില്‍ പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാനുള്ള പുതിയ റിസ്ക് മാനെജ്മെന്റ് തന്ത്രങ്ങള്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ആലോചിക്കണമെന്ന് ബിജു കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ വിലക്കയറ്റം പൊതുവേ ചിന്തിക്കുന്നതു പോലെ വിപണിയിലെ അധിക ധനലഭ്യത മൂലമല്ല. അതിനാല്‍ വായ്പകളുടെ പലിശ തുടര്‍ച്ചയായി വർധിപ്പിച്ചാല്‍ പ്രതിസന്ധി ഒഴിവാകില്ല.
അതേസമയം ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ട നിയന്ത്രിത തോതിലെത്തിയെങ്കിലും മുഖ്യ പലിശ നിരക്കില്‍ കുറവു വരുത്താനുള്ള സാധ്യത കുറവാണെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വളര്‍ച്ചയ്ക്ക് പ്രാമുഖ്യം നല്കുന്ന ഏതൊരു തീരുമാനവും സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് അവരുടെ വിലയിരുത്തല്‍.