9,800 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാമെന്ന് ബൈജൂസ്

വായ്പാത്തിരിച്ചടവ് സംബന്ധിച്ച് ഒരുവര്‍ഷത്തോളമായി വായ്പാദാതാക്കളുമായി നിയമപോരാട്ടം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത വാഗ്ദാനം
ബൈജു രവീന്ദ്രൻ
ബൈജു രവീന്ദ്രൻ

കൊച്ചി: ആറുമാസത്തെ സാവകാശം അനുവദിച്ചാല്‍ 120 കോടി ഡോളറിന്‍റെ (ഏകദേശം 9,800 കോടി രൂപ) കടം തിരിച്ചടയ്ക്കാമെന്ന് പ്രഖ്യാപിച്ച് എഡ്ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ്. വായ്പാത്തിരിച്ചടവ് സംബന്ധിച്ച് ഒരുവര്‍ഷത്തോളമായി വായ്പാദാതാക്കളുമായി നിയമപോരാട്ടം നടക്കുന്നതിനിടെയാണ് ബൈജൂസിന്‍റെ അപ്രതീക്ഷിത തിരിച്ചടവ് പ്രൊപ്പോസൽ.

30 കോടി ഡോളര്‍ (2,450 കോടി രൂപ) ആദ്യ മൂന്ന് മാസത്തിനകവും ബാക്കി തുക ശേഷിക്കുന്ന മൂന്നു മാസം കൊണ്ടും വീട്ടാമെന്നാണ് പ്രൊപ്പോസല്‍. ബൈജൂസിന്‍റെ വാഗ്ദാനം വായ്പാദാതാക്കള്‍ പരിശോധിക്കും. തിരിച്ചടവിനുള്ള ഫണ്ട് ബൈജൂസ് എങ്ങനെ സമാഹരിക്കുമെന്നതിനെ കുറിച്ചും പരിശോധിക്കുമെന്നാണ് പുറത്തുവരുന്ന് റിപ്പോർട്ട്. വായ്പാദാതാക്കളുമായി ഇതിന് മുമ്പും നിരവധി തവണ തിരിച്ചടവ് സംബന്ധിച്ച് ബൈജൂസ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. വായ്പയുടെ പലിശ തിരിച്ചടവും ഇതിനിടെ ബൈജൂസ് മുടക്കിയിരുന്നു.

വിറ്റത് 3,000 കോടിയുടെ ബൈജൂസ് ഓഹരികള്‍

രാജ്യത്തെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബൈജൂസിന്‍റെ പ്രമോട്ടര്‍മാര്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വിറ്റത് ഏകദേശം 40.8 കോടി ഡോളറിന്‍റെ (3,000 കോടിയോളം രൂപ) ഓഹരികള്‍.

പ്രമോട്ടര്‍മാരായ ബൈജു രവീന്ദ്രന്‍, ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് 2015 മുതല്‍ വിറ്റഴിച്ചതാണ് ഇത്. 40 സെക്കൻഡറി ഇടപാടുകള്‍ വഴിയാണ് വില്‍പ്പന നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രമോട്ടര്‍മാരുടെ ഓഹരി വിഹിതം 2016 സാമ്പത്തിക വര്‍ഷത്തിലെ 71.6 ശതമാനത്തില്‍ നിന്ന് 21.2 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ്. നിലവില്‍ പ്രമോട്ടര്‍മാര്‍ക്ക് 21.2% ഓഹരി പങ്കാളിത്തമാണുള്ളത്. ഭൂരിഭാഗം ഓഹരികളും(15.9%) ബൈജു രവീന്ദ്രന്‍റ കൈവശമാണ്. ദിവ്യ ഗോകുല്‍നാഥിന് 3.32 ശതമാനവും റജു രവീന്ദ്രന് 1.99 ശതമാനവും ഓഹരി വിഹിതമുണ്ട്.

അതേസമയം, വില്‍പ്പന വഴി ലഭിച്ച പണം കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചതായി ബൈജു രവീന്ദ്രന്‍ അടുത്തിടെ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ കമ്പനിയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ നിക്ഷേപം വിനിയോഗിക്കുമെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളും പറയുന്നു.

സ്വകാര്യ മാര്‍ക്കറ്റ് ഇന്‍റലിജന്‍സ് സ്ഥാപനമായ പ്രൈവറ്റ് സര്‍ക്കിള്‍ റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ബൈജു രവീന്ദ്രന്‍ 32.8 ലക്ഷം ഡോളറിന്‍റെ 29,306 ഓഹരികളാണ് വിറ്റത്. ബൈജൂസിന്‍റെ സഹസ്ഥാപകയും ബൈജു രവീന്ദ്രന്‍റെ ഭാര്യയുമായ ദിവ്യ ഗോകുല്‍നാഥ് ഇക്കാലയളവില്‍ 2.9 കോടി ഡോളര്‍ മൂല്യമുള്ള 64,565 ഓഹരികളും വിറ്റഴിച്ചു. ബൈജൂസിന്‍റെ ബോര്‍ഡ് അംഗവും ബൈജുവിന്‍റെ സഹോദരനുമായ റിജു രവീന്ദ്രന്‍ ഇക്കാലയളവില്‍ വിറ്റഴിച്ചത് 37.5 കോടി ഡോളര്‍ മൂല്യമുള്ള 3,37,911 ഓഹരികളാണ്.

കമ്പനിയുടെ മൂല്യത്തേക്കാള്‍ കുറഞ്ഞ മൂല്യം കണക്കാക്കിയാണ് സെക്കൻഡറി ഇടപാടുകള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 1,64,000 ഓഹരികള്‍ 1,12,126 രൂപ നിരക്കിലാണ് വിറ്റഴിച്ചിരിക്കുന്നത്. എന്നാല്‍ പ്രൈമറി വിപണിയില്‍ 2,13,042-2,37,336 രൂപ നിലവാരത്തിലായിരുന്നു വിറ്റഴിച്ചിരുന്നത്. 53 ശതമാനത്തോളം ഡിസ്കൗണ്ടിലാണ് വില്‍പ്പന.

സില്‍വര്‍ ലേക്ക് പാര്‍ട്ണേഴ്സ്, ബ്ലാക്ക് റോക്ക്, ടി റോ പ്രൈസ്, ചാന്‍ സക്കര്‍ബര്‍ഗ്, ഓള്‍ വെഞ്ച്വേഴ്സ്, നാസ്പേഴ്സ്, ടൈംസ് ഇന്‍റര്‍നെറ്റ്, ലൈറ്റ് സ്പീഡ് വെഞ്ച്വേഴ്സ്, പ്രോക്സിമ ബീറ്റ, ജനറല്‍ അറ്റ്ലാന്‍റിക്, ആല്‍കിയോണ്‍ തുടങ്ങി നിരവധി നിക്ഷേപകര്‍ ബൈജൂസിന്‍റെ സെക്കൻഡറി വില്‍പ്പനയില്‍ പങ്കാളികളായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com