
കൊച്ചി: സംസ്ഥാനത്തെ കേബിൾ ടിവി നിരക്കുകൾ വർധിക്കും. പുതുക്കിയ താരിഫ് ഓർഡർ പ്രകാരം പേ ചാനലുകൾ 35% വർധനവു വരുത്തിയ സാഹചര്യത്തിൽ നിരക്കുകൾ ഉയർത്താതെ കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് നിലനിൽക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കേരള കേബിൾ ടിവി ഫെഡറേഷൻ ഭാരവാഹികൾ അറിയച്ചു.
ബ്രോഡ്കാസ്റ്റർമാരുമായി നടത്തുന്ന ചർച്ചകൾ വിജയം കണ്ടില്ലെങ്കിൽ 20- 30 % വരെ വരിസംഖ്യയിൽ വർധനവുണ്ടാകുമെന്നു ഫെഡറേഷൻ വ്യക്തമാക്കി. നിരക്കു വർധന 300 രൂപയ്ക്കപ്പുറം പോകില്ലെന്ന ഉറപ്പും ഫെഡറേഷൻ നൽകുന്നു.
ജനപ്രിയ പേ ചാനലുകളുടെ നിരക്കാണ് ബ്രോഡ്കാസ്റ്റർമാർ കുത്തനെ ഉയർത്തിയത്. 35% വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സ്റ്റാർ മലയാളം ബൊക്കെ 39 രൂപയിൽ നിന്ന് 54 രൂപയായും, സി കേരളം ചാനൽ 10 പൈസയിൽ നിന്നു 10 രൂപയായും, ഡിസ്കവറി 8 രൂപയിൽ നിന്നു 13 രൂപയായും നിരക്കു വർധിപ്പിച്ചു. ഏഷ്യാനെറ്റ് മൂവീസ് അടക്കം കേരളത്തിലെ ജനപ്രിയ മലയാളം പേ ചാനലുകൾ ഉൾപ്പെട്ട ബൊക്കെകൾക്ക് നിരക്കു വർധിച്ചതോടെ വരിസംഖ്യ വർധന അനിവാര്യമായതായി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. സുനിൽകുമാറും സെക്രട്ടറി സി.വി. ഹംസയും പറഞ്ഞു.
ബ്രോഡ്കാസ്റ്റർമാർ ഒടിടി പ്ലാറ്റ്ഫോമുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു കേബിൾ ടിവികൾക്കും ഡിറ്റിഎച്ചുകൾക്കും പ്രതികൂലമാകുന്ന തരത്തിൽ പേ ചാനലുകൾക്ക് നിരക്കു വർധിപ്പിച്ചതെന്ന് ഓപ്പറേറ്റർമാർ ആരോപിക്കുന്നു. കഴിഞ്ഞ 5 കൊല്ലമായി കേരളത്തിൽ കേബിൾ ടിവി നിരക്കുകളിൽ കാര്യമായ വർധയുണ്ടായിട്ടില്ല. അടുത്തകാലത്തു കേബിൾ വലിക്കുന്ന വൈദ്യുത പോസ്റ്റുകൾക്കുള്ള വാടക കെഎസ്ഇബി ഉയർത്തിയതും കേബിൾ ടിവി ഓപ്പറേറ്റർമാരെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിൽ നിലവിൽ 240-250 രൂപ വരിസംഖ്യ ഈടാക്കുന്ന സ്ഥാനത്ത് 300 രൂപ വരെ നിരക്ക് ഉയരുമെന്ന സൂചനയാണ് ഓപ്പറേറ്റർമാർ നൽകുന്നത്.