വ്യാപാരികൾ പേടിഎം ഒഴിവാക്കണം: സിഎഐടി

പേടിഎമ്മിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ വെളിച്ചത്തിൽ വ്യാപാരികൾ മറ്റു പേയ്മെന്‍റ് ആപ്പുകളിലേക്ക് മാറണം
RBI imposes restrictions on Paytm
RBI imposes restrictions on Paytm

മുംബൈ: സമീപകാലത്തായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎമ്മിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ PayTM ഉപയോക്താക്കളായ വ്യാപാരികൾ മറ്റു പേയ്‌മെന്‍റ് ഓപ്ഷനുകളിലേക്ക് ഉടനടി മാറാൻ നടപടികൾ സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) ദേശീയ പ്രസിഡന്‍റ് ബി.സി. ഭാർട്ടിയ, സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ, സെക്രട്ടറി എസ്.എസ്. മനോജ്, പ്രവർത്തകസമിതി അംഗം പി. വെങ്കിട്ടരാമ അയ്യർ എന്നിവർ അഭ്യർഥിച്ചു.

രാജ്യത്തെ നല്ലൊരു ശതമാനം വ്യാപാരികളും ഉപഭോക്താക്കളും പേടിഎം ആപ്പ് വഴി സാമ്പത്തിക ഇടപാടുകൾ നടത്തിവരുന്നു. എന്നാൽ ആർബിഐ നിയന്ത്രണങ്ങൾ മൂലം ഈ ആപ്പ് വഴിയുള്ള സാമ്പത്തിക ഇടപാടുകൾക്ക് നിരന്തരം തടസം നേരിടുന്നുണ്ട്. സാമ്പത്തിക സുരക്ഷിതത്വത്തിൽ ആശങ്ക ഉള്ളതുകൊണ്ടും ക്രയവിക്രയങ്ങളെ ഇത് സാരമായി ബാധിക്കും എന്നതുകൊണ്ടും വ്യാപാരികൾ മറ്റു മാർഗങ്ങൾ തേടണമെന്നും സിഎഐടി നേതാക്കൾ ആവശ്യപ്പെട്ടു.

കെവൈസി പ്രക്രിയ പൂർത്തീകരിക്കാത്ത ലക്ഷക്കണക്കിന് അക്കൗണ്ടുകളിലായി പേടിഎം വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടത്തിവരുന്നതെന്ന് റിസർവ് ബാങ്കിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയതാണ് പേടിഎമ്മിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം. വ്യക്തമായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത അക്കൗണ്ടുകൾ വഴി വ്യാപകമായ കള്ളപ്പണം വെളുപ്പിക്കൽ സാധ്യതകളും കണ്ടെത്തിയിട്ടുണ്ട്.

ആയിരക്കണക്കിന് പേടിഎം ബാങ്ക് അക്കൗണ്ടുകൾ ഒരു പാൻ കാർഡ് നമ്പർ ഉപയോഗിച്ചുകൊണ്ട് നടത്തുന്നതും ആർബിഐയുടെ ശ്രദ്ധയിൽപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അന്വേഷണം ഉണ്ടാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടതായി സിഎഐടി സെക്രട്ടറി എസ്.എസ്. മനോജ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.